Latest Videos

കടുപ്പിച്ച് പ്രതിപക്ഷം, നിയമസഭയിൽ 5 എംഎൽഎമാരുടെ അനിശ്ചിതകാല സത്യഗ്രഹം

By Web TeamFirst Published Mar 21, 2023, 9:23 AM IST
Highlights

തികച്ചും ഏകപക്ഷീയമായി, പ്രതിഷേധങ്ങളൊഴിവാക്കിയുള്ള ദൃശ്യങ്ങളാണ് സഭാ ടിവിയിലൂടെ ദൃശ്യമാക്കുന്നത്.

തിരുവനന്തപുരം: നിയമസഭയിൽ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. സഭക്കുള്ളിലെ വിവേചനങ്ങളിൽ പ്രതിഷേധിച്ച് അഞ്ച് പ്രതിപക്ഷ എംഎൽഎമാർ നിയസഭയുടെ നടുക്കളത്തിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. ഉമാ തോമസ്, അൻവർ സാദത്ത്, ടിജെ വിനോദ്, കുറുക്കോളി മൊയ്തീൻ, എകെഎം അഷ്റഫ് എന്നിവരാണ് സഭയിൽ ഇന്ന് മുതൽ സത്യഗ്രഹമിരിക്കുന്നത്.

ഇന്നും പ്ലക്കാർഡുകളുമായെത്തി പ്രതിഷേധിച്ച പ്രതിപക്ഷം, പ്രശ്ന പരിഹാരത്തിനായി സർക്കാർ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ചു. ധിക്കാരം നിറഞ്ഞ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും  ഉന്നയിച്ച ആവശ്യങ്ങളിൽ നിന്നും പ്രതിപക്ഷം പിന്നോട്ടില്ലെന്നും വിഡി സതീശൻ പ്രഖ്യാപിച്ചു. 

എന്നാൽ പ്രതിപക്ഷം നടത്തുന്ന സമരങ്ങളുടെ ദൃശ്യങ്ങളൊന്നും സഭാ ടിവിയിലൂടെ കാണിക്കുന്നില്ല. തികച്ചും ഏകപക്ഷീയമായി, പ്രതിഷേധങ്ങളൊഴിവാക്കിയുള്ള ദൃശ്യങ്ങളാണ് സഭാ ടിവിയിലൂടെ ദൃശ്യമാക്കുന്നത്. ഇതിനെതിരെ മാധ്യമപ്രവർത്തകരും പത്രപ്രവർത്തക കൂട്ടായ്മകളും സ്പീക്കറെ നേരിട്ട് കണ്ട് സംസാരിച്ചിരുന്നെങ്കിലും പ്രതിപക്ഷത്തിന്റെ സത്യഗ്രഹ ദൃശ്യങ്ങൾ ഇതുവരെയും സഭാടിവിയിലൂടെ കാണിക്കുന്നില്ല. 

അതേ സമയം, നിയമസഭയിലെ പ്രതിപക്ഷ സത്യാഗ്രഹ സമരത്തിനെതിരെ ഭരണ പക്ഷം രംഗത്തെത്തെത്തി. സഭാ നടത്തിപ്പിനോടുളള വെല്ലുവിളിയാണ് പ്രതിപക്ഷം നടത്തുന്നതെന്നും കേരളം പോലുള്ള നിയമസഭയ്ക്ക് ഇത് ചേർന്നതല്ലെന്നും മന്ത്രി കെ രാജൻ മറുപടി നൽകി. സ്പീക്കറുടെ റൂളിംങിനെതിരായി  സമരം ചെയ്യുന്ന പ്രതിപക്ഷം സഭയെ അവഹേളിക്കുകയാണെന്നും എംബി രാജേഷ് പറഞ്ഞു. പ്രതിപക്ഷ നേതാവിൻ്റെ കാർമികത്വത്തിലാണിത് നടക്കുന്നത്. വിഷയത്തിൽ സ്പീക്കറുടെ തീർപ്പ് വേണമെന്നും എം.ബി രാജേഷ് ആവശ്യപ്പെട്ടു. സഭക്കുള്ളിൽ മുൻപ് 4 തവണ സത്യാഗ്രഹ സമരം നടന്നു. 1974,  1975 ലും ഇഎംഎസിന്റെ നേതൃത്വത്തിൽ സമരം നടന്നു. 2000 ഇൽ യുഡിഎഫ് എംഎൽഎമാരും 2011 വിഎസിന്റെ നേതൃത്വത്തിൽ എൽഡിഎഫ് എംഎൽഎമാരും സത്യഗ്രഹം സഭയിൽ നടത്തിയിരുന്നു. 

അസാധാരണമായ സംഭവങ്ങളാണ് സഭയിൽ നടക്കുന്നതെന്നും ചെയറിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന സ്ഥിതിയുണ്ടെന്നും സ്പീക്കർ എഎൻ ഷംസീർ. ചെയറിനെ വ്യക്തിപരമായി അധിക്ഷേപിച്ച് പ്രതിപക്ഷം പുറത്തു പ്രസ് മീറ്റ് നടത്തുന്നു. കടുത്ത നടപടി എടുക്കാമായിരുന്ന സാഹചര്യമായിട്ടും കടുത്ത നടപടി വേണ്ടെന്ന് തീരുമാനിച്ചത് കൊണ്ടാണ് അതിലേക്ക് പോകാത്തതെന്നും സ്പീക്കർ മുന്നറിയിപ്പ് നൽകി. ഇത് പ്രതിപക്ഷത്തിന് യോജിച്ചതാണോ എന്ന് ആലോചിക്കണം. പുനരാലോചന വേണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു. 


 

 

click me!