കര കയറാത്ത നവകേരളം; ദുരിതാശ്വാസം ചുവപ്പ് നാടയിൽ കുരുങ്ങുന്നതെങ്ങനെ?

Published : Jun 23, 2019, 10:47 AM ISTUpdated : Jun 23, 2019, 11:45 AM IST
കര കയറാത്ത നവകേരളം; ദുരിതാശ്വാസം ചുവപ്പ് നാടയിൽ കുരുങ്ങുന്നതെങ്ങനെ?

Synopsis

സങ്കീർണ്ണമായ വ്യവസ്ഥകൾ ഒരു പരിധി വരെ ഉദാരമാക്കിയിരുന്നെങ്കിൽ പ്രളയ ബാധിതർക്കെല്ലാം ഒരു വർഷത്തിനിപ്പുറം സഹായം ഉറപ്പാക്കാനാകുമായിരുന്നു

തിരുവനന്തപുരം: പ്രളയം വന്ന് കേരളത്തെയാകെ മുക്കിയിട്ട് ഒരു വ‍ർഷമാവുന്നു. ഇപ്പോഴും കരകയറാതെ നിലയില്ലാക്കയത്തിൽ മുങ്ങി നിൽക്കുകയാണ് വീടും ജീവനോപാധികളും നഷ്ടമായ വലിയൊരു വിഭാഗം ജനങ്ങൾ. ഇനിയും സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയിട്ടില്ലാത്ത ഇവരുടെ, ഇനി എന്നെങ്കിലും കരകയറാനാകുമോ എന്ന ആശങ്കയെപ്പോലും ഇല്ലാതാക്കാൻ പറ്റാത്ത വിധത്തിൽ പരാജയപ്പെട്ടിരിക്കുകയാണ് പലയിടങ്ങളിലും ദുരിതാശ്വസം. കരകയറാത്ത നവകേരളം ചർച്ചയാക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്.

മഹാപ്രളയത്തിൽ കേരളത്തിനുണ്ടായത് 25,000 കോടി രൂപയുടെ നഷ്ടമാണ്. വീടും സ്ഥലവും നഷ്ടമായ വലിയൊരു വിഭാഗം ഇതുവരെ സാധാരണ ജീവിതത്തിലേക്ക്  തിരിച്ചെത്തിയിട്ടില്ല. പ്രളയം കഴിഞ്ഞ് ഒരു വർഷമാകുമ്പോഴും വീട് നഷ്ടപ്പെട്ട നിരവധി കുടുംബങ്ങൾക്ക് പകരം വീട് നൽകാനായിട്ടുമില്ല.

സ്വന്തമായി ഭൂമി ഇല്ലാത്തവര്‍, പ്രളയത്തിൽ ഭൂരഹിതരായവര്‍, ഉടമസ്ഥാവകാശം സ്വന്തം പേരിൽ മാത്രമല്ലാത്തവർ എന്നിങ്ങനെയുളളവരാണ് ചുവപ്പുനാടയുടെ കുരുക്കിൽ പെട്ടിരിക്കുന്നത്. ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നമാണ് ഒരു ഗഡു പോലും അനുവദിക്കാനാകാത്തതിന് കാരണം.

പ്രളയത്തിൽ പൂർണ്ണമായും തകർന്ന 15,000 വീടുകളിൽ മൂന്നിലൊന്ന് മാത്രമാണ് ഇതുവരെ പൂർത്തിയാക്കാനായത്. സർക്കാർ സഹായത്തോടെ വീട് നിർമ്മിക്കുന്ന 6927 കുടുംബങ്ങൾക്ക് ഫണ്ട് പൂർണ്ണമായും നൽകാൻ കഴിഞ്ഞിട്ടില്ല. 447 കുടുംബങ്ങൾക്ക് വീടിനായി ഇനിയും ഭൂമി കണ്ടെത്തേണ്ടതുണ്ട്.

