കരിപ്പൂരിൽ ഡിആർഐയെ ആക്രമിച്ച കേസ്; അഞ്ചുപേര്‍ അറസ്റ്റില്‍

By Web TeamFirst Published Sep 7, 2020, 7:43 PM IST
Highlights

മിശ്രിത രൂപത്തിൽ വിമാനത്താവള കക്കൂസിലെ വേസ്റ്റ് ബിന്നിൽ ഒളിപ്പിച്ച വച്ച സ്വർണ്ണം ക്ലീനിംഗ് സൂപ്പര്‍ വൈസര്‍മാരാണ് പുറത്തെത്തിച്ചത്. 

കോഴിക്കോട്: കരിപ്പൂരില്‍ ഡിആര്‍ഐ സംഘത്തെ ആക്രമിച്ച കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. സ്വര്‍ണ്ണം കടത്താന്‍ സഹായിച്ച വിമാനത്താവളത്തിലെ നാല് ക്ലീനിംഗ് സൂപ്പര്‍വൈസര്‍മാരും ഡിആര്‍ഐയെ ആക്രമിച്ച ഒരാളുമാണ് അറസ്റ്റിലായത്. ഇന്നലെ രക്ഷപ്പെട്ട അരീക്കോട് പത്തനാപുരം സ്വദേശി ഫസലിനെ കണ്ടെത്താനായിട്ടില്ല. കരിപ്പൂര്‍ വിമാനത്താവളത്തിനകത്ത് നിന്ന് കള്ളക്കടത്ത് സ്വര്‍ണ്ണം പുറത്തെത്തിച്ചത് ക്ലീനിംഗ് സൂപ്പര്‍വൈസര്‍മാരായ മലപ്പുറം ചെനക്കല്‍ സ്വദേശി അബ്ദുല്‍ സലാം, കൊണ്ടോട്ടി സ്വദേശി അബ്ദുല്‍ ജലീല്‍ എന്നിവരാണ്. 

നേരത്തെയും ഇത്തരത്തില്‍ സ്വര്‍ണ്ണം പുറത്തെത്തിക്കാന്‍ സഹായിച്ച മലപ്പുറം വെള്ളൂര്‍ സ്വദേശി മുഹമ്മദ് സാബിഖ്, മൂര്‍ക്കനാട് സ്വദേശി പ്രഭാത് എന്നീ ക്ലീനിംഗ് സൂപ്പര്‍വൈസര്‍മാരും അറസ്റ്റിലായി. ഈ സംഘം നിരവധി തവണ ഇത്തരത്തില്‍ സ്വര്‍ണ്ണം പുറത്തെത്തിക്കാന്‍ കള്ളക്കടത്തുകാരെ സഹായിച്ചിട്ടുണ്ടെന്ന് ഡിആര്‍ഐ കണ്ടെത്തി. യാത്രക്കാര്‍ കടത്തിക്കൊണ്ട് വന്ന മിശ്രിത സ്വര്‍ണ്ണം കക്കൂസിലെ വെയ്സ്റ്റ് ബിന്നില്‍ ഒളിപ്പിക്കും. ഇത് ക്ലീനിംഗ് സൂപ്പര്‍വൈസര്‍മാര്‍ വിമാനത്താവളത്തിന് പുറത്തെത്തിക്കാറാണ് പതിവ്.

കരിപ്പൂരില്‍ വച്ച് ഡിആര്‍ഐ സംഘത്തെ ആക്രമിച്ച മുക്കം സ്വദേശി നിസാറിന്‍റെ അറസ്റ്റും രേഖപ്പെടുത്തി. നാല് കിലോ 300 ഗ്രാം മിശ്രിത സ്വര്‍ണ്ണമാണ് സംഘത്തില്‍ നിന്ന് പിടികൂടിയിരുന്നത്. ഇത് ഉരുക്കിയപ്പോള്‍ മൂന്ന് കിലോ 400 ഗ്രാം സ്വര്‍ണ്ണം ലഭിച്ചു. ഒരു കോടി 71 ലക്ഷം രൂപ വില വരും. ഒന്നിലധികം യാത്രക്കാര്‍ സ്വര്‍ണ്ണക്കടത്തില്‍ പങ്കാളികളായി എന്നാണ് നിഗമനം. ഇവരെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. രക്ഷപ്പെട്ട അരീക്കോട് പത്തനാപുരം സ്വദേശി ഫസലിനായുള്ള തെരച്ചിലും തുടരുന്നു. കള്ളക്കടത്ത് സംഘത്തിലെ മുഴുവന്‍ കണ്ണികളേയും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

click me!