'സിപിഎം മറപറ്റി അലനും താഹയും മാവോയിസം പ്രചരിപ്പിച്ചു'; നിലപാടിൽ ഉറച്ച് പി ജയരാജൻ

By Web TeamFirst Published Jan 24, 2020, 11:12 AM IST
Highlights

സിപിഎമ്മിന് ഇക്കാര്യത്തില്‍ ഒരു നിലപാടാണ് ഉള്ളത്. യുഎപിഎ കേസ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവന, അദ്ദേഹം അരസംഘിയാണെന്ന ആരോപണത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു.

കണ്ണൂര്‍:  പന്തീരാങ്കാവ് യുഎപിഎ കേസ് സംബന്ധിച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍റെ നിലപാട് തള്ളി സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍ രംഗത്ത്. സിപിഎമ്മിന്‍റെയും എസ്എഫ്ഐയുടെയും മറപറ്റി അലന്‍ ഷുഹൈബും താഹ ഫസലും മാവോയിസം പ്രചരിപ്പിച്ചെന്ന നിലപാടില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായി പി ജയരാജന്‍ പറഞ്ഞു. സിപിഎമ്മിന് ഇക്കാര്യത്തില്‍ ഒരു നിലപാടാണ് ഉള്ളത്. യുഎപിഎ കേസ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവന, അദ്ദേഹം അരസംഘിയാണെന്ന ആരോപണത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു. ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു ജയരാജന്‍റെ പ്രതികരണം. അലന്‍റേയും താഹയുടേയും ഭാഗം കേൾക്കാതെ അവർ മാവോയിസ്റ്റുകളാണെന്ന് പറയാനാകില്ലെന്നായിരുന്നു ഇന്നലെ പി മോഹനന്‍ അഭിപ്രായപ്പെട്ടത്. 

ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം....

യുഎപിഎ കേസിൽപെട്ട കോഴിക്കോട്ടെ രണ്ട് വിദ്യാർത്ഥികളുടെ വിഷയം കോൺഗ്രസ് നേതാക്കൻമാരുടെ വീട് സന്ദർശനത്തിലൂടെ വീണ്ടും ചര്‍ച്ചാവിഷയമായിരിക്കയാണ്.പല മാധ്യമ സുഹൃത്തുക്കളും അഭിപ്രായം ആരാഞ്ഞുകൊണ്ട് സമീപിച്ചതിനാലാണ് വീണ്ടും പ്രതികരിക്കുന്നത്. സിപിഐ എമ്മിനകത്ത് ഇക്കാര്യത്തിൽ ഭിന്ന നിലപാട് ഉണ്ടെന്ന് വരുത്താനാണ് ഒരു വിഭാഗം മാധ്യമങ്ങളുടെ ശ്രമം.

യുഎപിഎ കാര്യത്തിലും വിദ്യാർഥികളുടെ രാഷ്ട്രീയ നിലപാടിന്റെ കാര്യത്തിലും കെഎല്‍എഫ് കോഴിക്കോട് വേദിയിലും ഫേസ്ബുക്കിലും എന്താണോ പറഞ്ഞതും എഴുതിയതും അതിൽ പൂർണമായും ഉറച്ചുനിൽക്കുന്നു. ഫേസ്ബുക്കിൽ രേഖപ്പെടുത്തിയതുപോലെ, എന്‍ഐഎ ഏറ്റെടുത്ത കേസെന്ന നിലയിൽ കൂടുതൽ പറയാൻ പ്രയാസമുണ്ട്. അതേ സമയം , മാവോയിസ്റുകളെയും ഇസ്ലാമിസ്റ്റുകളെയും തുറന്നുകാണിക്കാനുള്ള ശ്രമം തുടരേണ്ടതുമുണ്ട്. പ്രത്യേകമായി ക്യാമ്പസുകൾ.

സിപിഐഎമ്മിന് ഇക്കാര്യത്തിൽ ഒറ്റ നിലപാടാണ്.എന്നാൽ യുഡിഎഫിനോ? യുഎപിഎ കേസ് ഞങ്ങളിങ്ങേറ്റെടുക്കും എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. ഇതേ ചെന്നിത്തല ആഭ്യന്തര മന്ത്രി ആയപ്പോൾ ആണ് സെൻകുമാറിനെ ഉപയോഗപ്പെടുത്തിക്കൊണ്ട് കേരളത്തിൽ യുഎപിഎ നിയമം ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്തത്. മോഡി സർക്കാർ പാർലമെന്റിൽ യുഎപിഎ നിയമ ഭേദഗതി കൊണ്ടുവന്നപ്പോൾ അതിനെ എതിർക്കാൻ ഒരൊറ്റ കോൺഗ്രസ്സുകാരനും ഉണ്ടായിരുന്നില്ല. ഇടതുപക്ഷം മാത്രമാണ് എതിർത്തത്. ജനുവരി 26 ന്റെ ഭരണഘടനാ സംരക്ഷണ മനുഷ്യ മഹാ ശൃംഖലയിൽ യുഡിഎഫ് അണികൾ ഉൾപ്പടെ പങ്കെടുക്കും എന്ന് വന്നപ്പോളാണ് ചെന്നിത്തല ഇപ്പോൾ ഒരു നാടകവുമായി ഇറങ്ങിയിരിക്കുന്നത്. അര സംഘിയാണ് ഇദ്ദേഹമെന്നു കോൺഗ്രസ്സുകാർക്ക് തന്നെ ആക്ഷേപമുണ്ട്. അതിൽ നിന്ന് രക്ഷപ്പെടാനുള്ള കാട്ടികൂട്ടലുകളും ആവാം.

യുഎപിഎ വകുപ്പ് പ്രകാരം  അറസ്റ്റിലായ അലന്‍ ഷുഹൈബും താഹ ഫസലും സിപിഎം അംഗങ്ങള്‍ തന്നെയാണെന്ന് പാര്‍ട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞിരുന്നു. ഇരുവരും മാവോയിസ്റ്റുകളാണെന്ന് ഇപ്പോള്‍ പറയാനാകില്ല.  ഇരുവരുടെയും ഭാഗം കേള്‍ക്കാതെ ഒരു നിഗമനത്തിലും എത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് വലിയ ചര്‍ച്ചയാവുകയും ചെയ്തു. 

Read Also: 'അലനും താഹയും സിപിഎം അംഗങ്ങൾ തന്നെ':  പി മോഹനൻ

മുഖ്യമന്ത്രിയെയും പി ജയരാജനയും തള്ളി പി മോഹനന്‍ രംഗത്ത് എന്ന രീതിയിലാണ് ചര്‍ച്ചകളുണ്ടായത്. തൊട്ടുപിന്നാലെ, വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. 

Read Also: 'ജില്ലാ സെക്രട്ടറിയുടേത് പിണറായിയുടെ നിലപാടിന് വിരുദ്ധം'; പന്തീരാങ്കാവ് കേസില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം: ചെന്നിത്തല

എന്നാല്‍, പ്രസ്താവന വിവാദമായതോടെ, താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന വിശദീകരണമാണ്  പി മോഹനന്‍ പിന്നാലെ നല്‍കിയത്. പറഞ്ഞ കാര്യം പി മോഹനന്‍ തിരുത്തിയത് മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം മൂലമാണെന്ന് മുസ്ലീംലീഗ് നേതാവും എംഎല്‍എയുമായ എം കെ മുനീര്‍ ആരോപിക്കുകയും ചെയ്തു. 

Read Also: 'പറഞ്ഞകാര്യം ജില്ലാ സെക്രട്ടറി തിരുത്തിയത് മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം മൂലം': പന്തീരാങ്കാവ് കേസില്‍ എം കെ മുനീര്‍

click me!