
തിരുവനന്തപുരം: സംസ്ഥാനത്ത് പട്ടയങ്ങളും സ്മാര്‍ട്ടാകുന്നു. ഇനി മുതല്‍ ഇ - പട്ടയങ്ങള്‍ ആയിരിക്കും വിതരണം ചെയ്യുക. നിലവില്‍ പേപ്പറില്‍ അച്ചടിച്ച പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. ഇത്തരത്തിലുള്ള പട്ടയങ്ങള്‍ നഷ്ടപ്പെട്ടാല്‍ അതിന് പകര്‍പ്പുകള്‍ എടുക്കുവാന്‍ ബുദ്ധിമുട്ടുള്ള സാഹചര്യമുണ്ടായിരുന്നു. ബന്ധപ്പെട്ട റവന്യൂ ഓഫീസുകളില്‍ പട്ടയ ഫയലുകള്‍ ഒരു പ്രത്യേക കാലയളവ് മാത്രമേ സൂക്ഷിക്കുന്നുള്ളൂ. കൂടാതെ പട്ടയ ഫയലുകള്‍ നഷ്ടപ്പെടുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്.
ഇത്തരം സാഹചര്യങ്ങളില്‍ പട്ടയ രേഖകള്‍ കണ്ടെത്തി പകര്‍പ്പുകള്‍ ലഭിക്കാത്ത സാഹചര്യം വലുതായ ബുദ്ധിമുട്ടുകള്‍ക്കും പരാതികള്‍ക്കും ഇടയാക്കുന്നുണ്ട്. ഇതിനൊരു പരിഹാരമാണ് ഇ - പട്ടയങ്ങള്‍. സോഫ്ട്‍വെയര്‍ അധിഷ്ഠിതമായി ഡിജിറ്റലായി നല്‍കുന്ന പട്ടയമാണ് ഇ - പട്ടയം. നല്‍കുന്ന പട്ടയങ്ങളുടെ വിവരങ്ങള്‍ സ്റ്റേറ്റ് ഡാറ്റാ സെന്ററില്‍ നഷ്ടപ്പെടാത്ത രീതിയില്‍ സംരക്ഷിക്കും. ക്യു ആര്‍ കോഡും ഡിജിറ്റല്‍ സിഗ്നേച്ചറുമുള്ള പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്.
ആദ്യ ഇ - പട്ടയത്തിന്റെ വിതരണം ഇന്നലെ മന്ത്രി കെ രാജന്‍ മലപ്പുറത്ത് നിര്‍വ്വഹിച്ചു. തിരൂര്‍ ലാന്റ് ട്രൈബ്യൂണലില്‍ നിന്ന് ഉണ്ണീന്‍കുട്ടിക്ക് നല്‍കിയ പട്ടയമാണ് സംസ്ഥാനത്തെ ആദ്യ ഇ - പട്ടയം. ആദ്യ ഘട്ടമായി ലാന്റ് ട്രൈബ്യൂണല്‍ നല്‍കുന്ന ക്രയസര്‍ട്ടിഫിക്കറ്റുകളാണ് ഇ - പട്ടയയങ്ങളാക്കിയിട്ടുള്ളത്. തുടര്‍ന്ന് ഭൂപതിവ് പട്ടയങ്ങളും ഇ - പട്ടയങ്ങളായി നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഇ - പട്ടയങ്ങള്‍ റവന്യൂ വകുപ്പിന്റെ റെലീസ് സോഫ്ട്‍വെയറുമായി ബന്ധപ്പെടുത്തിയിട്ടുള്ളതിനാല്‍ പട്ടയം ലഭിച്ചതിനു ശേഷം പോക്കുവരവുകള്‍ പ്രത്യേക അപേക്ഷയില്ലാതെ തന്നെ നടത്തപ്പെടും.
പട്ടയങ്ങളുടെ ആധികാരികത ക്യൂ ആര്‍ കോഡ് വഴി പരിശോധിച്ച് ഉറപ്പുവരുത്താമെന്നതിനാല്‍ വ്യാജ പട്ടയങ്ങള്‍ സൃഷ്ടിച്ച് നടത്തുന്ന ഭൂമി തട്ടിപ്പുകളും തടയാന്‍ കഴിയും. ഇ - പട്ടയങ്ങള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ ഒരു വ്യക്തിക്ക് നല്‍കിയ പട്ടയങ്ങളുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമാവും. ഇതുമൂലം വീണ്ടും പട്ടയങ്ങള്‍ക്ക് അപേക്ഷിക്കുന്നതും ഒഴിവാക്കാനാകും. എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യത്തോടെയുള്ള റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ഒരു നാഴികക്കല്ലാണ് പട്ടയങ്ങള്‍ സ്മാര്‍ട്ടാക്കിയ നടപടി.