മരടില്‍ നിരോധനാജ്ഞ: ഫ്ലാറ്റുകള്‍ക്ക് 200 മീറ്റര്‍ പരിധിയില്‍ പ്രവേശിക്കുന്നതിന് വിലക്ക്; ജാഗ്രതയോടെ ജില്ലാ ഭരണകൂടം

By Web TeamFirst Published Jan 10, 2020, 9:19 PM IST
Highlights

രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് നിരോധനാജ്ഞ. ഫ്ലാറ്റുകള്‍ക്ക് 200 മീറ്റര്‍ പരിധിയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 

കൊച്ചി: ഫ്ലാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുന്ന പശ്ചാത്തലത്തില്‍ എറണാകുളം ജില്ലാ കളക്ടര്‍ മരടില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് നിരോധനാജ്ഞ. ഫ്ലാറ്റുകള്‍ക്ക് 200 മീറ്റര്‍ പരിധിയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഡ്രോണുകള്‍ പറത്തരുതെന്നും ജില്ലാ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. 

പൊലീസിന്റെ സുരക്ഷാക്രമീകരണങ്ങളുടെ വിലയിരുത്തലിന് ശേഷം ഇന്ന്  ഉച്ചയോടെ മോക്ഡ്രിൽ അരങ്ങേറിയിരുന്നു. മോക്ഡ്രില്ലിന്റെ ഭാഗമായി നാലുതവണ സൈറണ്‍ മുഴങ്ങി. കുണ്ടന്നൂർ തേവര പാലത്തിലും ചെറുറോഡുകളിലും ഗതാഗതക്രമീകരണവും നടത്തി.  ജില്ലാ കളക്ടര്‍ സുഹാസ്, കൊച്ചി സിറ്റി പോലീസ് കമ്മീഷണറും ഐജിയുമായ വിജയ് സാക്കറെ, ഫോര്‍ട്ട് കൊച്ചി സബ്കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് എന്നിവര്‍ മരട് നഗരസഭയിലെ കൺട്രോൾ റൂമിലെത്തിയിരുന്നു.സുരക്ഷാ ക്രമീകരണങ്ങളിലുണ്ടായ ചെറിയ പിഴവുകൾ ഉടൻ പരിഹരിക്കുമെന്ന് വിജയ് സാക്കറേ അറിയിച്ചു

നാളെ രാവിലെ ഒമ്പത് മണിയോടെ, നിരോധിത മേഖലയില്‍ ഉള്ളവര്‍  സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നാണ് നിര്‍ദ്ദേശം . ഒമ്പത് മണിക്ക് ഉദ്യോഗസ്ഥ സംഘം വീടുകള്‍ പരിശോധിക്കാനെത്തും. പത്ത് മണിയോടെ പൊലീസുകാര്‍ ഉള്‍പ്പടെയുള്ള സംഘമെത്തി വീടുകള്‍ പൂര്ണമായും ഒഴിഞ്ഞെന്ന് ഉറപ്പു വരുത്തും. മൂവായിരത്തോളം പേരെ തല്‍ക്കാലത്തേക്ക് ഒഴിപ്പിക്കേണ്ടി വരുമെന്നാണ് കണക്ക് . ഇവര്‍ക്കായി പനങ്ങാട് ഫിഷറീസ് കോളേജ് ,തേവര എസ് എച്ച് കോളേജ് എന്നിവിടങ്ങളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.  രാവിലെ 11 ന് എച്ച് ടു ഒ ഹോളി ഫെയ്ത്തിലാണ് ആദ്യ നിയന്ത്രിത സ്ഫോടനം നടക്കുക. 10 മിനിട്ടിന് ശേഷം ആല്‍ഫാ സെറീനില്‍ സ്ഫോടനം നടത്തും. 


 

click me!