
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്ത് ചെക്ക് പോസ്റ്റുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ശക്തമായ പരിശോധനകൾ നടത്തിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ചെക്ക് പോസ്റ്റുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് കർശന പരിശോധന നടത്തിയതിനെ തുടർന്ന് അയൽ സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ പാലിൽ മായം ചേർക്കൽ കുറഞ്ഞതായി കണ്ടെത്തി. കഴിഞ്ഞ 24 മുതൽ 28 വരെ 5 ദിവസങ്ങളിലായി 711 വാഹനങ്ങളിലാണ് പരിശോധന നടത്തിയത്.
പാൽ, പാലുല്പന്നങ്ങൾ എന്നിവയുടെ 653 സാമ്പിളുകളാണ് പരിശോധനക്കായി ശേഖരിച്ചത്. പരിശോധനകളിൽ ഒന്നിലും തന്നെ രാസ പദാർത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയില്ല. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ കൃത്യമായ ഇടപെടലിന്റെ ഫലം കൂടിയാണെന്നും മന്ത്രി വ്യക്തമാക്കി. കുമളി, പാറശ്ശാല, ആര്യൻകാവ് , മീനാക്ഷിപുരം, വാളയാർ ചെക്ക്പോസ്റ്റുകളിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ നടത്തിയത്. ക്ഷീര വികസന വകുപ്പിന്റെ സഹകരണത്തോടെയായിരുന്നു പരിശോധന.
മുഴുവൻ സമയവും ഉദ്യോഗസ്ഥരുടെ സേവനം ചെക്ക്പോസ്റ്റുകളിൽ ഉണ്ടായിരുന്നു. 646 സർവൈലൻസ് സാമ്പിളുകളാണ് പരിശോധനക്കായി ശേഖരിച്ചത്. ഏഴ് സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും ശേഖരിച്ചു. സർവൈലൻസ് സാമ്പിളുകൾ എല്ലാം തന്നെ മൊബൈൽ ലാബുകളിൽ പരിശോധിച്ചു. സ്റ്റാറ്റ്യൂട്ടറി സാമ്പിളുകൾ വകുപ്പിന്റെ എൻ.എ.ബി.എൽ ലാബിൽ വിശദ പരിശോധനക്കായി കൈമാറുകയാണ് ചെയ്തത്. പച്ചക്കറികളുടെ 48 സാമ്പിളുകളും മറ്റ് ഭക്ഷ്യ വസ്തുക്കളുടെ 37 സാമ്പിളുകളും പരിശോധനക്കായി ശേഖരിച്ചു. കൃത്യമായ രേഖകളില്ലാതെയെത്തിയ 33 വാഹനങ്ങൾക്ക് നോട്ടീസ് നൽകി.
പാൽ, പാൽ ഉല്പന്നങ്ങൾ എന്നിവയെല്ലാം പരിശോധനക്ക് വിധേയമാക്കി. പരിശോധനക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും ക്ഷീര വികസന വകുപ്പിന്റെയും മൊബൈൽ ലാബ് യൂണിറ്റുകളാണ് സജ്ജമാക്കിയിരുന്നത്. ഇതോടൊപ്പം ചെക്ക് പോസ്റ്റുകൾ വഴി കടന്നുവരുന്ന പഴം, പച്ചക്കറി, മത്സ്യം , മാംസം, സസ്യ എണ്ണകൾ എന്നിവയുടെ സാമ്പിളുകളും പരിശോധനക്കായി ശേഖരിച്ചിരുന്നു. തുടർന്നും കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുന്നതാണ്.
Read More : പത്തിലേറെ മേഷണക്കേസ്, മിക്ക ജില്ലകളിലുമെത്തി; തിരുവനന്തപുരം സ്വദേശി കോഴിക്കോട് പിടിയിൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam