തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി സരിത്തിന്റെ (Sarith) വിജിലൻസ് പിടിച്ചെടുത്ത മൊബൈൽ ഫോൺ (Mobile phone) ഫോറൻസിക് പരിശോധനക്ക് അയക്കും. പാലക്കാട് വിജിലൻസ് യൂണിറ്റ് പിടിച്ചെടുത്ത ഫോൺ തിരുവനന്തപുരത്ത് എത്തിക്കും. ഈ ഫോണിൽ നിന്നും സരിത്ത് ആരെയെല്ലാം ബന്ധപ്പെട്ടുവെന്ന് കണ്ടെത്താനാണ് വിജിലൻസ് സംഘത്തിന്റെ നീക്കം.
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ സ്വപ്ന ആരോപണങ്ങളുന്നയിച്ചതിന് പിന്നാലെയാണ് അവരുടെ സഹായിയും സ്വർണ്ണക്കടത്ത് കേസിലെ കൂട്ട് പ്രതിയുമായ സരിത്തിനെ വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്തത്. വർഷങ്ങളായി ഇഴഞ്ഞുനീങ്ങിയ കേസിലായിരുന്നു അസാധാരണ നടപടിയിലൂടെയുള്ള കസ്റ്റഡി.
'സർക്കാരിനെതിരെ കലാപമുണ്ടാക്കാൻ ഗൂഢാലോചന', സ്വപ്നയ്ക്കും പിസിക്കുമെതിരെ എഫ്ഐആർ
ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ടാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിജിലൻസ് സംഘം അറിയിച്ചതെങ്കിലും സ്വപ്ന ആര് പറഞ്ഞിട്ടാണ് വെളിപ്പെടുത്തലുകൾ നടത്തുന്നതെന്നാണ് തന്നോട് ചോദിച്ചതെന്നാണ് സരിത്ത് വ്യക്തമാക്കിയത്. ലൈഫ് മിഷൻ കേസിലെന്ന പേരിലാണ് വിജിലൻസ് കൂട്ടിക്കൊണ്ട് പോയത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഒരു വിവരവും ചോദിച്ചിട്ടില്ലെന്നും സരിത്ത് വിശദീകരിച്ചിരുന്നു. അതായത് സ്വപ്നയുമായി ബന്ധപ്പെട്ട വിവരങ്ങളറിയാനാണ് സരിത്തിന്റെ വിജിലൻസ് കസ്റ്റഡിയിലെടുത്തതെന്ന് വ്യക്തം.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഡാലോചനയിൽ സ്വപ്ന സുരേഷിനും പിസി ജോർജ്ജിനുമെതിരെ പൊലീസ് ഇതിനോടകം കേസെടുത്തിട്ടുണ്ട്. സ്വപ്ന ആരോപണം ഉന്നയിച്ച മുൻമന്ത്രി കെടി ജലീലിൻറെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കന്‍റോണ്‍മെന്‍റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ നിയമ നടപടികൾക്കൊരുങ്ങുകയാണ് സ്വപ്ന സുരേഷും സരിത്തും. ഹൈക്കോടതിയില്‍ മുൻകൂർ ജാമ്യാപേക്ഷ നല്‍കി. പൊലീസിനെ ഉപയോഗിച്ച് വേട്ടയാടാന്‍ നീക്കമുണ്ടെന്നാണ് മുൻകൂർ ജാമ്യ ഹര്‍ജിയില്‍ ഇരുവരും ഉന്നയിക്കുന്ന പ്രധാന ആരോപണം.കോടതിയുടെ അടിയന്ത ഇടപെടല്‍ ഉണ്ടാകണമെന്നും ഇന്ന് തന്നെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.