Latest Videos

ലീഗിനോട് ബിജെപി സഖ്യമുണ്ടാക്കണമെന്ന് പറഞ്ഞ മോഹൻദാസിനു മറുപടിയുമായി കെഎം ഷാജി

By Web TeamFirst Published Aug 13, 2022, 12:17 PM IST
Highlights

ഞങ്ങളെ സുഖിപ്പിച്ചു നിങ്ങൾ പറഞ്ഞ കാര്യങ്ങളിൽ ഞങ്ങൾ സുഖിച്ചു. പക്ഷെ അതിൽ നിങ്ങൾ ഒളിപ്പിച്ച വിഷം ഞങ്ങൾക്കറിയാം. ടിജി വലിയ ബുദ്ധിജീവി ആയിരിക്കും. പക്ഷെ പറഞ്ഞ പലതും മഹാ വിഡ്ഢിത്തമാണ്. 

കൊച്ചി:  സംസ്ഥാനത്ത് ബിജെപിക്ക് അധികാരത്തിലെത്താനുളള വഴി പറഞ്ഞ് ആർഎസ്എസ് സൈദ്ധാന്തികൻ ടിജി മോഹൻദാസ് കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. മുസ്ലീം ലീഗുമായി ബിജെപി സഖ്യമുണ്ടാക്കണം എന്നാണ് ടിജി മോഹൻദാസ് പറഞ്ഞത്. ഒരു യൂട്യൂബ് ചാനലില്‍ നല്‍കിയ  അഭിമുഖത്തിലാണ് ടിജി മോഹൻദാസിന്റെ പ്രതികരണം വന്നത്.  ഇതിന് പിന്നാലെ ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. ഇതിന് പിന്നാലെ ഇതില്‍ രൂക്ഷമായി പ്രതികരിച്ച്  മുസ്ലീംലീഗ് നേതാവ് കെഎം ഷാജി രംഗത്ത് എത്തി.

കെഎം ഷാജിയുടെ വാക്കുകള്‍ ഇങ്ങനെ

ഞങ്ങളെ സുഖിപ്പിച്ചു നിങ്ങൾ പറഞ്ഞ കാര്യങ്ങളിൽ ഞങ്ങൾ സുഖിച്ചു. പക്ഷെ അതിൽ നിങ്ങൾ ഒളിപ്പിച്ച വിഷം ഞങ്ങൾക്കറിയാം. ടിജി വലിയ ബുദ്ധിജീവി ആയിരിക്കും. പക്ഷെ പറഞ്ഞ പലതും മഹാ വിഡ്ഢിത്തമാണ്. കശ്മീരിൽ പിഡിപി യെ കൂട്ടി ഭരിച്ചിട്ടില്ലേ എന്നാണു ചോദിക്കുന്നത്. ഞങ്ങളും പത്രം വായിക്കുന്നവരാണ്. ആ ഭരണത്തിന്‍റെ അവസാനം മഹ്ബൂബ മുഫ്തി ജയിലിലായത്, ആ സംസ്ഥാനത്തെ വെട്ടിമുറിച്ചത്, ജമ്മുവിൽ കൂടുതൽ സീറ്റ്‌ ഉണ്ടാക്കി ഭരണം പിടിക്കാൻ ശ്രമിക്കുന്നത് പോലെയുള്ള വാർത്തകൾ ഒക്കെ ഞങ്ങളും പത്രത്തിൽ വായിച്ചവരാണ്.

പാണക്കാട് തങ്ങൾ മോഡിയെ ആക്ഷേപിക്കുന്നില്ല എന്നാണു പറയുന്നത്. കുറച്ചു ദിവസം സിപിഎം നേതാക്കളും പറഞ്ഞത് ഇത് പോലെ തന്നെയാണ്. ഞങ്ങളെ തങ്ങളൊന്നും പറയുന്നില്ലെന്നു. ഒരു കാര്യം നിങ്ങൾ മനസ്സിലാക്കണം. പാണക്കാട് തങ്ങൾമാർ എപ്പോഴും വളറെ മയത്തിലെ സംസാരിക്കൂ. അത് കണ്ടു അവർക്ക് മോഡി ഫാസിസ്റ്റു ആണെന്ന് അഭിപ്രായം ഇല്ലെന്നു വിചാരിക്കണ്ട. അവർ പറയാൻ പറയുന്നതാണ് ഞങ്ങൾ ഈ പ്രസംഗിക്കുന്നത്.

ബഹറിൽ മുസ്സലയിട്ടു  നിസ്കരിച്ചാലും ആര്‍എസ്എസിനെ വിശ്വസിക്കരുത് എന്ന് മഹാനായ സിഎച്ച് പറഞ്ഞത് ഒരു കാലത്തും മറക്കുന്നവരല്ല ലീഗ് എന്നും ഷാജി പറഞ്ഞു.

ടിജി മോഹന്‍ദാസിന്‍റെ അഭിപ്രായത്തിലെ പ്രസക്ത ഭാഗങ്ങള്‍

കേരള രാഷ്ട്രീയത്തിലെ തറവാടികള്‍ മുസ്ലീം ലീഗാണ്. അവര്‍ വാക്ക് മാറില്ല. മുന്നണി മാറിയിട്ടുണ്ട് ഒന്നോ രണ്ടോ തവണ. പിന്നെ മാറിയിട്ടില്ല. ഓര്‍ക്കാപ്പുറത്ത് കാല് മാറുക, പിറകില്‍ നിന്ന് കുത്തുക ഇതൊന്നും ലീഗ് ചെയ്തിട്ടില്ല. മുസ്ലീം ലീഗ് കേരളത്തില്‍ ഒരു വര്‍ഗീയ പാര്‍ട്ടി അല്ല, ഒരു സമുദായ പാര്‍ട്ടിയാണ്. ഇതാദ്യം പറഞ്ഞത് ശശി തരൂരാണ്. ലീഗിന്റെ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിറച്ച് മുസ്ലീംങ്ങളുണ്ടാകും. അത് അവര്‍ മുസ്ലീംങ്ങള്‍ ആയത് കൊണ്ടല്ല, മുസ്ലീം ലീഗുകാരായത് കൊണ്ടാണ്. ആര്‍എസ്എസുകാരനോ ബിജെപിക്കാരനോ മന്ത്രിയായാല്‍ പേഴ്‌സണല്‍ സ്റ്റാഫില്‍ മുഴുവന്‍ ഹിന്ദുക്കളായിരിക്കും, ബിജെപിക്കാരായത് കൊണ്ടാണ്.

ഇതുകൊണ്ട് ഒരു പാര്‍ട്ടിയെ വര്‍ഗീയ പാര്‍ട്ടിയെന്ന് വിളിക്കരുത്. മുസ്ലീം ലീഗുമായി ചങ്ങാത്തതിന് ബിജെപി മുന്‍കൈ എടുക്കണം. കശ്മീരില്‍ പിഡിപിയുമായി സഖ്യമുണ്ടാക്കാമെങ്കില്‍ അത്രയൊന്നുമില്ലാത്ത മുസ്ലീം ലീഗുമായി സഖ്യമുണ്ടാക്കുന്നതില്‍ എന്താണ് തെറ്റ്. ലീഗിന് മലപ്പുറത്ത് വോട്ട് ബാങ്കുണ്ട്. ബിജെപിക്ക് ചിതറിക്കിടക്കുന്ന 14 ശതമാനത്തോളം വോട്ട് കേരളത്തിലുണ്ട്. നല്ല സ്ഥാനാര്‍ത്ഥിയെ വെച്ചാല്‍ 20 ശതമാനം വോട്ടുണ്ട്.

ബിജെപിയോട് ചേരുന്നതാണ് മുസ്ലീം ലീഗിനും ഗുണപരം. ആകാശം ഇടിഞ്ഞ് വീഴില്ല. പോപ്പുലര്‍ ഫ്രണ്ടൊക്കെ ഭീഷണിപ്പെടുത്തുമായിരിക്കും. അതൊക്കെ നിസ്സാരമാണ്. കേരളത്തില്‍ നരേന്ദ്ര മോദിയെ ഫാസിസ്റ്റ് എന്ന് വിളിക്കാത്ത ഏക രാഷ്ട്രീയ നേതാവ് പാണക്കാട് തങ്ങളാണ്. കെപിഎ മജീദോ മറ്റോ ഒരിക്കല്‍ വിളിച്ചിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയോ ഇടി മുഹമ്മദ് ബഷീറോ കെഎം മാണിയോ പിജെ ജോസഫോ പറഞ്ഞിട്ടില്ല. പിസി ജോര്‍ജ് ഒട്ടും പറഞ്ഞിട്ടില്ല. പറയുന്നത് മുഴുവന്‍ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരുമാണ്.

കോഴക്കേസ്:കെഎം ഷാജിക്കെതിരെയുള്ള നടപടികൾ തടഞ്ഞ ഉത്തരവ് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി

ലക്ഷദ്വീപിലെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ മെനു; മാംസാഹാരം ഒഴിവാക്കിയതിനെ ന്യായീകരിച്ച് അഡ്മിനിസ്ട്രേറ്റര്‍

click me!