
ദില്ലി: രാജ്യത്തെ കൊവിഡ് കേസുകളിൽ വർധന തുടരുന്നു. ഇന്ന് രാവിലെ വരെയുള്ള 24 മണിക്കൂറിൽ 7240 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്താകെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസത്തേക്കാൾ നാൽപ്പത് ശതമാനം വർധനയാണ് പ്രതിദിന കൊവിഡ് കേസുകളിൽ ഉണ്ടായിരിക്കുന്നത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 94 ദിവസത്തിന് ശേഷം ഇന്നലെ രാജ്യത്തെ കൊവിഡ് കേസുകൾ വീണ്ടും 5000 കടന്നു. 5233 കൊവിഡ് കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. നിലവിലെ രാജ്യത്തെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 32,498 ആണ്.
എട്ട് പുതിയ മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 5,24,723 ആയി ഉയർന്നു, കൊവിഡ് ഒന്നാം തരംഗ മുതലുള്ള കണക്കെടുത്താൽ ആകെ 4.31 കോടി കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബുധനാഴ്ച മഹാരാഷ്ട്രയിൽ 2,701 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു, ജനുവരി 25 ന് ശേഷമുള്ള ഏറ്റവും ഉയർന്ന സഖ്യയാണിത്. മഹാരാഷ്ട്രയിൽ ആകെയുള്ള കേസുകളിൽ 42 ശതമാനവും റിപ്പോർട്ട് ചെയ്തത് മുംബൈയിൽ നിന്നാണ്. കൊവിഡിൻ്റെ ബി.എ.5 വകഭേദവും മഹാരാഷ്ട്രയിൽ ഒരാളിൽ കണ്ടെത്തിയിട്ടുണ്ട്.
മഹാരാഷ്ട്ര കഴിഞ്ഞാൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ്. ഇന്നലെ 2,271 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒരാഴ്ചയ്ക്കിടെ 10,805 പുതിയ കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam