Latest Videos

'ലാബിൽ നിന്ന് മൊബൈൽ പിടിച്ചു, എച്ച്ഒഡിയുടെ ശകാരം, പിന്നാലെ ആത്മഹത്യ'; ശ്രദ്ധയുടെ മരണം, കോളേജിനെതിരെ കുടുംബം

By Web TeamFirst Published Jun 5, 2023, 12:12 PM IST
Highlights

'എച്ച്ഒഡി എന്തൊക്കെയോ മകളോട് സംസാരിച്ചിട്ടുണ്ട്, അവളെ ഹരാസ് ചെയ്തിട്ടുണ്ട്, ക്യാബിനിൽ നിന്നും പുറത്തേക്ക് പോയതോടെയാണ് ശ്രദ്ധയ്ക്ക് സമനില തെറ്റിയത് പോലെ തോന്നിയതെന്ന്' സുഹൃത്തുക്കള്‍ പറഞ്ഞതായി പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജിലെ രണ്ടാം വര്‍ഷ ഫുഡ് ടെക്ക്‌നോളജി വിദ്യാര്‍ഥിനി ശ്രദ്ധ(20)യുടെ മരണത്തില്‍ കോളേജിനെതിരെ ഗുരുതരമായ ആരോപണവുമായി കുടുംബം രംഗത്ത്. അധ്യാപകരുടെ മാനസിക പീഡനമാണ് ശ്രദ്ധ തൂങ്ങിമരിക്കാൻ കാരണമെന്ന് കുടുംബം ആരോപിച്ചു. പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ കോളേജ് അധികൃതര്‍ മനപൂര്‍വമായ വീഴ്ച്ച വരുത്തിയെന്നും കുടുംബം കുറ്റപ്പെടുത്തി. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിയാണ് ശ്രദ്ധ.

'എച്ച്ഒഡി എന്തൊക്കെയോ മകളോട് സംസാരിച്ചിട്ടുണ്ട്, അവളെ ഹരാസ് ചെയ്തിട്ടുണ്ട്, ക്യാബിനിൽ നിന്നും പുറത്തേക്ക് പോയതോടെയാണ് ശ്രദ്ധയ്ക്ക് സമനില തെറ്റിയത് പോലെ തോന്നിയതെന്ന്' സുഹൃത്തുക്കള്‍ പറഞ്ഞതായി പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കുട്ടി തലകറങ്ങി വീണതാണ് എന്നാണ് കോളേജ് അധികൃതർ ഡോക്ടറോട് പറഞ്ഞത്, ആത്മഹത്യാശ്രമമാണ് എന്ന് പറഞ്ഞിരുന്നെങ്കിൽ ആ സാഹചര്യം അനുസരിച്ചുള്ള ചികിത്സ ലഭിച്ചേനേ, കോളേജ് അധികൃതർ കള്ളം പറഞ്ഞതുകൊണ്ടാണ് ശരിയായ ചികിത്സ ലഭിക്കാഞ്ഞതെന്ന് ശ്രദ്ധയുടെ ബന്ധുവും ആരോപിച്ചു.

കോളേജിലെ ലാബില്‍ ഉപയോഗിച്ച മൊബൈല്‍ ഫോൺ അധ്യാപകര്‍ പിടിച്ചെടുത്തതിനു പിന്നാലെ വെള്ളിയാഴ്ച രാത്രിയാണ് ശ്രദ്ധയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി ഒമ്പതോടെ കോളജ് ഹോസ്റ്റലിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ  ശ്രദ്ധയെ ഉടനെ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
 
അധ്യാപകരുടെ മാനസിക പീഡനം കാരണമാണ് ശ്രദ്ധ ആത്മഹത്യ ചെയ്തതെന്ന് കുടുംബം

അതേസമയം ശ്രദ്ധയുടെ മരണത്തിൽ കാത്തിരപ്പള്ളി അമൽ ജ്യോതി കോളേജിൽ വിദ്യാർഥികള്‍‌ പ്രതിഷേധം ആരംഭിച്ചു. ശ്രദ്ധയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ ക്യാമ്പസിനുള്ളിൽ പ്രതിഷേധിക്കുന്നത്. കോളേജിലെ അധ്യാപകർക്ക് ശ്രദ്ധയുടെ മരണത്തിൽ പങ്കുണ്ടെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. വകുപ്പ് മേധാവിയടക്കമുള്ളവരുടെ മാനസിക സമ്മർദ്ദംമൂലമാണ് ശ്രദ്ധ ജീവനൊടുക്കിയതെന്നും ഇവർക്കെതിരെ നടപടി വേണമെന്നും വിദ്യാർത്ഥികള്‍ ആവശ്യപ്പെട്ടു.

വിദ്യാർത്ഥിനിയുടെ ആത്മഹത്യ; അമൽ ജ്യോതി കോളേജിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം

Read More :  മാങ്കുളത്ത് ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ 5 പേര്‍ക്ക് പരിക്ക്, വസ്ത്രമടക്കം കരിഞ്ഞ നിലയിൽ 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 

click me!