കരിപ്പൂർ വിമാനാപകടം: അന്വേഷണത്തിനായി അഞ്ചംഗ സമിതിയെ നിയോഗിച്ചു

By Web TeamFirst Published Aug 13, 2020, 8:57 PM IST
Highlights

ക്യാപ്റ്റൻ എസ്.എസ്.ചഹറിൻ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. 

ദില്ലി: കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യയുടെ ബോയിംഗ് വിമാനം അപകടത്തിൽപ്പെട്ട സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയമിച്ചു. 

എയർക്രാഫ്റ്റ് ആക്സിഡൻറ്സ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ആണ് അന്വേഷണസമിതിയെ രൂപീകരിച്ചത്. ക്യാപ്റ്റൻ എസ്.എസ്.ചഹറിൻ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. അടുത്ത അഞ്ച് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും ഇതുമായി ബന്ധപ്പെട്ട ഉത്തരവിൽ പറയുന്നു. 

ബോയിംഗ് 737 വിമാനത്തിൻറെ മുൻ പരിശോധകനാണ് ക്യാപ്റ്റൻ എസ്എസ് ഛഹർ. അപകടത്തെക്കുറിച്ച് പ്രാഥമിക റിപ്പോർട്ടൊന്നും ഇതുവരെ നല്കിയിട്ടില്ലെന്നാണ് സൂചന. അപകടകാരണത്തെക്കുറിച്ചുള്ള ഡിജിസിഎയുടെ പ്രാഥമിക നിഗമനത്തിനെതിരെ നേരത്തെ പൈലറ്റുമാരുടെ സംഘടന രംഗത്ത് വന്നിരുന്നു. അപകടകാരണം കണ്ടെത്തി ഇത് ഭാവിയിൽ ഒഴിവാക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള നിർദ്ദേശവും സമിതിക്ക് നല്കിയിട്ടുണ്ട്.

കരിപ്പൂർ വിമാനപകടത്തിൽ പരിക്കേറ്റവരിൽ ഇനി ചികിത്സയിൽ ഉള്ളത് 83 പേരാണ്. ഇതിൽ മൂന്ന് പേർ വെന്‍റിലേറ്ററിലാണ്. പത്തൊമ്പത് പേരുടെ നില ഗുരുതരമായി തുടരുന്നു. 61 പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

click me!