
പാലക്കാട്: ഹിന്ദു-മുസ്ലീം പ്രണയകഥ പ്രമേയമാക്കിയ സിനിമാ ചിത്രീകരണം തടഞ്ഞ സംഭവത്തിൽ അഞ്ചുപേരെ ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. കടമ്പഴിപ്പുറം സ്വദേശികളായ സുബ്രഹ്മണ്യൻ, ബാബു, ശ്രീജിത്ത്, സച്ചിദാനന്ദൻ, ശബരീഷ് എന്നിവരാണ് പിടിയിലായ പ്രതികൾ. ഇവർ ബിജെപി അനുഭാവികൾ ആണെന്ന് പൊലീസ് പറഞ്ഞു. അതിക്രമിച്ച് കടക്കൽ, നിയമ വിരുദ്ധമായി സംഘം ചേരൽ , അക്രമം ഉണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. സിനിമയുടെ അണിയറപ്രവർത്തകരുടെ പരാതിയെ തുടർന്നാണ് കേസെടുത്തത്. പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
ശനിയാഴ്ച രാവിലെയാണ് പാലക്കാട് കടമ്പഴിപ്പുറത്തിനടുത്ത് വായില്ല്യാംകുന്ന് ക്ഷേത്രപരിസരത്ത് സംഭവം. നീയാ നദി എന്ന സിനിമയുടെ ചിത്രീകരണമാണ് ഒരുകൂട്ടം ആളുകൾ തടസ്സപ്പെടുത്തിയത്. സിനിമാ ചിത്രീകരണത്തിന് എതിരെ ഇവർ സാമൂഹ്യ മാധ്യമങ്ങളിലും പ്രചാരണം നടത്തിയിരുന്നു. ഹിന്ദു മുസ്ലിം പ്രണയ കഥ പ്രമേയമാക്കിയ ചിത്രത്തിന് ഒരിടത്തും ചിത്രീകരിക്കാൻ അനുമതി നൽകില്ലെന്ന് ഇവർ ഉൾപ്പടെയുള്ള പ്രവർത്തകർ ഭീഷണി മുഴക്കിയതായി അണിയറക്കർ പറഞ്ഞു.
ചിത്രീകരണ സംഘത്തിലുള്ള കുട്ടികൾ ഉൾപ്പടെയുള്ളവർക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ അക്രമ സംഭവത്തിൽ ഒരു ബന്ധവും ഇല്ലെന്ന് ബിജെപി അറിയിച്ചു. അനുമതി ഇല്ലാതെ ദേവസ്വം ബോർഡ് ക്ഷേത്ര പരിസരം ഷൂട്ടിംഗിന് വിട്ടതുമാത്രമാണ് ചോദ്യം ചെയ്തത് എന്നും ബിജെപി പ്രാദേശിക നേതൃതം വ്യക്തമാക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam