
കൊച്ചി: തലമുറകളുടെ ഗുരുനാഥന് യാത്രമൊഴി ചൊല്ലി മലയാളം. ഇന്നലെ അന്തരിച്ച എഴുത്തുകാരും അധ്യാപകനും സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകനുമായ എം കെ സാനുവിന്‍റെ സംസ്കാരം എറണാകുളം രവിപുരം ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖർ പ്രിയ ഗുരുനാഥന് വിട നൽകാനെത്തി.
സാനു മാഷിന്‍റെ അതിഗംഭീരമായ ഒത്തിരി ഒത്തിരി പ്രഭാഷണങ്ങള്‍ക്ക് വേദിയായ എറണാകുളം ടൗണ്‍ ഹാളിലേക്ക് ഒരിക്കല്‍ കൂടി ഇന്ന് ആളൊഴുകിയെത്തി. പ്രിയപ്പെട്ട മാഷിന് യാത്രമൊഴിയേകാന്‍ മാഷിന്‍റെ കൂട്ടുകാരും സഹപ്രവര്‍ത്തകരും ശിഷ്യന്‍മാരുമടക്കം പല മേഖലളില്‍ നിന്നുള്ള ഒത്തിരി ഒത്തിരിപേർ അന്തിമോപചാരം അര്‍പ്പിക്കാനെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, മുന്‍ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള, മന്ത്രിമാര്‍ തുടങ്ങി പ്രമുഖരുടെ വലിയ നിര ടൗണ്‍ഹാളിലെത്തി അന്ത്യാഞ്ജലിയര്‍പ്പിച്ചു.
വൈകിട്ട് നാല് മണി വരെ നീണ്ട പൊതുദര്‍ശനം പൂര്‍ത്തിയാക്കി മൃതശരീരം രവിപുരം ശ്മശാനത്തിലേക്ക് കൊണ്ടുപോയി. അവിടെ സംസ്ഥാന സര്‍ക്കാരിന്‍റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. രാഷ്ട്രീയ നേതാക്കന്മാരും മന്ത്രിമാരുമടക്കം സാനു മാഷിനെ ചിതയിൽ വരെ അനുഗമിച്ചു. മക്കളായ രഞ്ജിത്തും ഹാരിസും ചിതയ്ക്ക് തീകൊളുത്തി. തലമുറകളുടെ മനസില്‍ അറിവിന്‍റെ അഗ്നിജ്വലിപ്പിച്ച് സാനുമാഷ് നമുക്കിടയില്‍ നിന്ന് മടങ്ങി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam