
തൃശൂര്‍: ഓരേ ഒരു മിനിറ്റ് നേരം, അതു മാത്രമാണ് ചാലക്കുടിയില്‍ വീശീയ മിന്നല്‍ ചുഴലിയുടെ സമയം. പക്ഷേ ആ ഒരു മിനിറ്റിൽ ചാലക്കുടിയെ കാറ്റ് കടപുഴക്കി. കനത്ത നാശമാണ് ചുഴലിക്കാറ്റ് ചാലക്കുടിയിലുണ്ടാക്കിയത്. ഒരു കോടിയിലേറെ രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. നിരവധി വീടുകള്‍ തകരുകയും വ്യാപകമായി കൃഷി നാശമുണ്ടാകുകയും ചെയ്തു. നൂറില്‍ പരം ഇലക്ട്രിക് പോസ്റ്റുകള്‍ ഒടിഞ്ഞുവീണു. ഇതോടെ ചാലക്കുടി മേഖലയില്‍ വൈദ്യുതി വിതരണം പൂര്‍ണമായും രാത്രി ഏഴുവരെ നിലച്ചു. ചാലക്കുടി നഗരസഭയില്‍ പൂര്‍ണമായും മേലൂര്‍, പരിയാരം, കൊരട്ടി പഞ്ചായത്തുകളില്‍ ഭാഗികമായുമാണ് മിന്നല്‍ ചുഴലി വീശിയത്. അഞ്ച് വാഹനങ്ങള്‍ക്ക് മുകളില്‍ മരംവീണു. മിന്നല്‍ചുഴലിയില്‍ കൊരട്ടി മേഖലയിലും കനത്ത നാശംവിതച്ചു. കോനൂര്‍, പാലമുറി, വാലുങ്ങാമുറി, നാലുകെട്ട്, പാലപ്പിള്ളി തുടങ്ങിയ മേഖലയിലെയാണ് ചുഴലിക്കാറ്റ് ബാധിച്ചത്. നിരവധി വീടുകളും തകർന്നു. 28 ഇലട്രിക് പോസ്റ്റുകളും രണ്ട് ട്രാന്‍സ്ഫോര്‍മറുകളും നിലംപതിച്ചു. റബ്ബര്‍, ജാതി, വാഴ തുടങ്ങിയവ നശിച്ചു. പലയിടത്തും തേക്ക്, മാവ്, പ്ലാവ് തുടങ്ങിയ മരങ്ങളും കടപുഴകി വീണു. 6000 ഓളം വാഴ, 300 ഓളം ജാതി, 100 ഓളം തേക്ക്, കവുങ്ങ് തുങ്ങിയ മരങ്ങളും കടപുഴുകി വീണു. പലയിടത്തും ട്രസ് ഷീറ്റുകളും പറന്നുപോയി. രാവിലെ 10.15ഓടെയാണ് ശക്തമായ കാറ്റ് വീശിയത്.
നോര്‍ത്ത് ചാലക്കുടി ടാകിയോണ്‍ നഗറില്‍ പയ്യപ്പിള്ളി മഹേഷിന്റെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന് മുകളില്‍ മരംവീണു. ചൊവ്വരക്കാരന്‍ ഓമനയുടെ വീടിന് മുകളിലെ ഷീറ്റ് കാറ്റില്‍ പറന്നുപോയി. വെള്ളവട്ടത്ത് അബ്ബാസിന്റെ വീടിന് മുകളില്‍ മാവ് മറിഞ്ഞ് വീണു. വീടിന്റ സണ്‍ഷെയ്ഡും ഷീറ്റും പൂര്‍ണമായി തകര്‍ന്നു. മാമ്പിള്ളി ജോണിയുടെ വീട്ടുമുറ്റത്തെ നൂറ് വര്‍ഷം പഴക്കമുള്ള പുളി കടപുഴകി വീടിന് മുകളില്‍ വീണ് വീടിന്റെ ഒരു ഭാഗം തകര്‍ന്നു. വേഴപ്പറമ്പില്‍ ജോര്‍ജിന്റെ വീട്ടുപറമ്പിലെ പ്ലാവ് റോഡിലേക്ക് വീണ് വെള്ളിക്കുളം റോഡില്‍ ഗതഗതം സ്തംഭിച്ചു. പാപ്പിറോഡില്‍ വലിയ തേക്ക് മരം റോഡിലേക്ക് കടപുഴകി വീണു. സെന്റ് ജെയിംസ് ആശുപത്രിക്ക് സമീപം ടെസ്‌ല ലാബിന് മുന്നില്‍ മാവ് റോഡിലേക്ക് മറിഞ്ഞ് ഗതാഗതം സ്തംഭിച്ചു. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു ഓട്ടോറിക്ഷയ്ക്ക് മുകളിലേക്കാണ് മരം വീണത്. ലാബിലേക്ക് വന്ന കുടുംബം ഓട്ടോയിലുണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. നാല് കാറുകള്‍ക്കും കേടുപാടുകള്‍
സംഭവിച്ചു. അഞ്ച് ഇലക്ട്രിക് പോസ്റ്റുകളും ഒടിഞ്ഞ് വീണു. സെന്റ് ജെയിംസ് ആശുപത്രി ബ്ലോക്കിലെ ട്രസ് ഷീറ്റ് കാറ്റില്‍ പറന്നുപോയി. തിനുന്നാംകുന്ന് ക്ഷേത്രത്തിന് സമീപം പന്തക്കലവളപ്പില്‍ അനിലിന്റെ പറമ്പിലെ വന്‍മരം കടപുഴകി വീണ് വീടിന് കേടുപാട് സംഭവിച്ചു. പുതുപള്ളിപറമ്പന്‍ വര്‍ഗീസ് സൈമന്റെ വീടിന് മുകളില്‍ മരംവീണ് ട്രസ് തകര്‍ന്നു.
ചെങ്ങിനിമറ്റം ജോയിയുടെ പറമ്പിലെ പ്ലാവ്, ജാതി മരങ്ങള്‍ മറിഞ്ഞ് വീണു. കിണര്‍ ഭാഗികമായി തകര്‍ന്നു. എന്‍.എസ്.എസ്. ഹാളിന് സമീപം ക്ലീറ്റസ് കോലഞ്ചേരിയുടെ പറമ്പിലെ ജാതിമരങ്ങള്‍ കടപുഴകി വീണ് രണ്ട് വാട്ടര്‍ ടാങ്കുകള്‍ തകര്‍ന്നു. പൈനാടത്ത് ബിന്റോയുടെ പറമ്പിലെ നാല് വലിയ ജാതിമരങ്ങള്‍ കടപുഴകി വീണു. മേച്ചേരി അന്തോണിയുടെ 90 ജാതി മരം, 50 കവുങ്ങ്, ആറ് തേക്ക്, രണ്ടു മഹാഗണി എന്നിവ ശക്തമായ കാറ്റില്‍ മറിഞ്ഞ് വീണു. കൂടപ്പുവ കിഴക്കൂടന്‍ കെ.വി. ജോര്‍ജിന്റെ പറമ്പ് പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ പൈനാടത്ത് ലോനയുടെ 3000 വാഴ, 200 തെങ്ങ്, 30 ജാതി തുടങ്ങിയവ കടപുഴകി വീണു. കട്ടിപ്പൊക്കം മാളിയേക്കല്‍ ആന്റുവിന്റെ കടയുടെ മുകളിലെ ഷീറ്റ് ശക്തമായ കാറ്റില്‍ പറന്നുപോയി. ചെതലന്‍ ജോണിയുടെ രണ്ട് പ്ലാവ് മറിഞ്ഞുവീണു.
