കോഴിക്കോട് വീണ്ടും പഴകിയ മീന്‍; 382 കിലോ മീന്‍ എത്തിയത് തീവണ്ടിയില്‍, പിടികൂടി നശിപ്പിച്ചു

By Web TeamFirst Published Apr 23, 2020, 12:15 AM IST
Highlights

മുംബൈയില്‍ നിന്ന് ചരക്ക് തീവണ്ടിയില്‍ കോഴിക്കോടെത്തിച്ച അയക്കൂറ, ഏട്ട, അയല, ആവോലി എന്നീ മീനുകളാണ് പരിശോധനയില്‍ പിടികൂടിയത്.

കോഴിക്കോട്ട്: കോഴിക്കോട് ജില്ലയില്‍ നിന്നും വീണ്ടും പഴകിയ മീന്‍ പിടികൂടി. മുബൈയില്‍ നിന്ന് തീവണ്ടിയില്‍ എത്തിച്ച 382 കിലോഗ്രാം മത്സ്യമാണ് ഇന്ന് പിടികൂടിയത്. കോഴിക്കോട് നിന്ന് മൂന്ന് ദിവസത്തിനിടയില്‍ നാല് ടണ്ണില്‍ അധികം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യമാണ് പിടികൂടിയത്.

കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയിലാണ് 382 കിലോഗ്രാം പഴകിയ മീന്‍ പിടിച്ചത്. അയക്കൂറ, ഏട്ട, അയല, ആവോലി എന്നീ മീനുകളാണ് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന്‍റേയും ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റേയും പരിശോധനയില്‍ പിടികൂടിയത്. മുംബൈയില്‍ നിന്ന് ചരക്ക് തീവണ്ടിയിലാണ് മത്സ്യം കോഴിക്കോട്ടെത്തിച്ചത്.

ബുധനാഴ്ച ബേപ്പൂര്‍ കോട്ടക്കടവില്‍ നിന്ന് 3490 കിലോഗ്രാം സൂത മത്സ്യം പിടിച്ചെടുത്തിരുന്നു. ലാബില്‍ നടത്തിയ പരിശോധനയില്‍ ഇത് ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ഗോവയില്‍ നിന്ന് കൊച്ചിയിലേക്ക് കൊണ്ട് പോവുകയായിരുന്നു. പിടിച്ചെടുത്ത മീന് ചാലിയം ഫിഷ് ലാന്‍റിംഗ് സെന്‍ററിന് സമീപം കുഴിച്ച് മൂടി.

ഭക്ഷ്യയോഗ്യമല്ലാത്ത 271 കിലോഗ്രാം മീനാണ് ചൊവ്വാഴ്ച നടത്തിയ പരിശോധയില്‍ പിടികൂടിയത്. ഒറീസയില്‍ നിന്ന് കൊണ്ട് വന്ന ചൂട മത്സ്യമാണ് പിടിച്ചെടുത്തത്. മതിയായ ശീതീകരണ സംവിധാനം ഒരുക്കാതെ കൊണ്ട് വന്ന മീന്‍ പഴകിയ നിലയിലായതിനെ തുടര്‍ന്നാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ 4143 കിലോഗ്രാം മത്സ്യമാണ് അധികൃതരുടെ പരിശോധനയില്‍ പിടികൂടിയത്. എല്ലാ ദിവസവും വിവിധ മത്സ്യ മാര്‍ക്കറ്റുകളില്‍ പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം.
 

click me!