
തിരുവനന്തപുരം: സംസ്ഥാനത്ത് കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് വെജിറ്റബിള്‍ മയോണൈസോ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുകൊണ്ടുള്ള മയോണൈസോ ഉപയോഗിക്കാന്‍ തീരുമാനമെടുത്തു. പച്ച മുട്ട ഉപയോഗിച്ചുള്ള മയോണൈസ് പാടില്ലെന്നും തീരുമാനിച്ചു. ഹോട്ടല്‍, റെസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാര്‍, കാറ്ററിംഗ് എന്നീ മേഖലകളിലെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തില്‍ പൂര്‍ണ പിന്തുണ നല്‍കിയിരുന്നതായും മന്ത്രി വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ഒരിക്കല്‍ ലൈസന്‍സ് നല്‍കിക്കഴിഞ്ഞാലും നിശ്ചിത ഇടവേളകളില്‍ പരിശോധനകള്‍ നടത്തുന്നതാണ്. ലൈസന്‍സ് സസ്‌പെന്റ് ചെയ്താല്‍ പോരായ്മകള്‍ പരിഹരിച്ച് കമ്മീഷണറായിരിക്കും വീണ്ടും അനുമതി നല്‍കുന്നത്. ഭക്ഷണം പാഴ്‌സല്‍ കൊടുക്കുമ്പോള്‍ നല്‍കുന്ന സയവും എത്ര സമയത്തിനുള്ളില്‍ ഉപയോഗിക്കണം എന്നതും രേഖപ്പെടുത്തിയ സ്റ്റിക്കര്‍ പതിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. എല്ലാവരും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശീലനം നേടിയിരിക്കണം. ശുചിത്വം ഉറപ്പാക്കാന്‍ സ്ഥാപനത്തിലുള്ള ഒരാള്‍ക്ക് സൂപ്പര്‍വൈസര്‍ ചുമതല നല്‍കണം.
ഭക്ഷ്യ സുരക്ഷയില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റേയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റേയും നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നു. ഭക്ഷ്യ സുരക്ഷ ഫലപ്രദമായി നടപ്പിലാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഏകോപിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. തദ്ദേശ സ്ഥാപന പരിധിയിലുള്ള എല്ലാ ഹോട്ടലുകളിലും സ്ഥാപനങ്ങളിലും ലൈസന്‍സ് ഉറപ്പാക്കും. ലൈസന്‍സിനായി ഏകീകൃത പ്ലാറ്റ്‌ഫോം നടപ്പിലാക്കുന്നതിനെ കുറിച്ച് ആലോചിക്കും. ആഡിറ്റോറിയത്തിലുപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പ് വരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കടകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് അതത് പ്രദേശത്തെ തദ്ദേശ സ്ഥാപനങ്ങളാണ്. ഭക്ഷ്യ വസ്തുക്കള്‍ ഉത്പാദിപ്പിക്കുകയും വിതരണം നടത്തുകയും വില്‍ക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സോ രജിസ്‌ട്രേഷനോ നല്‍കുന്നത് ഭക്ഷ്യ സുരക്ഷാ വകുപ്പാണ്. ഈ സ്ഥാപനങ്ങളിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് എഫ്.എസ്.എസ്.എ.ഐ. ആക്ട് പ്രകാരം പരിശോധനകള്‍ നടത്തുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗവുമാണ് പരിശോധനകള്‍ നടത്തി വരുന്നത്. പരിശീലനം, അവബോധം എന്നിവയിലും ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപ്പിലാക്കിവരുന്ന ഭക്ഷ്യ സുരക്ഷാ പഞ്ചായത്ത് പദ്ധതിയിലും തദ്ദേശ വകുപ്പിനോട് സഹകരണമഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഹോട്ടലുകള്‍ക്ക് ഹൈജീന്‍ റേറ്റിംഗ് സംവിധാനം നടപ്പിലാക്കി വരുന്നു. പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ അറിയിക്കാനുള്ള മൊബൈല്‍ ആപ്പ് ഈ മാസം തന്നെ ലോഞ്ച് ചെയ്യുന്നതാണ്. ഫോട്ടോയും വീഡിയോയും അപ് ലോഡ് ചെയ്യാനുള്ള സൗകര്യം ഇതിലുണ്ടാകും. സംസ്ഥാനതലത്തില്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്നതാണ്. മൈക്രോ ബയോളജി ലാബുകളുടെ എന്‍എബിഎല്‍ അക്രഡിറ്റേഷനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ വി.ആര്‍. വിനോദ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
Read More : 'സംസ്ഥാനത്ത് പച്ചമുട്ട ചേര്‍ത്ത മയൊണൈസ് നിരോധിച്ചു, പാഴ്സലുകളില്‍ സമയം രേഖപ്പെടുത്തണം', വീണ ജോര്‍ജ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam