മരടിലെ അവശിഷ്‍ടങ്ങള്‍ നീക്കാന്‍ വിദേശ സഹായം; ഓസ്ട്രിയയില്‍ നിന്നുള്ള രണ്ടംഗ സംഘമെത്തി

By Web TeamFirst Published Jan 24, 2020, 11:27 AM IST
Highlights

അഞ്ച് ദിവസത്തിനുള്ളിൽ റബിൾ മാസ്റ്റർ എന്ന മെഷീൻ ചെന്നൈയിൽ നിന്നെത്തിക്കും, ഇതോടെ ഇപ്പോഴത്തെ മാനുഷിക പ്രയത്നം പരമാവധി ചുരുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

കൊച്ചി: മരടില്‍ പൊളിച്ച ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങള്‍ നീക്കാന്‍ വിദേശ സഹായം. പൊളിക്കുന്ന ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങള്‍ നീക്കുന്നതിന് മൂവാറ്റുപുഴയിലെ പ്രോംപ്റ്റ് എന്‍റര്‍പ്രൈസസ് എന്ന കമ്പനിയെ നേരത്തെ തിരഞ്ഞെടുത്തിരുന്നു. പ്രോപ്റ്റ കമ്പനിക്കൊപ്പം ഓസ്ട്രിയയിൽ നിന്നുള്ള രണ്ടംഗ സംഘം മരടില്‍ എത്തിയിട്ടുണ്ട്. ഫിലിപ്‌സ്, ഫ്രാൻസിസ് എന്നിവരാണ് ഓസ്ട്രിയയിൽ നിന്നെത്തിയത്. അഞ്ച് ദിവസത്തിനുള്ളിൽ റബിൾ മാസ്റ്റർ എന്ന മെഷീൻ ചെന്നൈയിൽ നിന്നെത്തിക്കും, ഇതോടെ ഇപ്പോഴത്തെ മാനുഷിക പ്രയത്നം പരമാവധി ചുരുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാല് കോടി രൂപയാണ് ചെലവ്. 25 ദിവസങ്ങൾക്കുള്ളിൽ അവശിഷ്ടങ്ങള്‍ നീക്കാന്‍ കഴിയുമെന്നാണ് പ്രോംപ്റ്റ് കമ്പനി അറിയിക്കുന്നത്. 

മരടിലെ അവശിഷ്ടം എം സാന്‍റ് ആക്കി മാറ്റാൻ സമീപത്തുള്ള ഏഴു ക്രഷറുകളുമായി ധാരണയിലെത്തിയിട്ടുണ്ട്. ഒപ്പം ആധുനിക യന്ത്രവും അടുത്ത ദിവസം മരടിൽ എത്തിക്കും. പൊടിപടലങ്ങൾ ഉയരാതിരിക്കാൻ വെള്ളം പമ്പ് ചെയ്ത് നനച്ച ശേഷമാണ് കോൺക്രീറ്റ് കഷ്ണങ്ങളാക്കുന്നത്. അതേസമയം മരടിൽ ഫ്ലാറ്റുകൾ പൊളിച്ച സ്ഥലത്ത് ഹരിത ട്രൈബ്യൂണൽ സന്ദർശനം നടത്തിയത് തങ്ങളെ അറിയിക്കാതെയാണെന്ന ആരോപണവുമായി നഗരസഭ രംഗത്തെത്തി. ശനിയാഴ്ചയാണ്  സംസ്ഥാന സമിതി മോണിറ്ററിഗ് സമിതി ചെയർമാൻ ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ ഹരിത ട്രൈബ്യൂണൽ സംഘം മരടിൽ സന്ദർശനം നടത്തിയത്. 



 

click me!