കിഫ്ബിക്കെതിരായ എൻഫോഴ്സ്മെന്റ് അന്വേഷണം: അഞ്ച് എംഎൽഎമാർ ഹർജിയുമായി ഹൈക്കോടതിയിൽ

Published : Aug 10, 2022, 09:18 PM ISTUpdated : Aug 10, 2022, 09:25 PM IST
കിഫ്ബിക്കെതിരായ എൻഫോഴ്സ്മെന്റ് അന്വേഷണം: അഞ്ച് എംഎൽഎമാർ ഹർജിയുമായി ഹൈക്കോടതിയിൽ

Synopsis

കിഫ്ബി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള വിഷയമാണെന്ന് ഹർജിയിൽ പറയുന്നു. ഇതിൽ എൻഫോഴ്സ്മെന്റ് വിഭാഗം ഇടപെടുന്നത് ശരിയായ ഉദ്ദേശത്തോടെയല്ലെന്നും ഹർജിയിൽ കുറ്റപ്പെടുത്തുന്നു

കൊച്ചി: കിഫ്ബിക്കെതിരായ എൻഫോഴ്സ്മെന്റ് അന്വേഷണത്തിനെതിരെ അഞ്ച് എംഎൽഎമാർ കേരള ഹൈക്കോടതിയെ സമീപിച്ചു. ഇഡി അന്വേഷണം അനാവശ്യമെന്നാണ് ഹർജിയിൽ പറയുന്നത്. ഇഡി ഇടപെടൽ വികസനപ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്നും ഇഡിയുടേത് അനാവശ്യമായ കടന്നുകയറ്റമാണെന്നും ഹർജിയിൽ കുറ്റപ്പെടുത്തുന്നു. മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ ,ഐബി സതീഷ്, എം മുകേഷ്, മുൻ മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് പൊതു താൽപര്യ ഹർജി നൽകിയത്.

കിഫ്ബി വഴി നടത്തുന്ന 73000 കോടി രൂപയുടെ വികസന പദ്ധതികളെ തകർക്കാൻ മസാല ബോണ്ടിന്റെ പേര് പറഞ്ഞ് ഇഡി ശ്രമിക്കുന്നുവെന്നാണ് ഹർജിയിൽ വിമർശിക്കുന്നത്. റിസർവ് ബാങ്കിൻറെ അനുമതിയോടെയുള്ളതാണ് മസാല ബോണ്ട്. ഇത് നിയമാനുസൃതമാണ്. ബൃഹത്തായ പദ്ധതികൾ നിസ്സാര കാരണത്താൽ തകർക്കരുതെന്ന് സുപ്രീം കോടതി കേന്ദ്രസർക്കാരിന് താക്കീത് നൽകിയത് അടുത്ത കാലത്താണ്. കേന്ദ്ര-സംസ്ഥാന തർക്കങ്ങൾ പരിഹരിക്കാൻ ഭരണഘടന പ്രത്യേക സംവിധാനങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇ ഡിയുടെ നീക്കങ്ങൾ നിയമവിരുദ്ധമാണെന്നും പൊതുതാത്പര്യ ഹർജികളിൽ കുറ്റപ്പെടുത്തുന്നു. ഹർജികൾ നാളെ ഹൈക്കോടതി ചീഫ് ജസ്റീസിന്റെ ബെഞ്ച് പരിഗണിക്കും.

ഇഡിയുടെ സമൻസ് പിന്‍വലിക്കണമെന്നും, തുടര്‍ നടപടികള്‍ വിലക്കണമെന്നും ആവശ്യപ്പെട്ട് മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്ക് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. തനിക്കു ലഭിച്ച രണ്ടു നോട്ടീസുകളിലും ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ല. കിഫ്ബിയോ താനോ ചെയ്ത ഫെമ ലംഘനം എന്തെന്ന് നിര്‍വചിച്ചിട്ടില്ല. എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നോട്ടീസുകൾ നിയമവിരുദ്ധമാണ്. കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത  അന്വേഷണം ഇ ഡിയുടെ അധികാരപരിധിയ്ക്ക് പുറത്തുള്ളതാണ്. സർക്കാർ പദ്ധതികളെ ഇല്ലാതാക്കാനാണ് ശ്രമമെന്നും കിഫ്ബിക്കെതിരായ ഇഡിനീക്കം ഇതിന്റെ ഭാഗമെന്നും ഹർജിയിൽ ഐസക് കുറ്റപ്പെടുത്തുന്നുണ്ട്.

എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുന്നിൽ നാളെ ഹാജരാകില്ലെന്ന് മുൻ ധനമന്ത്രി തോമസ് ഐസക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്തിന് ഹാജരാകണം എന്ന കാര്യത്തിൽ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് തോമസ് ഐസക് ഇഡി നോട്ടീസിന് മറുപടി എഴുതിയിരുന്നു. കിഫ്ബി രേഖകളുടെ കസ്റ്റോഡിയൻ താനല്ലെന്നും  ഇ മെയിൽ മുഖേന സമർപ്പിച്ച മറുപടിയിൽ തോമസ് ഐസക് വ്യക്തമാക്കി. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുമ്പാകെ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് നിയമോപദേശം കിട്ടിയ സാഹചര്യത്തിലാണ് തോമസ് ഐസകിന്റെ കടുത്ത നിലപാട്.

വ്യാഴാഴ്ച രാവിലെ പതിനൊന്നിന് കൊച്ചിയിലെ ഓഫീസിൽ എത്താനാവശ്യപ്പെട്ടാണ് തോമസ് ഐസകിന് ഇഡി നോട്ടീസ് നൽകിയത്. ഇത് രണ്ടാം തവണയാണ് എൻഫോഴ്സ്മെന്‍റ് ഐസകിനോട് ഹാജരാകാൻ ആവശ്യപ്പെടുന്നത്. കിഫ്ബിക്ക് പണം സമാഹരിക്കുന്നതിനായി വിദേശത്ത് നിന്ന് ഫണ്ട്  സ്വീകരിച്ചതിൽ അടക്കം കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ ലംഘിച്ചെന്നാണ് തോമസ് ഐസകിനെതിരായ ആരോപണം. എന്നാൽ റിസർവ് ബാങ്ക് ചട്ടങ്ങൾ അനുസരിച്ചാണ് താനും സർക്കാരും പ്രവർത്തിച്ചതെന്നാണ് ഇക്കാര്യത്തിൽ ഐസക് നൽകുന്ന വിശദീകരണം.

PREV
Read more Articles on
click me!

Recommended Stories

കൊച്ചിയിലെ അന്നത്തെ സന്ധ്യയിൽ മഞ്ജുവാര്യർ പറഞ്ഞ ആ വാക്കുകൾ, സംശയമുന ദിലീപിലേക്ക് നീണ്ടത് ഇവിടെ നിന്ന്
അതിജീവിതയ്ക്ക് നീതി കിട്ടാൻ ഏതറ്റം വരെയും പോകാൻ തയ്യാറെന്ന് എംവി ​ഗോവിന്ദൻ; 'ഗൂഢാലോചന നടത്തിയത് ആരാണെന്ന് എല്ലാവർക്കും അറിയാം'