ഉറക്കത്തില്‍ ഉരുളെത്തി, 70 പേരുടെ ജീവനെടുത്ത ഉരുൾപൊട്ടൽ ഇന്നും നീറുന്ന ഓർമ; പെട്ടിമുടി ദുരന്തത്തിന് ഇന്ന് അഞ്ചാണ്ട്, ഓർമ്മകളിൽ വിതുമ്പി ഒരു നാട്

Published : Aug 06, 2025, 07:43 AM IST
pettimudi landslide

Synopsis

70 പേർ മരിച്ച ദുരന്തത്തിൻ്റെ ഞെട്ടലിൽ നിന്ന് മോചിതരാവാത്ത പെട്ടിമുടിക്കാർ മറ്റ് പലയിടങ്ങളിലായി ജീവിതം കരുപ്പിടിപ്പിക്കുകയാണ്.

ഇടുക്കി: ഇടുക്കിയുടെ നോവായ പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് അഞ്ചാണ്ട്. 70 പേർ മരിച്ച ദുരന്തത്തിൻ്റെ ഞെട്ടലിൽ നിന്ന് മോചിതരാവാത്ത പെട്ടിമുടിക്കാർ മറ്റ് പലയിടങ്ങളിലായി ജീവിതം കരുപ്പിടിപ്പിക്കുകയാണ്. സംസ്ഥാന സർക്കാരും കെഡിഎച്ച്‍പി കമ്പനിയും ചേർന്ന് പുനരധിവാസമുറപ്പാക്കിയെങ്കിലും, സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ കേന്ദ്രസഹായം ഇപ്പോഴും കിട്ടിയിട്ടില്ല.

ഉരുൾപൊട്ടലിൻ്റെ രൂപത്തിൽ മരണം ഒരു പ്രദേശത്തെ വിഴുങ്ങിയ രാത്രിയായിരുന്നു 2020 ആഗസ്റ്റ് ആറ്. അഞ്ച് വർഷങ്ങൾക്കിപ്പുറം ശ്മശാന ഭൂമിക്ക് സമാനം. വീടുകളുടെ അവശിഷ്ടങ്ങൾ അസ്ഥികൂടം പോലെ അങ്ങിങ്ങ് കാണാം. മണ്ണിനടിയിൽപ്പെട്ട് നശിച്ചുപോയ വാഹനങ്ങളുടെയും വീട്ടുപകരങ്ങളുടെയുമൊക്ക ബാക്കിപത്രങ്ങൾ. ആ ഓഗസ്റ്റിൽ തുടർച്ചയായ ദിവസങ്ങളിൽ കനത്ത മഴയായിരുന്നു പെട്ടിമുടിയിൽ. ആറാം തിയതി പെയ്ത കനത്തമഴയിൽ ഉരുൾപൊട്ടി. നാല് ലയങ്ങളിലെ 22 തൊഴിലാളി കുടുംബങ്ങളിലായി ആകെ ഉണ്ടായിരുന്നത് 82 പേരാണ്. ഇതിൽ 66 പേരുടെ മൃതദേഹം കണ്ടെത്തി. ജീവനോടെ രക്ഷപ്പെട്ട 12 പേർ മനസ്സിനും ശരീരത്തിലും ഉണങ്ങാത്ത മുറിവുകളുമായി പലയിടങ്ങളിലേക്ക് താമസം മാറി.

മൊബൈൽ ഫോൺ സിഗ്നലുകളില്ലാത്തതിനാൽ ഒരു ദിവസം വൈകിയാണ് അപകട വിവരം പുറത്തറിയുന്നത്. രാവിലെ തൊട്ടടുത്തുള്ള തോട്ടത്തിലേക്ക് തൊഴിലാളികളെത്തിയപ്പോൾ കണ്ടത് പെട്ടിമുടി മൺകൂനയായ കാഴ്ചയാണ്. 19 ദിവസത്തെ തെരച്ചിലിനൊടുവിലാണ് 66 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. പെട്ടിമുടിയിലെ പൊതുശ്മശാനത്തോട് ചേർന്നുതന്നെ 66 പേരും അന്തിയുറങ്ങുന്നു. ജീവനോടെ അവശേഷിച്ചവർക്ക് സംസ്ഥാന സ‍ർക്കാരും കെ.ഡി.എച്ച്.പിയും കുറ്റ്യാർവാലിയിൽ വീടുവച്ച് നൽകി. ചുരുക്കമാളുകൾ മാത്രമാണ് ദുരന്തമുണ്ടായ നാല് ലൈൻ പ്രദേശത്ത് ഇന്നുളളത്.

അതേസമയം, മരിച്ചവരുടെ ആശ്രിതർക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സഹായ ധനം സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ ഇപ്പോഴും കടലാസിലാണ്. മരിച്ചവരുമായി ബന്ധം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കനാവത്തതാണ് പ്രതിസന്ധി. മണ്ണില്‍ പുതഞ്ഞുപോയ രേഖകൾക്ക് ബദൽ സംവിധാനമൊരുക്കാൻ ദേവികുളം താലൂക്ക് ഓഫീസിൽ ഇവരെത്തിയെങ്കിലും ഫലമുണ്ടായില്ല. ഓരോ പ്രകൃതിദുരന്ത വാർത്ത കേൾക്കുമ്പോഴും അതിജീവനമാണ് ജീവിതമെന്ന് ശേഷിക്കുന്ന പെട്ടിമുടിക്കാർ പറയും. എങ്കിലും, നോവുന്ന ഓർമ്മകൾ പേറി പൂക്കളും മധുരപലഹാരങ്ങളുമൊക്കെയായി ഈ ദുരന്ത വാർഷികത്തിനും പ്രിയപ്പെട്ടവരുടെ കുഴിമാടത്തിനരികിലെത്തും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തദ്ദേശത്തിലെ 'ന്യൂ ജൻ' തരംഗം; തെരഞ്ഞെടുപ്പ് ഫലം വൈബാക്കിയ ജെൻസികൾ, ഓഫ് റോഡ് റൈഡര്‍ മുതൽ വൈറൽ മുഖങ്ങൾ വരെ
'അമ്മയെപ്പോലെ ചേർത്തു പിടിച്ച് കാത്തിരുന്നു'; വോട്ട് ചെയ്യാനെത്തിയ യുവതിയുടെ കുഞ്ഞിനെ വോട്ടിംഗ് കഴിഞ്ഞെത്തുന്നത് വരെ നോക്കിയ പൊലീസുകാരി