Asianet News MalayalamAsianet News Malayalam

'സംസ്ഥാനത്ത് പച്ചമുട്ട ചേര്‍ത്ത മയൊണൈസ് നിരോധിച്ചു, പാഴ്സലുകളില്‍ സമയം രേഖപ്പെടുത്തണം', വീണ ജോര്‍ജ്

പാഴ്സലുകളില്‍ സമയം രേഖപ്പെടുത്തുകയും സ്റ്റിക്കര്‍ വേണമെന്നും മന്ത്രി പറഞ്ഞു.

Veena George says time should be written in parcel and mayonnaise using raw egg banned
Author
First Published Jan 12, 2023, 10:35 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ പരിശോധനയില്‍ ഹോട്ടലുകളുടെ പിന്തുണ തേടി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസും രജിസ്ട്രേഷനും വേണം. പച്ച മുട്ട ചേര്‍ത്ത മയൊണൈസ് സംസ്ഥാനത്ത് നിരോധിച്ചു. പാസ്റ്റണേസ് മുട്ട ഉപയോഗിക്കാം. വെജിറ്റബിൾ മയൊണൈസും ഉപയോഗിക്കാം. ഭക്ഷണം പാകം ചെയ്യുന്നവര്‍ക്കും വിതരണക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് വേണം. ഓരോ സ്ഥാപനത്തിലും ഫുഡ് സേഫ്റ്റി സൂപ്പര്‍വൈസര്‍ ഉണ്ടാകണം. പാഴ്സലുകളില്‍ സമയം രേഖപ്പെടുത്തുകയും സ്റ്റിക്കര്‍ വേണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ഹോട്ടലുകളിലും റസ്റ്റോറെന്‍റുകളിലും ഉള്‍പ്പെടെ ഒരിടത്തും ഇനി പച്ച മുട്ട ഉപയോഗിച്ചുള്ള മയൊണൈസ് തയാറാക്കില്ലെന്ന് ഹോട്ടല്‍ പ്രതിനിധികളുമായി  മന്ത്രി വീണാ ജോർജ് നടത്തിയ ചര്‍ച്ചയില്‍ തീരുമാനം എടുത്തിരുന്നു. കൂടുതല്‍ നേരം മയൊണൈസ് വച്ചിരുന്നാല്‍ അപകടകരമാകുന്നതിനാല്‍ ഈ നിര്‍ദ്ദേശത്തോട് എല്ലാവരും യോജിക്കുകയായിരുന്നു. ആരോഗ്യ സംരക്ഷണത്തിനായി ഭക്ഷ്യ സുരക്ഷ ഉറപ്പാക്കണമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഭക്ഷണം പാഴ്സലായി കൊടുക്കുമ്പോൾ മുകളില്‍ അത് നൽകുന്ന സമയവും എത്ര സമയത്തിനുള്ളിൽ ഉപയോഗിക്കണം എന്നതും രേഖപ്പെടുത്തിയ സ്റ്റിക്കർ പതിപ്പിക്കണം.  സമയം കഴിഞ്ഞാല്‍ ആ ഭക്ഷണം കഴിക്കാൻ പാടില്ല. എല്ലാ സ്ഥാപനങ്ങളും രജിസ്ട്രേഷനോ ലൈസൻസോ എടുക്കണം. ഭക്ഷ്യസുരക്ഷാ വകുപ്പ് നടപ്പിലാക്കുന്ന ഹൈജീൻ റേറ്റിംഗിൽ എല്ലാ സ്ഥാപനങ്ങളും സഹകരിക്കണം. ശുചിത്വം ഉറപ്പാക്കി നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ മികച്ച രീതിയിൽ അവതരിപ്പിക്കാനുമുള്ള ഒരിടം കൂടിയാണിതെന്നും മന്ത്രി പറഞ്ഞു.

എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ടോൾഫ്രീ നമ്പർ പ്രദർശിപ്പിക്കണം. ജീവനക്കാർ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം. എല്ലാവരും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശീലനം നേടിയിരിക്കണം. സ്ഥാപനം ചെറുതോ വലുതോ എന്നതല്ല, ശുചിത്വമാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios