
കോഴിക്കോട്: കോഴിക്കോട് ബേപ്പൂരിൽ നിന്നും മത്സ്യ ബന്ധനത്തിന് കടലിൽ പോയ അജ്മീര്‍ഷ എന്ന ബോട്ടിനെ കുറിച്ച് വിവരമില്ലാത്തത് ആശങ്കയാകുന്നു. ബേപ്പൂരിൽ നിന്ന് ഈ മാസം അഞ്ചാം തീയതി കടലിൽ പോയ ബോട്ടിൽ 15 പേരാണുള്ളത്. കെ.പി ഷംസു എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്.
അതേ സമയം ലക്ഷദ്വീപ് ബോട്ടപകടത്തിൽ കാണാതായ 9 മത്സ്യ ബന്ധന തൊഴിലാളികൾക്കായി തെരച്ചിൽ തുടരുകയാണ്. കോസ്റ്റ്ഗാഡിനൊപ്പം നാവിക സേനയും തെരച്ചിൽ തുടങ്ങി. രക്ഷപ്രവർത്തനത്തിനായി കൊച്ചിയിൽ നിന്ന് പുറപ്പെട്ട കോസ്റ്റ്ഗാഡിന്‍റെ കപ്പൽ ലക്ഷദ്വീപിലെത്തി. തെരച്ചിൽ ഊർജിതമാക്കണമെന്ന് തമിഴ്നാട് സർക്കാരും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് തമിഴ്നാടിൽ നിന്നുള്ള ആണ്ടവൻ തുണൈ എന്ന ബോട്ട് ബിത്ര ദ്വീപിന് സമീപം മുങ്ങിയത്. തമിഴ്നാട് നാഗപട്ടണം സ്വദേശികളായ 7 പേരും 2 ഉത്തരേന്ത്യക്കാരെയുമാണ് കാണാതായത്.
അതേ സമയം എറണാകുളം പോഞ്ഞിക്കരയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കൊല്ലം കോയിവിള സ്വദേശി ആന്റപ്പന്റെ മൃതദേഹമാണ് ബോൾഗാട്ടി ജെട്ടിക്ക് അടുത്ത് കണ്ടെത്തിയത്. വെള്ളിയാഴ്ച്ചയാണ് സുഹൃത്തിനൊപ്പം ചെറു വള്ളത്തിൽ ആന്റപ്പൻ മത്സ്യബന്ധനത്തിന് പോയത്. കൂടെ ഉണ്ടായിരുന്ന സെബാസ്റ്റ്യൻ നീന്തി രക്ഷപെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam