
കൊല്ലം: സംസ്ഥാന സര്‍ക്കാരിനെതിരെ ലത്തീൻ സഭ പ്രതിഷേധം കടുപ്പിക്കുന്നതിനിടെ മത്സ്യത്തൊഴിലാളികളെ അണിനിരത്തി സര്‍ക്കാരിന് സംരക്ഷണമൊരുക്കാൻ സിഐടിയു. കൊല്ലത്ത് കാൽ ലക്ഷത്തോളം മത്സ്യത്തൊഴിലാളികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടി ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സര്‍ക്കാർ മത്സ്യമേഖലയെ തകര്‍ക്കുന്നുവെന്ന മറുവാദം ഉയര്‍ത്തിയാണ് സിഐടിയുവിന്റെ പ്രതിരോധം.
തിരുവനന്തപുരത്ത് ലത്തീൻ സഭയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ പ്രക്ഷോഭം ശക്തമാക്കിയത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനിടയിലാണ് മത്സ്യത്തൊഴിലാളികളെ അണിനിരത്തി തങ്കശ്ശേരി കടപ്പുറത്ത് സിഐടിയു പരിപാടി സംഘടിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാരാണ് തീരദേശ മേഖലയിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് സിഐടിയുവിന്റെ ആരോപണം. ഇന്ധന വില വര്‍ധനവ് കേന്ദ്ര സര്‍ക്കാർ പിൻവലിക്കുക.
മത്സ്യബന്ധനത്തിനാവശ്യമായ മണ്ണെണ്ണ അനുവദിക്കുക. മത്സ്യഫെഡിനെ തകര്‍ക്കാനുള്ള ഗൂഢാലോചന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒപ്പം തിരുവനന്തപുരത്ത് ലത്തീൻ സഭയുടെ പ്രതിഷേധങ്ങൾക്ക് കാരണം ഉമ്മൻ ചാണ്ടി സര്‍ക്കാരെടുത്ത തീരുമാനങ്ങളാണെന്നും സിഐടിയു കുറ്റപ്പെടുത്തുന്നു. വലിയ ജനപങ്കാളിത്തമുള്ള പരിപാടിയിലൂടെ സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്റെ മുനയൊടിക്കാൻ കഴിയുമെന്നാണ് സിഐടിയുവിന്റെ പ്രതീക്ഷ. അതേസമയം മത്സ്യത്തൊഴിലാളികളുയര്‍ത്തിയ ആവശ്യങ്ങളോട് മുഖ്യമന്ത്രി എന്ത് മറുപടി നൽകുമെന്നാണ് തീരദേശ മേഖല കാത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാറിനെതിരെ തലസ്ഥാനത്ത് കടുത്ത പ്രതിഷേധവുമായി ലത്തീൻ സഭയും മത്സ്യത്തൊഴിലാളികളും തീരമേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കാത്തതിനെതിരെ ബോട്ടുമായി സമരത്തിനെത്തിയത്. പ്രതിഷേധവുമായി എത്തിയ മത്സ്യത്തൊഴിലാളികളെ പോലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കുകയും ചെയ്തു. പ്രതിഷേധം കനത്തതോടെ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് ബോട്ടുമായി പോകാൻ ഒടുവിൽ സമരക്കാരെ പൊലീസ് അനുവദിച്ചു.
തീരത്തെ വിവിധ സ്ഥലങ്ങളിൽ നിന്നും നഗരത്തിലേക്ക് ബോട്ടുമായി പുറപ്പെട്ട മത്സ്യത്തൊഴിലാളികളെ വിഴിഞ്ഞത്തും പൂന്തുറയിലും പൊലീസ് ആദ്യം തടഞ്ഞിരുന്നു. പൊലീസിനെ അവഗണിച്ച് ലോറികളിൽ ബോട്ടു കയറ്റി വന്നവരെ പിന്നെ ജനറൽ ആശുപത്രി പരിസരത്തും ഈഞ്ചക്കലും വെച്ച് പൊലീസ് തടഞ്ഞതോടെ പ്രതിഷേധം കനത്തു. സമരത്തിൽ നിന്നും പിന്നോട്ട് പോകില്ലന്ന് മത്സ്യത്തൊഴിലാളികൾ പ്രഖ്യാപിച്ചു. ഇതോടെ പൊലീസും മത്സ്യത്തൊഴിലാളികളും തമ്മിൽ ഉന്തും തള്ളുമായി.
ആശുപത്രി പരിസരത്ത് ബോട്ട് തടഞ്ഞതോടെ നഗരത്തിലേക്കുള്ള വഴികളിൽ മുഴുവൻ ഗതാഗതക്കുരുക്കായി. ബോട്ടുമായുള്ള സമരത്തിന് അനുമതിയില്ലെന്നായിരുന്നു പൊലീസ് വിശദീകരണം. ഒടുവിൽ വലിയ സംഘർഷത്തിലേക്ക് വഴിമാറുമെന്ന് കണ്ട് ബോട്ട് കൊണ്ടുപോകാൻ പൊലീസ് അനുമതി നൽകി. ഈ സംഭവമടക്കം ലത്തീൻ സഭയുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രതിഷേദം വലിയ വാർത്താ പ്രാധാന്യം നേടുകയും ചെയ്തതോടെ സർക്കാർ പ്രതിരോധത്തിലായി. ഈ സാഹചര്യത്തിലാണ് മറുമരുന്നുമായി സിഐടിയു രംഗതെത്തിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam