
തൃശ്ശൂര്‍: അയ്യന്തോളിൽ കൊടിതോരണം കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികയായ അഭിഭാഷകയ്ക്ക് പരിക്കേറ്റതിന് പിന്നാലെ കൊടിതോരണങ്ങൾ നീക്കം ചെയ്തു. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് കെട്ടിയ കൊടിതോരണങ്ങള്‍ നീക്കിയെങ്കിലും സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല. പാതയോരങ്ങളില്‍ യാത്രക്കാര്‍ക്ക് തടസമായി കൊടിതോരണങ്ങള്‍ തൂക്കരുതെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുമ്പോഴായിരുന്നു കിസാന്‍ സഭ നിയമലംഘനം നടത്തിയത്. കഴിഞ്ഞ 16 ന് കിസാന്‍ സഭയുടെ അഖിലേന്ത്യാ സമ്മേളനം അവസാനിച്ചിട്ടും കൊടിതോരണങ്ങള്‍ നീക്കിയിരുന്നില്ല.
സ്കൂട്ടറില്‍ പോവുകയായിരുന്ന അഡ്വ. കുക്കു ദേവകിയുടെ കഴുത്തിലാണ് തോരണം പൊട്ടിവീണ് കുരുക്കായത്. പ്ലാസ്റ്റിക് കയര്‍ മുറുകി പരിക്കേല്‍ക്കുകയും ചെയ്തു. നിയന്ത്രിത വേഗതയിലായതിനാല്‍ വീണില്ല. തോരണം അഴിപ്പിക്കണമെന്ന് കാണിച്ച് കുക്കു കളക്ടർക്കും പൊലിസിനും പരാതി നൽകിയിരുന്നു. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ തോരണം നീക്കാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കി. ഉച്ചയോടെ തോരണങ്ങള്‍ അഴിച്ചു മാറ്റുകയും ചെയ്തു.