കൊച്ചി: നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് രാത്രിയിലടക്കം മൂന്ന് തവണ തുറന്ന് പരിശോധിച്ചതായി ഫൊറൻസിക് പരിശോധനാ ഫലം. പരിശോധിച്ച സമയവും തിയതിയുമെല്ലാം റിപ്പോർട്ടിലുണ്ട്. 2018 ജനുവരി 9 നാണ് ആദ്യം ഹാഷ് വാല്യു മാറിയിരിക്കുന്നത്. അന്നേദിവസം രാത്രി 9.58 ന് ഒരു കംപ്യൂട്ടറിലിട്ടാണ് മെമ്മറി കാർഡ് പരിശോധിച്ചിരിക്കുന്നത്. 2018 ഡിസംബർ 13 നാണ് ഹാഷ് വാല്യൂ പിന്നീട് മാറിയത്. 2021 ജൂലൈ 19 നാണ് അവസാനമായി പരിശോധിച്ചിരിക്കുന്നത്. ആ ദിവസം ഉച്ചയ്ക്ക് 12.19 മുതൽ 12: 54 വരെയുളള സമയത്ത് ഒരു വിവോ ഫോണിലിട്ടാണ് മെമ്മറി കാർഡ് തുറന്നത്.
എട്ട് വീഡിയോ ഫയലുകൾ ഉണ്ടായിരുന്നു. വാട്സ് ആപ്, ടെലിഗ്രാം അടക്കമുളള സാമൂഹ്യമാധ്യമ ആപ്പുകളും ഈ സമയം ഫോണിൽ ഇൻസ്റ്റാള്‍ ചെയ്തിരുന്നെന്നും റിപ്പോർട്ടിലുണ്ട്. പ്രോസിക്യൂഷൻ നിഗമനമനുസരിച്ച് ആദ്യം അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെ പക്കലും രണ്ടാമത് എറണാകുളം ജില്ലാ കോടതിയുടെ പക്കലും ഒടുവിൽ വിചാരണക്കോടതിയുടെ പക്കലും ഉണ്ടായിരുന്നപ്പോഴാണ് ഹാഷ് വാല്യു മാറിയത്. രാത്രി സമയങ്ങളിൽ പോലും മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചതാരാണ് എന്നാണ് സംശയം ഉയരുന്നത്. ