
ആലപ്പുഴ: കേരള തീരത്ത് അടുത്തടുത്തുണ്ടായ രണ്ട് കപ്പൽ അപകടങ്ങളുടെ ദുരിതം പേറി ജീവിക്കുകയാണ് മത്സ്യത്തൊഴിലാളികൾ. കടലിൽ വെള്ളത്തിനടിയിൽ കിടക്കുന്ന കണ്ടെയ്‌നറുകളിൽ തട്ടി വലയും മത്സ്യബന്ധന ഉപകരണങ്ങളും നഷ്ടമാകുന്നത് നിത്യസംഭവമാവുകയാണ്. തൃക്കുന്നപ്പുഴ സ്വദേശികളായ രണ്ട് പേർക്കുമായി 18 ലക്ഷം രൂപയുടെ നഷ്ടമാണ് ഈ കണ്ടെയ്‌നറുകൾ മൂലം ഉണ്ടായത്.
തൃക്കുന്നപ്പുഴ കോട്ടേമുറിയിൽ റെജിയുടെ ഉടമസ്ഥതയിലുള്ള പമ്പാവാസൻ വള്ളത്തിൽ മത്സ്യബന്ധനത്തിനിടെയാണ് ദുരിതം. 1000 കിലോ ഭാരമുള്ള വലയും 600 കിലോയുടെ ഈയക്കട്ടിയും റോപ്പും കണ്ടെയ്‌നറുകളിൽ തട്ടി നഷ്ടപ്പെട്ടു. ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
തൃക്കുന്നപ്പുഴ പള്ളിപ്പാട്ടു മുറിയിൽ രാജുവിനും സമാനമായ ദുരിതമുണ്ടായി. ഇദ്ദേഹത്തിൻ്റെ ഉടമസ്ഥതയിലുള്ള പാൽക്കാവടി വള്ളത്തിലെ 800 കിലോ ഭാരമുള്ള വലയും 150 കിലോ ഈയക്കട്ടിയും റോപ്പുമാണ് കണ്ടെയ്‌നറുകളിൽ തട്ടി നഷ്ടപ്പെട്ടത്. ഏകദേശം 8 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. കടലിൽ നിന്ന് വലിച്ചെടുത്ത കീറിയ വല ഭാഗത്തിനൊപ്പം ഇതിൽ കുടുങ്ങിയ കണ്ടെയ്നറിന്റെ ഭാഗങ്ങളും മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചു.
കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ 20ലേറെ വള്ളങ്ങളുടെ വലയും മറ്റ് സാമഗ്രികളും ഈ തരത്തിൽ നഷ്ടപ്പെട്ടിട്ടുണ്ട്. കായംകുളം ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിനു പോയ ബോട്ടുകളിലെ മത്സ്യത്തൊഴിലാളികൾക്ക് കണ്ടെയ്‌നറുകളുടെ വലിയ ഭാഗങ്ങൾ ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. കപ്പലപകടത്തിന് ശേഷം കടലിൽ താഴ്ന്നു കിടക്കുന്ന കണ്ടെയ്നറുകൾ മത്സ്യബന്ധനത്തിന് ഗുരുതര ഭീഷണിയാണ് ഉയർത്തുന്നത്. എന്നാൽ ഈ പ്രശ്നം പരിഹരിക്കാനുള്ള നടപടികളൊന്നും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ല.