അര്‍ഹതപ്പെട്ട ആനുകൂല്യം കിട്ടാക്കനി; തേലത്തുരുത്തില്‍ ദുരിതജീവിതങ്ങള്‍ നിരവധി

By Web TeamFirst Published Jun 23, 2019, 11:12 AM IST
Highlights

പ്രളയത്തില്‍ തകര്‍ന്ന വീടിന്‍റെ പുനര്‍നിര്‍മ്മാണത്തിന് സര്‍ക്കാര്‍ സഹായിക്കുമെന്ന വാഗ്ദാനം വിശ്വസിച്ച് പറവൂര്‍ തേലത്തുരുത്തില്‍ ദുരിതത്തിലായത് ഗോപിയും കുടുംബവും മാത്രമല്ല. ഇവിടെ നിരവധി വീടുകളാണ് പ്രളയത്തോടെ വാസയോഗ്യമല്ലാതായത്. 

കൊച്ചി: "ഇവിടെ കിടന്ന് ഞങ്ങള്‍ക്കെന്തെങ്കിലും സംഭവിക്കും. ഇനി അന്നേരം ഞങ്ങളെ സഹായിച്ചാ മതിയെല്ലാരും..."പ്ലാസ്റ്റിക് ഷീറ്റിട്ട് മറച്ച ഷെഡ്ഡിലെ ദുരിതജീവിതത്തെത്തുറിച്ച് തേലത്തുരുത്ത് സ്വദേശി ഗോപി പറയുന്നത് നിറകണ്ണുകളോടെയാണ്. പ്രളയത്തില്‍ തകര്‍ന്ന വീടിന്‍റെ പുനര്‍നിര്‍മ്മാണത്തിന് സര്‍ക്കാര്‍ സഹായിക്കുമെന്ന വാഗ്ദാനം വിശ്വസിച്ച് പറവൂര്‍ തേലത്തുരുത്തില്‍ ദുരിതത്തിലായത് ഗോപിയും കുടുംബവും മാത്രമല്ല. ഇവിടെ നിരവധി വീടുകളാണ് പ്രളയത്തോടെ വാസയോഗ്യമല്ലാതായത്. 

പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരുടെ മനോഭാവം മാറുന്നതനുസരിച്ച് ലഭിക്കുന്ന ദുരിതാശ്വാസത്തിന്‍റെ തോതും മാറുമെന്ന പരാതിയാണ് തേലത്തുരുത്തുകാര്‍ക്ക് പറയാനുള്ളത്. ആദ്യ പരിശോധനയില്‍ വീട് പൂര്‍ണമായും തകര്‍ന്നവരുടെ പട്ടികയിലായിരുന്ന ഗോപി അടക്കമുള്ളവര്‍ പിന്നീട് വീട് ഭാഗികമായി തകര്‍ന്നവരുടെ പട്ടികയിലേക്ക് മാറി. ആദ്യമെത്തിയ ഉദ്യോഗസ്ഥരുടെ വാക്ക് വിശ്വസിച്ച് വീട് പൊളിച്ചുമാറ്റിയതോടെ താമസിക്കാന്‍ വീടും ഇല്ല, വീട് പണിയാന്‍ പണവുമില്ല എന്ന അവസ്ഥയിലായ കഥയാണ് ഗോപിയുടെ അയല്‍വാസിയായ സുബ്രനും പറയാനുള്ളത്. 

"ഒരുപാട് ആളുകള്‍ ഇവിടെ വന്ന് പരിശോധിച്ച് പോയി. വീട് കിട്ടുമെന്ന പ്രതീക്ഷയാണ് അപ്പോഴൊക്കെ ഉണ്ടായത്. സ്വന്തമായി വീട് വയ്ക്കാന്‍ ഇനിയെനിക്കാവില്ല, അതിനുള്ള കഴിവില്ല. പണിക്ക് പോവാതായിട്ട് എട്ട് വര്‍ഷത്തോളമായി. ആദ്യം കിട്ടിയ പതിനായിരം രൂപയല്ലാതെ മറ്റൊന്നും ഇതുവരെ കിട്ടിയിട്ടില്ല." സുബ്രനും ഭാര്യയും പറയുന്നു.

വീടിന്‍റെ പണികള്‍ക്കായി 15000 രൂപ ആദ്യം ലഭിച്ചു. ബാക്കി പണം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പറയുന്നവര്‍ ഇവിടെ നിരവധിയാണ്. വില്ലേജ് ഓഫീസില്‍ പോയി അന്വേഷിക്കുമ്പോള്‍ പറയുന്നത് പണം ഇതുവരെ വന്നിട്ടില്ല എന്നാണ്. 16 മുതല്‍ 29 ശതമാനം വരെ നാശനഷ്ടം സംഭവിച്ച വീടുകള്‍ക്ക് ഇതുവരെ തുകയൊന്നും ലഭിച്ചിട്ടില്ലെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു. 

ഭാഗികമായി വീട് നഷ്ടപ്പെട്ടെന്ന പട്ടികയില്‍ ഉള്‍പ്പെട്ട പലരും വീട് പൂര്‍ണമായും നഷ്ടപ്പെട്ടവരാണ്. അക്കാര്യം ചൂണ്ടിക്കാട്ടി പലരും അപ്പീല്‍ നല്‍കി. എന്നിട്ടും പണം ലഭിച്ചവര്‍ വളരെക്കുറവാണെന്നും പഞ്ചായത്തംഗം ഉള്‍പ്പടെയുള്ളവര്‍ പറയുന്നു. നിയമസഭയില്‍ പ്രഖ്യാപിച്ചെങ്കിലും,അപ്പീല്‍ സ്വീകരിക്കാന്‍ ഔദ്യോഗിക അറിയിപ്പ് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് ജില്ലാ അധികൃതര്‍ പറയുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 


 

click me!