നിസാമുദ്ദീനിൽ നിന്നും വന്നയാളടക്കം ഇടുക്കിയിൽ അഞ്ച് പേർക്ക് കൊവിഡ്

By Web TeamFirst Published Apr 2, 2020, 10:49 PM IST
Highlights

ദില്ലി നിസാമുദ്ദീനിലെ തബ്‍ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 58കാരനായ തൊടുപുഴ സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്മേളനത്തിന് ശേഷം കഴിഞ്ഞ 23ന് ഇദ്ദേഹം തൊടുപുഴയിൽ തിരിച്ചെത്തി.

തൊടുപുഴ: ഇടുക്കിയിൽ അഞ്ച് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. നിസാമുദ്ദീനിൽ നിന്ന്  തബ്‍ലീഗ് സമ്മേളനം കഴിഞ്ഞ് മടങ്ങിയെത്തിയ ആളാണ് കൊവിഡ് ബാധിതരിൽ ഒരാൾ. രണ്ട് കുട്ടികളടക്കം ബാക്കി നാല് പേ‍ർക്കും പൊതുപ്രവ‍ർത്തകനുമായുള്ള സമ്പർക്കം വഴിയാണ് കൊവിഡ് പിടിപ്പെട്ടത്.

ദില്ലി നിസാമുദ്ദീനിലെ തബ്‍ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 58കാരനായ തൊടുപുഴ സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്മേളനത്തിന് ശേഷം കഴിഞ്ഞ 23ന് ഇദ്ദേഹം തൊടുപുഴയിൽ തിരിച്ചെത്തി. കഴിഞ്ഞ തിങ്കളാഴ്ച മുൻകരുതൽ എന്ന നിലയിൽ ഇദ്ദേഹത്തെ തൊടുപുഴ ജില്ല ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇയാളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്.

പൊതുപ്രവ‍ർത്തകനുമായുള്ള സമ്പർക്കം വഴി കൊവിഡ് ബാധിച്ച ചെറുതോണി സ്വദേശിയുടെ വീട്ടുകാരാണ് രോഗം സ്ഥിരീകരിച്ച മറ്റ് മൂന്ന് പേർ‍. ഇദ്ദേഹത്തിന്‍റെ 70കാരിയായ അമ്മ, 35കാരിയായ ഭാര്യ, 10 വയസുള്ള മകൻ എന്നിവർക്കാണ് കൊവിഡ് ബാധിച്ചത്.

പൊതുപ്രവർത്തകനുമായി ഇടപഴകി കൊവിഡ് ബാധിച്ച ബൈസൺ വാലിയിലെ അധ്യാപികയുടെ ഏഴ് വയസുള്ള മകനാണ് രോഗം സ്ഥിരീകരിച്ച മറ്റൊരാൾ. നാലുപേരും ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ജില്ലയിൽ ആദ്യമായാണ് 10 വയസിന് താഴെയുള്ള കുട്ടികൾക്ക് കൊവിഡ്  ബാധിക്കുന്നത്.

ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം പത്തായി. ഇതിൽ ഏഴ് പേ‍‍ർക്കും പൊതുപ്രവ‍ർത്തകൻ വഴിയാണ് രോഗം പിടിപെട്ടത്. ജില്ലയിലാകെ 2,836 പേ‍ർ കൊവിഡ് നിരീക്ഷണത്തിലുണ്ട്.

click me!