
ആലപ്പുഴ: അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്കരണത്തില്‍ ഹാപ്പിയായെന്ന് ശങ്കു. അങ്കണവാടിയില്‍ ബിരിയാണി കിട്ടുന്നതില്‍ ശങ്കുവും കൂട്ടുകാരും ഹാപ്പിയായെന്നും മന്ത്രി ആന്‍റിക്കും എല്ലാവർക്കും നന്ദിയെന്നും ശങ്കു പറയുന്നു. ദേവികുളങ്ങര പഞ്ചായത്തിലെ പ്രയാർ കിണർമുക്കിലെ ഒന്നാം നമ്പർ അങ്കണവാടിയില്‍ പഠിക്കുന്ന തൃജൽ എസ് സുന്ദർ എന്ന ശങ്കുവിന്‍റെ ‘അങ്കണവാടിയില്‍ ബിർനാണീം പൊരിച്ച കോഴീം’ വേണമെന്ന വൈറല്‍ വീഡിയോയ്ക്ക് പിന്നാലെയാണ് ഭക്ഷണ മെനു പരിഷ്കരണം. പ്രയാർ വടക്ക് പുന്നക്കുഴിയിൽ സോമസുന്ദറിന്റെയും അശ്വതിയുടെയും മകനാണ് ശങ്കു.
അങ്കണവാടി കുട്ടികള്‍ക്കുള്ള പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, ജനറല്‍ ഫീഡിംഗ് തുടങ്ങിയ അനുപൂരക പോഷകാഹാരമാണ് പരിഷ്‌ക്കരിച്ചത്. പഞ്ചസാരയുടേയും ഉപ്പിന്റേയും അളവ് കുറച്ചുകൊണ്ട് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡ പ്രകാരം വളര്‍ച്ചയ്ക്ക് സഹായകമായ ഊര്‍ജവും പ്രോട്ടീനും ഉള്‍പ്പെടുത്തി രുചികരമാക്കിയാണ് ഭക്ഷണ മെനു പരിഷ്‌ക്കരിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ഏകീകൃത ഭക്ഷണ മെനു നടപ്പിലാക്കുന്നത്. പത്തനംതിട്ടയില്‍ നടന്ന അങ്കണവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിലാണ് അങ്കണവാടി കുട്ടികള്‍ക്കുള്ള പരിഷ്‌കരിച്ച 'മാതൃക ഭക്ഷണ മെനു' മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തത്.
ശങ്കുവിന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ഭക്ഷണ മെനു പരിശോധിക്കുമെന്ന് നേരത്തെ തന്നെ ഉറപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് വനിത ശിശുവികസന വകുപ്പ് വിവിധ തലങ്ങളില്‍ യോഗം ചേര്‍ന്നാണ് കുട്ടികളുടെ ആരോഗ്യം ഉറപ്പ് വരുത്തി ഭക്ഷണ മെനു പരിഷ്‌ക്കരിച്ചത്. മുട്ട ബിരിയാണി, പുലാവ് ഒക്കെ ഉള്‍പ്പെടുത്തിയാണ് മെനു ക്രമീകരിച്ചിട്ടുള്ളത്. രണ്ട് ദിവസം വീതം നല്‍കിയിരുന്ന പാലും മുട്ടയും 3 ദിവസം വീതമാക്കി മാറ്റിയിട്ടുണ്ട്. പരിഷ്‌ക്കരിച്ച ഭക്ഷണ മെനു അനുസരിച്ച് ഓരോ ദിവസവും വൈവിധ്യമായ ഭക്ഷണമാണ് നല്‍കുക.
തിങ്കളാഴ്ച പ്രാതലിന് പാല്‍, പിടി, കൊഴുക്കട്ട/ഇലയട, ഉച്ചഭക്ഷണമായി ചോറ്, ചെറുപയര്‍ കറി, ഇലക്കറി, ഉപ്പേരി/തോരന്‍, പൊതുഭക്ഷണമായി ധാന്യം, പരിപ്പ് പായസം. ചൊവ്വാഴ്ച പ്രാതലിന് ന്യൂട്രി ലഡു, ഉച്ചയ്ക്ക് മുട്ട ബിരിയാണി/മുട്ട പുലാവ്, ഫ്രൂട്ട് കപ്പ്, പൊതുഭക്ഷണമായി റാഗി അട. ബുധനാഴ്ച പ്രാതലിന് പാല്‍, പിടി, കൊഴുക്കട്ട/ഇലയട, കടല മിഠായി, ഉച്ചയ്ക്ക് പയര്‍ കഞ്ഞി, വെജ് കിഴങ്ങ് കൂട്ട് കറി, സോയ ഡ്രൈ ഫ്രൈ, പൊതുഭക്ഷണം ഇഡ്ഢലി, സാമ്പാര്‍, പുട്ട്, ഗ്രീന്‍പീസ് കറി. വ്യാഴാഴ്ച രാവിലെ റാഗി, അരി-അട/ഇലയപ്പം, ഉച്ചയ്ക്ക് ചോറ്, മുളപ്പിച്ച ചെറുപയര്‍, ചീരത്തോരന്‍, സാമ്പാര്‍, മുട്ട, ഓംലറ്റ്, പൊതുഭക്ഷണമായി അവല്‍, ശര്‍ക്കര, പഴം മിക്‌സ്.
വെള്ളിയാഴ്ച പ്രാതലായി പാല്‍, കൊഴുക്കട്ട, ഉച്ചഭക്ഷണമായി ചോറ്, ചെറുപയര്‍ കറി, അവിയല്‍, ഇലക്കറി, തോരന്‍, പൊതുഭക്ഷണമായി ഗോതമ്പ് നുറുക്ക് പുലാവ്. ശനിയാഴ്ച രാവിലെ ന്യൂട്രി ലഡു, ഉച്ചയ്ക്ക് വെജിറ്റബിള്‍ പുലാവ്, മുട്ട, റൈത്ത, പൊതു ഭക്ഷണമായി ധാന്യ പായസം എന്നിവ നല്‍കുന്നതാണ്. ഓരോ വിഭവങ്ങള്‍ തയ്യാറാക്കുന്നതിനുള്ള ചേരുവകളും അവയില്‍ അടങ്ങിയിരിക്കുന്ന ഊര്‍ജം, പ്രോട്ടീന്‍ എന്നിവയടങ്ങിയ പോഷകമൂല്യവും ഉള്‍പ്പെടെയുള്ള വിവരങ്ങളും ഭക്ഷണ മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam