മരടിലെ ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് ഇന്ന് തുടക്കം; സമയം ആവശ്യപ്പെട്ട് ഫ്ലാറ്റ് ഉടമകള്‍ നിരാഹാര സമരത്തിലേക്ക്

By Web TeamFirst Published Sep 29, 2019, 7:04 AM IST
Highlights

ഒഴിപ്പിക്കൽ നടപടിക്ക് മുന്നോടിയായി വിച്ഛേദിച്ച വൈദ്യുതിയും വെള്ളവും പുനഃസ്ഥാപിക്കും. 

കൊച്ചി: മരടിലെ ഫ്ലാറ്റുകളിൽ നിന്ന് താമസക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ഇന്ന് തുടങ്ങും. ഒക്ടോബർ നാല് വരെയാണ് നടപടികൾ തുടരുക. അതേ സമയം ഫ്ലാറ്റുകൾ ഒഴിയുന്നതിന് കൂടുതൽ സമയം അനുവദിക്കണമെന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഫ്ലാറ്റുടമകൾ ഇന്നുമുതൽ നിരാഹാര സമരം നടത്തും. സുപ്രീം കോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലം പ്രകാരം ഫ്ലാറ്റ് പൊളിക്കൽ നടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ച സാഹചര്യത്തിലാണ് നഗരസഭ ഇന്ന് മുതൽ ഒഴിപ്പിക്കൽ നടപടികൾ തുടങ്ങുന്നത്. നഗരസഭ സെക്രട്ടറി കൂടിയായ സബ് കളക്ടറുടെ നേതൃത്ത്വത്തിലുള്ള സംഘം ഫ്ലാറ്റുകളിലെത്തി ഉടമകളെ കാണും. അനുവദിച്ച സമയത്തിനുള്ളിൽ തന്നെ ഫ്ലാറ്റുകളിൽ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ഉടമകളോട് ആവശ്യപ്പെടും. ഒഴിപ്പിക്കൽ നടപടിക്ക് മുന്നോടിയായി വിച്ഛേദിച്ച വൈദ്യുതിയും വെള്ളവും പുനഃസ്ഥാപിക്കും. 

താമസക്കാർക്ക് സൗകര്യപ്രദമായി സാധനങ്ങൾ നീക്കുന്നതിനാണ് ഇത്. ഒഴിഞ്ഞുപോകുന്നവർക്ക് പകരം താമസത്തിന് ഫ്ലാറ്റുകൾ അടക്കം നഗരസഭ വാടകയ്ക്ക് ഒരുക്കും. വാടക അതാതത് കുടുംബങ്ങൾ നൽകണം. നഗരസഭയുടെ താൽകാലിക പുനരധിവാസം ആവശ്യമുള്ളവർക്ക് ഇന്ന് കൂടി അപേക്ഷിക്കാം. കൂടാതെ ഫ്ലാറ്റുടമകൾക്ക് നഷ്ടപരിഹാരം കൈമാറാനുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉദ്യോഗസ്ഥർ ശേഖരിക്കും. ഒഴിയുന്നവർക്ക് വീട്ടുപകരണങ്ങൾ മറ്റൊരിടത്തേക്ക് മാറ്റാൻ സ്വകാര്യ ഏജൻസികളോട് ചാർജ്ജ് കുറയ്ക്കാനും നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പ്രാഥമിക നഷ്ടപരിഹാര തുകയായ 25 ലക്ഷം രൂപ ഉടനടി ലഭ്യമാക്കണമെന്നും ഫ്ലാറ്റുകളുടെ മൂല്യം നിർണ്ണയിച്ച് നഷ്ടപരിഹാരത്തുക പരിഷ്കരിക്കണമെന്നുമാണ് ഫ്ലാറ്റുടമകളുടെ ആവശ്യം. ഇക്കാര്യങ്ങൾ ഉന്നയിച്ച് ഫ്ലാറ്റുടമകൾ ഇന്നുമുതൽ നിരാഹാര സമരം നടത്തും. 

കുടിയൊഴിപ്പിക്കൽ എങ്ങനെ?

കുടിയൊഴിപ്പിക്കൽ പൂർത്തിയാകുന്ന മുറയ്ക്ക് തന്നെ ഫ്ലാറ്റ് പൊളിക്കലിലേക്ക് സർക്കാർ കടക്കും. ബലം പ്രയോഗിക്കാതെ താമസക്കാരെ ഒഴിപ്പിക്കാൻ സാധിക്കുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ. താൽകാലിക  പുനരധിവാസത്തിന് ജില്ലയിൽ കണ്ടെത്തിയ 500 ഫ്ളാറ്റുകളിലേക്ക് താമസക്കാരെ മാറ്റാനാണ് നീക്കം. ഇവയുടെ വാടക ഫ്ലാറ്റ് ഉടമകൾ നൽകണം. വീട്ടുപകരണങ്ങൾ മറ്റൊരിടത്തേക്ക് മാറ്റുന്ന സ്വകാര്യ ഏജൻസികളോട് ചാർജ് കുറച്ച് സഹകരിക്കാനും നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്. താൽകാലിക പുനരധിവാസം ആവശ്യം ഉള്ളവർക്ക് നാളെയും അപേക്ഷിക്കാം. നഷ്ടപരിഹാരം കൈമാറാൻ ഫ്ലാറ്റ് ഉടമകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കും. ശേഷം അഞ്ച് ഫ്ലാറ്റുകളുടെയും പൊളിക്കൽ നടപടികൾ ഒരേ സമയത്ത് തന്നെ തുടങ്ങാനാണ് തീരുമാനം. ക്രെയിനുകൾ ഉപയോഗിച്ച് പൊളിക്കുന്നത് കാല താമസം എടുക്കുന്നത് മൂലം നിയന്ത്രിത സ്ഫോടനത്തോടെ ഫ്ലാറ്റുകൾ പൊളിക്കാനാണ് നിലവിലെ നീക്കം.

നിലപാട് മയപ്പെടുത്തി ഉടമകൾ

ഫ്ലാറ്റ് ഒഴിഞ്ഞ് പോകില്ലെന്ന നിലപാട്  ഉടമകളും മയപ്പെടുത്തിയിട്ടുണ്ട്. സുപ്രീം കോടതി നിശ്ചയിച്ച നഷ്ടപരിഹാരം വേഗത്തിൽ നൽകണമെന്നും ഫ്ലാറ്റുകളിൽ നിന്ന് സാധനങ്ങൾ അടക്കം നീക്കി മാറുന്നതിന് കൂടുതൽ സമയം വേണെന്നുമാണ് പുതിയ ഉപാധി.ഫ്ളാറ്റ് ഒഴിയാൻ കൂടുതൽ സാവകാശം വേണമെന്നാവശ്യപ്പെട്ട് ഉടമകൾ സർക്കാരിനെ സമീപിച്ചു.എന്നാൽ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ഫ്ലാറ്റ് ഉടമകൾ നാളെ മുതൽ അനിശ്ചിത കാല സമരം തുടങ്ങും.മരടിലെ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന കുടുംബങ്ങളോടുള്ള മനുഷ്യാവകാശ ലംഘനവും നീതിനിഷേധവും അവസാനിപ്പിക്കുക, ഇരുട്ടിന്‍റെ മറവിൽ വിച്ഛേദിക്കപ്പെട്ട വൈദ്യുതി, ജലവിതരണ സംവിധാനങ്ങൾ ഉടൻ പുനഃസ്ഥാപിക്കുക, കുടിയൊഴിപ്പിക്കപ്പെടുന്നതിനു മുൻപ് അനുയോജ്യമായ വാസസ്ഥലം ഉറപ്പാക്കുക, സമാധാനപരമായി ഒഴിഞ്ഞു പോകുന്നതിന് ആവശ്യമായ സമയം അനുവദിക്കുക, ഒഴിപ്പിക്കുതിന് മുമ്പ് ഫ്ലാറ്റുകളുടെ മൂല്യം നിർണയിക്കുക,പ്രാഥമിക നഷ്ടപരിഹാരത്തുക എത്രയും വേഗം നൽകുക, എന്നിവ ആവശ്യപ്പെട്ടാണ് ഫ്ലാറ്റ് ഉടമകൾ സമരം നടത്തുന്നത്.

click me!