കളിയിക്കാവിള കൊലപാതകം: പ്രതികൾ എഎസ്ഐയെ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി

By Web TeamFirst Published Jan 24, 2020, 10:43 AM IST
Highlights

തമ്പാനൂരില്‍ നിന്നാണ് കത്തി കണ്ടെത്തിയത്. കൃത്യം നടത്തിയ ശേഷം ഒളിവില്‍ പോകുന്നതിന് മുമ്പ് പ്രതികള്‍ കത്തി ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ വിൽസണെ വെടിവച്ച് കൊല്ലാനുപയോഗിച്ച തോക്ക് പൊലീസ് ഇന്നലെ എറണാകുളത്ത് നിന്ന് കണ്ടെത്തിയിരുന്നു.  

തിരുവനന്തപുരം: കളിയിക്കാവിള ചെക്പോസ്റ്റില്‍ ജോലിയ്ക്കിടെ കൊല്ലപ്പെട്ട  എഎസ്ഐ വില്‍സണെ കുത്താന്‍ പ്രതികള്‍ ഉപയോഗിച്ച കത്തി തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തി. തമ്പാനൂരില്‍ നിന്നാണ് കത്തി കണ്ടെത്തിയത്. കൃത്യം നടത്തിയ ശേഷം ഒളിവില്‍ പോകുന്നതിന് മുമ്പ് പ്രതികള്‍ കത്തി ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

പ്രതികള്‍ വിൽസണെ വെടിവച്ച് കൊല്ലാനുപയോഗിച്ച തോക്ക് പൊലീസ് ഇന്നലെ എറണാകുളത്ത് നിന്ന് കണ്ടെത്തിയിരുന്നു.  എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തെ ഓടയിൽ നിന്നാണ് തോക്ക് കണ്ടെത്തിയത്. സൈനികർ ഉപയോഗിക്കുന്ന തരത്തിലുള്ള തോക്കാണ് കണ്ടെത്തിയത്. പ്രതികളായ അബ്ദുൾ ഷമീം, തൗഫീഖ് എന്നിവരെ പാളയംകോട്ട ജയിലിൽ നിന്നാണ് ക്യൂ ബ്രാഞ്ച് തെളിവെടുപ്പിനായി എറണാകുളത്ത് എത്തിച്ചത്.

എഎസ്ഐയെ കൊലപ്പെടുത്തിയ ശേഷം ഷമീമും തൗഫീഖും കളിയിക്കാവിളയിൽ നിന്ന് ബസ്സിലാണ് എറണാകുളത്ത് എത്തിയത്. അതിന് ശേഷമാണ് കൊലപാതകവാർത്ത പത്രത്തിൽ കാണുന്നത്. ഇത് കണ്ടതോടെ, കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് പിന്നിൽ ഉപയോഗശൂന്യമായ വസ്തുക്കൾ തള്ളുന്ന ഇടത്തുള്ള ഓടയിൽ പ്രതികൾ തോക്ക് ഉപേക്ഷിച്ചു.

തുടർന്ന് ബസ്സിൽ ഉഡുപ്പിക്ക് പോവുകയായിരുന്നു. കർണാടക പൊലീസിലെ ആഭ്യന്തരസുരക്ഷാ വിഭാഗവും തമിഴ്‍നാട് ക്യൂ ബ്രാഞ്ചും റെയിൽവേ സുരക്ഷാ വിഭാഗവും ചേർന്നാണ് ജനുവരി ഏഴിന്, വെരാവൽ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന പ്രതികളെ പിടികൂടിയത്. കൊലപാതകത്തിന്‍റെ ബുദ്ധി കേന്ദ്രമായി പ്രവർത്തിവരെന്ന് സംശയിക്കുന്ന മെഹ്ബൂഹ് പാഷയും ഇജാസ് പാഷയും ബംഗളുരു പൊലീസിന്‍റെ പിടിയിലാണുള്ളത്. ഇവരെ അറസ്റ്റ് ചെയ്തതാണ് പ്രതികളുടെ അറസ്റ്റിലേക്ക് വഴി തെളിച്ചത്. 

Read Also: കളിയിക്കാവിള കൊലപാതകം: തോക്ക് കണ്ടെത്തി, ഇത് സൈനികർ ഉപയോഗിക്കുന്നതെന്ന് പൊലീസ്

click me!