ഗാന്ധിനഗറില്‍ വേലപ്പിള്ളി കുട്ടന്റെ ഭാര്യ മണിയുടെ വീട്ടുമുറ്റത്തെ മാവ് നെടുകെ പിളര്‍ന്നു. വെള്ളിക്കുളം റോഡില്‍ ആലൂക്ക ദേവസിയുടെ ജാതിമരങ്ങളും കവുങ്ങുകളും മറിഞ്ഞുവീണു. മേലൂര്‍ പഞ്ചായത്തിലെ പൂലാനി ചെട്ടിത്തോപ്പ് ഭാഗത്തും മിന്നല്‍ ചുഴലിയില്‍ വ്യാപക നാശം വിതച്ചു. ചെട്ടിത്തോപ്പ് കവലയിലെ ട്രാന്‍സ്‌ഫോര്‍മര്‍ തകര്‍ന്ന് റോഡിലേക്ക് വീണു. പത്തോളം ഇലക്ട്രിക് പോസ്റ്റുകളും തകര്‍ന്നു. കുമ്മയില്‍ ഗോപാലകൃഷ്ണന്റെ പറമ്പിലെ 20 ജാതിമരങ്ങളും വാഴ, കവുങ്ങ് എന്നിവയും കടപുഴകി വീണു. കൂവ്വക്കാടന്‍ വീജന്റെ വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്ത കാറിന് മുകളിലേക്ക് മരം വീണു. കാറിനകത്ത് ആള്‍ക്കാരുണ്ടായിരുന്നെങ്കിലും അപായമുണ്ടായില്ല. കൂവ്വക്കാടന്‍ വിജയന്റെ പറമ്പിലെ നിരവധി ജാതി, തേക്ക്, കവുങ്ങ് എന്നിവ കടപുഴകി വീണു. പോട്ടയത്ത് നായര്‍, കോഴിപ്പുറത്ത് രഘുനാഥന്‍, മൂക്കമ്പിള്ളി തങ്കപ്പന്‍, കാരാപ്പിള്ളി മനോഹരന്‍ എന്നിവരുടെ പറമ്പിലെ തേക്ക്, പ്ലാവ്, മാവ്, ജാതിമരങ്ങള്‍ മറിഞ്ഞുവീണു. നിലംപതി എസ്.സി. കോളനി റോഡില്‍ തേക്ക് മറിഞ്ഞുവീണു. പാറയ്ക്ക പവിത്രന്റെ വീടിന് മുകളില്‍ പ്ലാവ് വീണ് വീടിന് കേടുപാടുകള്‍ സംഭവിച്ചു. പ്രദേശത്ത് ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ രണ്ടായിരത്തോളം നേന്ത്രവാഴകള്‍ ഒടിഞ്ഞുവീണു.
പരിയാരം പഞ്ചായത്തിലെ കടുങ്ങാടില്‍ വ്യാപകമായ നാശം സംഭവിച്ചു. മരങ്ങള്‍ റോഡിലേക്ക് മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. വൈദ്യുതി പോസ്റ്റുകളും മറിഞ്ഞ് വീണിട്ടുണ്ട്. കടുങ്ങാട് വാടക്കകത്ത് പോള്‍ ഡേവീസിന്റെ വീട്ടുപറമ്പിലെ രണ്ട് തേക്ക്, മാവ്, ജാതിമരങ്ങളും കടപുഴകി വീണു. വല്ലത്തുകാരന്‍ ചുമ്മാരിന്റെ 51 ജാതിമരങ്ങള്‍ കടപുഴകി വീണു. കിഴക്കൂടന്‍ ജോര്‍ജ്, മടക്കാവില്‍ അഡ്വ. സലിന്‍, വടാശേരി ജേക്കബ് എന്നിവരുടെ പറമ്പിലെ ജാതി, കവുങ്ങ് എന്നിവ മറിഞ്ഞുവീണു. കാഞ്ഞിരപ്പിള്ളി മൂത്തേടന്‍ സിബിന്റെ 10 ജാതി, മൂത്തേടന്‍ ഔസേപ്പിന്റെ പറമ്പിലെ ജാതിമരങ്ങള്‍, കല്ലേലി സേവ്യറിന്റെ ആറു ജാതി, കല്ലേലി എബിയുടെ 100 വാഴ, ജാതിമരങ്ങള്‍, ഇ.എന്‍.എം. ജസ്റ്റിന്റെ പറമ്പിലെ ജാതിമരങ്ങള്‍, പടിഞ്ഞാക്കര ആനിയുടെ പറമ്പിലെ ജാതിമരങ്ങള്‍, കിഴക്കൂന്‍ ജോണിയുടെ പറമ്പിലെ നിരവധി മരങ്ങള്‍ എന്നിവയും മറിഞ്ഞുവീണു.