"അടുത്ത മഴയ്ക്ക് മുമ്പ് എല്ലാവരുടെയും വീട് നി‍ർമാണം പൂർത്തിയാക്കുകയെന്നതായിരുന്നു ലക്ഷ്യമെങ്കിലും അത് നടന്നിട്ടില്ല. ഭൂമി കണ്ടെത്താനുള്ള പ്രയാസം, നിർമാണ വസ്തുക്കളുടെ ലഭ്യതക്കുറവ് എന്നിവയൊക്കെ കാരണമായിട്ടുണ്ട്. ഒന്നോ രണ്ടോ മാസങ്ങൾക്കുള്ളിൽ തന്നെ എല്ലാവർക്കും വീട് ഉറപ്പാക്കാനാകുമെന്നാണ് വിശ്വാസം" റവന്യൂ സെക്രട്ടറി ഡോ. വി വേണു പറയുന്നു. 

ദുരന്തസാധ്യതാമേഖലയിൽ വസിക്കുന്നവർക്കും പുറമ്പോക്കിൽ താമസിക്കുന്നവർക്കും സർക്കാർ സ്ഥലം കണ്ടെത്തി വീട് നൽകുമെന്നായിരുന്നു വാഗ്ദാനം. ഇത്തരത്തിൽ 447 കുടുംബങ്ങൾക്കാണ് വീടിനായി ഭൂമി കണ്ടെത്താൻ ബാക്കിയുളളത്.

 മഹാപ്രളയത്തിന്‍റെ  ഒരാണ്ട് പിന്നിടുമ്പോള്‍ പൂർണ്ണമായും തകർന്ന 15,324 വീടുകളിൽ 5418 വീടുകളാണ് നിര്‍മിച്ചത്. ഇതിൽ 3499 വീടുകൾ സർക്കാർ സഹായത്തോടെ പ്രളയബാധിതർ നിർമിച്ചു. ഭാഗികമായി തകർന്ന 2,54, 260 വീടുകളിൽ 13,522 കുടുംബങ്ങൾക്ക് നഷ്ടപരിഹാരം കിട്ടാനുണ്ട്.

75 ശതമാനത്തിലേറെ നാശനഷ്ടമുണ്ടായ വീടുകളാണ് പൂർണ്ണമായും തകർന്ന വീടായി പരിഗണിക്കുന്നത്. നാശനഷ്ടങ്ങളുടെ തോത് പരിഗണിക്കുന്നതിലെ തർക്കവും സഹായം വൈകാൻ കാരണമാവുന്നുണ്ട്.

"75 ശതമാനത്തിലേറെ നാശനഷ്ടമുണ്ടായ വീടുകൾക്കേ സഹായം കൊടുക്കൂ. ഭാഗികമായി തകർന്നവർക്ക് കൊടുക്കില്ല എന്നിങ്ങനെയുള്ള കാരണങ്ങൾ പറഞ്ഞ് എങ്ങനെ സഹായം കിട്ടരുതെന്നുള്ളതിലാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ ഗവേഷണം നടത്തുന്നത്" പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നു.

പ്രളയം അതിജീവിച്ചെങ്കിലും സർക്കാരിന്‍റെ ചുവപ്പുനാടയും കടന്നാലേ അർഹമായ സഹായം കിട്ടൂയെന്ന സ്ഥിതിയാണ് ദുരന്തബാധിതർക്ക്. സങ്കീർണ്ണമായ വ്യവസ്ഥകൾ ഒരു പരിധി വരെ ഉദാരമാക്കിയിരുന്നെങ്കിൽ പ്രളയ ബാധിതർക്കെല്ലാം ഒരു വർഷത്തിനിപ്പുറം സഹായം ഉറപ്പാക്കാനാകുമായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എലപ്പുള്ളി ബ്രൂവറി; പല വസ്തുതകളും ശരിയല്ലെന്ന് ഹൈക്കോടതി, ഉത്തരവിലെ കൂടുതൽ വിശദാംശങ്ങള്‍ പുറത്ത്
പാരഡി ഗാന വിവാദം; 'പാർട്ടി പാട്ടിന് എതിരല്ല, ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഇടപെടില്ല', പ്രതികരിച്ച് രാജു എബ്രഹാം