
പാലക്കാട്: ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയിൽ റിമാൻഡിൽ കഴിയുന്ന പാലക്കാട്ടെ കൗൺസിലർ പ്രശോഭ് സി വത്സൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലക്സ് ബോർഡുകൾ. പാലക്കാട് നഗരത്തിൽ ഉടനീളം പ്രശോഭിനെതിരെ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. ദളിത് രക്ഷാസമിതിയുടെ നേതൃത്വത്തിലാണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്. പാലക്കാടിന് അപമാനം എന്ന വാചകമാണ് ഫ്ലക്സ് ബോർഡിലുള്ളത്.
കഴിഞ്ഞ ദിവസം പ്രശോഭിൻ്റെ ജാമ്യാപേക്ഷ പരിഗണിച്ച മണ്ണാർക്കാട് എസ്‍സി/എസ്ടി കോടതി ജാമ്യം നിഷേധിച്ചിരുന്നു. പ്രതി പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്ര ഗുരുതര കുറ്റകൃത്യം ചെയ്തയാൾക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കോടതി നിരീക്ഷിച്ചു.
ഇക്കഴിഞ്ഞ മാർച്ച് മാസം 27നാണ് കോൺഗ്രസ് കൗൺസിലറായിരുന്ന പ്രശോഭിനെതിരെ ലൈംഗിക പീഡന പരാതി ഉയർന്നത്. ജോലി വാഗ്ദാനം ചെയ്ത് സൗഹൃദം നടിച്ച പ്രശോഭ്, താമസസ്ഥലത്തേക്ക് അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തുവെന്നും ഉന്നത കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതി. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം, പാലക്കാട് ടൗൺ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിനിടെ പ്രതി ഒളിവിൽ പോകുകയായിരുന്നു.
പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ, മണ്ണാർക്കാട് കോടതിയിലും ഹൈക്കോടതിയിലും മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും പ്രശോഭിന് അനുകൂലമായ വിധി ഉണ്ടായില്ല. ഇതോടെ മെയ് 27ന് പ്രശോഭ് ടൗൺ പൊലീസിന് മുൻപാകെ കീഴടങ്ങുകയായിരുന്നു. ലൈംഗിക പീഡന പരാതി ഉയർന്നതിന് പിന്നാലെ കോൺഗ്രസ് പ്രശോഭിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. അതിനിടെ, ജയിലിൽ ആയതിനാൽ കൗൺസിൽ യോഗങ്ങളിൽനിന്ന് അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് മുൻസിപ്പാലിറ്റി കൗൺസിലിന് പ്രശോഭ് കത്ത് നൽകി. കുന്നത്തൂർമേട് വാർഡിലെ കൗൺസിലറാണ് പ്രശോഭ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam