അനധികൃത അവധി; ആരോഗ്യ വകുപ്പില്‍ 430 ഡോക്ടര്‍മാരുള്‍പ്പടെ 480 ജീവനക്കാരെ പിരിച്ചു വിടുന്നു

Web Desk   | Asianet News
Published : Jan 10, 2020, 06:57 PM ISTUpdated : Jan 10, 2020, 07:34 PM IST
അനധികൃത അവധി; ആരോഗ്യ വകുപ്പില്‍ 430 ഡോക്ടര്‍മാരുള്‍പ്പടെ 480 ജീവനക്കാരെ പിരിച്ചു വിടുന്നു

Synopsis

അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്നവർക്ക് എതിരെയാണ് നടപടി.

തിരുവനന്തപുരം: ആരോഗ്യവകുപ്പില്‍ നിന്ന് 430 ഡോക്ടർമാരുൾപ്പടെ 480 ജീവനക്കാരെ പിരിച്ചു വിടാൻ ഉത്തരവ്. അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്നവർക്ക് എതിരെയാണ് നടപടി.

അവധിയില്‍ പോയവര്‍ക്ക് സർവീസിൽ തിരികെ പ്രവേശിക്കാൻ അവസരം നൽകിയിട്ടും 480 പേർ അതിനു തയ്യാറായില്ല. ഇതിനെ തുടർന്നാണ് ഇവരെ പിരിച്ചു വിടാൻ ഉത്തരവ് ഇറക്കിയത്. ഒരുവര്‍ഷത്തെ ഇടവേളയ്ക്കുള്ളില്‍ രണ്ടു തവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കുന്നതിന് താത്പര്യം പ്രകടിപ്പിക്കാത്ത ജീവനക്കാരെ നീക്കം ചെയ്യുന്നതിനാണ് തീരുമാനമെടുത്തിരിക്കുന്നത് എന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ 36 ഡോക്ടര്‍മാരെ നേരത്തെ പുറത്താക്കിയിരുന്നു.

തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും സംസ്ഥാനത്ത് അനേകം പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്നതിന് കാരണമാകുന്നുണ്ട്. പ്രകൃതിദുരന്ത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, പകര്‍ച്ചവ്യാധി നിയന്ത്രണം എന്നീ മേഖലകളില്‍ കൂടുതല്‍ മികവുറ്റ ആരോഗ്യ സേവനദൗത്യങ്ങള്‍ നിര്‍വഹിക്കുന്നതിനും വകുപ്പിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും ഇത്രയേറെ ജീവനക്കാരുടെ അനധികൃത ഹാജരില്ലായ്മ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇക്കാര്യം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ശന നടപടി സ്വീകരിക്കുന്നത്. ഇത്രയധികം നാളുകളായി സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്നത് വകുപ്പിന്റെ പ്രവര്‍ത്തനത്തെ താറുമാറാക്കുകയും ജനങ്ങള്‍ക്ക് അര്‍ഹമായ സേവനം ലഭ്യമാക്കുന്നതിന് കടുത്ത വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ ഇത്തരം ജീവനക്കാരെ സര്‍വീസില്‍ തുടരാനനുവദിക്കുന്നത് സേവനതല്‍പരരായ അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുകയും ചെയ്യും. അതിനാലാണ് കര്‍ശന നടപടി സ്വീകരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്...

അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടു നില്‍ക്കുന്ന ആരോഗ്യ വകുപ്പിന് കീഴിലുള്ള 430 ഡോക്ടര്‍മാരുള്‍പ്പെടെയുള്ള 480 ജീവനക്കാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഒരുവര്‍ഷത്തെ ഇടവേളയ്ക്കുള്ളില്‍ രണ്ടു തവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കുന്നതിന് താത്പര്യം പ്രകടിപ്പിക്കാത്ത ജീവനക്കാരെ നീക്കം ചെയ്യുന്നതിനാണ് തീരുമാനമെടുത്തിരിക്കുന്നത്. അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ 36 ഡോക്ടര്‍മാരെ നേരത്തെ പുറത്താക്കിയിരുന്നു.

സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്ന പ്രൊബേഷന്‍ പൂര്‍ത്തിയാക്കിയ 53 ഡോക്ടര്‍മാരും പ്രൊബേഷനര്‍മാരായ 377 ഡോക്ടര്‍മാരും ഉള്‍പ്പെടെ 430 ഡോക്ടര്‍മാരേയാണ് നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് പിരിച്ചുവിടുന്നത്. ഇതിന് പുറമേ അനധികൃതാവധിയിലായ 6 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, 4 ഫാര്‍മസിസ്റ്റുകള്‍, 1 ഫൈലേറിയ ഇന്‍സ്‌പെക്ടര്‍, 20 സ്റ്റാഫ് നഴ്‌സുമാര്‍, 1 നഴ്‌സിംഗ് അസിസ്റ്റന്റ്, 3 ദന്തല്‍ ഹൈനീജിസ്റ്റുമാര്‍, 2 ലാബ് ടെക്‌നീഷ്യന്‍മാര്‍, 3 റേഡിയോഗ്രാഫര്‍മാര്‍, 2 ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ്-രണ്ട്, 2 ആശുപത്രി അറ്റന്‍ഡര്‍ ഗ്രേഡ്-രണ്ട്, 3 റെക്കോഡ് ലൈബ്രേറിയന്‍മാര്‍, 1 പി.എച്ച്.എന്‍. ട്യൂട്ടര്‍മാര്‍, 3 ക്ലാര്‍ക്കുമാര്‍ എന്നിങ്ങനെ 50 ജീവനക്കാരേയുമാണ് പിരിച്ചുവിടുന്നത്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വയനാടിന് ആശ്വാസം; ഉരുൾപൊട്ടല്‍ ദുരിത ബാധിതരുടെ കടം എഴുതി തള്ളും, തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് നൽകും
കർണാടകയുടെ ആശങ്കകൾ അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി; 'കന്നഡ മീഡിയം സ്കൂളുകളിൽ മലയാളം അടിച്ചേൽപ്പിക്കുന്നു എന്ന പരാതി അടിസ്ഥാനരഹിതം'