
തിരുവനന്തപുരം: ഫോറൻസിക് വിദഗ്ധ ഡോ രമ പിയുടെ (Dr. Rama P) മരണം കേരളത്തിലെ കുറ്റാന്വേഷണ വിഭാഗത്തിന് കനത്ത നഷ്ടം. സങ്കീർണമായ പ്രധാന കേസുകളിൽ പൊലീസിനെ സഹായകമായ നിരവധി ശാസ്ത്രീയ കണ്ടെത്തലുകൾ നടത്തിയ വിദഗ്ധയായിരുന്നു രമ. സ്ത്രീകൾ പൊതുവേ ഫോറൻസിക് രംഗത്തേക്ക് വരാൻ മടിച്ച സമയത്തായിരുന്നു രമ സധൈര്യം ഫോറൻസിക് രംഗത്തെത്തിയതും കേരളത്തെ പിടിച്ചുകുലുക്കിയ നിരവധി കേസുകളിൽ നിർണായക കണ്ടെത്തലുകൾ നടത്തിയും. അതിസങ്കീർണമായ കേസുകളിലും നൂറ് ശതമാനം വ്യക്തതവും സൂക്ഷ്മതയും കൃത്യതയുമായിരുന്നു രമയുടെ പ്രത്യേകത. കോളിളക്കം സൃഷ്ടിച്ച മേരിക്കുട്ടി കേസോടെയാണ് ഡോ രമ ശ്രദ്ധിക്കപ്പെട്ടത്. മേരിക്കുട്ടിയുടേത് കൊലപാതകമെന്ന് തെളിയിച്ചത് ഡോ. രമ നടത്തിയ പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തലുകളാണ്. കല്ലുവാതുക്കൽ വിഷമദ്യ ദുരന്ത കേസ് അന്വേഷണത്തിലും ഡോ. രമയ്ക്കുള്ളത് നിർണായക പങ്ക്. മിഥൈൽ അൽക്കഹോൽ എങ്ങനെ കാഴ്ച നഷ്ടപ്പെടുത്തുന്നുവെന്നും ശരീരത്തിൽ മാറ്റങ്ങളുണ്ടാക്കുമെന്ന കണ്ടെത്തലുകൾ സുപ്രീംകോടതിയുടെ വരെ അഭിനന്ദം നേടികൊടുത്തു.
പ്രമാദമായ അക്കു വധക്കേസിലും രമയുടെ വൈദഗ്ധ്യം എടുത്തുപറയേണ്ടതാണ്. സ്പിരിറ്റ് മാഫിയയുടെ കുടിപ്പകയെത്തുടർന്ന് യുവാവിനെക്കൊന്ന് റെയിൽവേ ട്രാക്കിൽ തള്ളിയ കേസിൽ കൊലപാതകമെന്ന് തെളിയിക്കാൻ പ്രോസിക്യൂഷനെ സഹായിച്ചതും ഡോ രമയുടെ മികവ്. അക്കുവിന്റെ തല തകർന്നത് ട്രെയിൻ തട്ടിയല്ല, മറിച്ച് തല തകർത്ത് കൊന്നിട്ട് ശരീരം ട്രാക്കിൽ കൊണ്ടിട്ടതാണെന്ന് സ്ഥാപിക്കാൻ ഡോ രമയുടെ സൂക്ഷ്മമായ കണ്ടെത്തലുകൾക്കായി. ഏറ്റവും ഒടുവിൽ അഭയ കേസിൽ സി. സെഫി കന്യാചർമ്മം വെച്ചുപിടിച്ചെന്ന് കണ്ടെത്തിയതും ഡോ രമയുടെ ടീം. അഭയ കേസിൽ, വീട്ടിലെത്തിയാണ് ഡോക്ടറുടെ നിർണായക മൊഴി കോടതി രേഖപ്പെടുത്തിയത്.
ജീവിതത്തിന്റെ നല്ലൊരു ഭാഗവും ശബ്ദിക്കാത്ത തെളിവുകളുടെ ശബ്ദമായി മാറിയ ഡോ. രമ രോഗം മൂർച്ഛിച്ചതോടെ, സർവീസ് തീരാൻ വർഷങ്ങൾ ബാക്കിനിൽക്കെ സ്വയം വിരമിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam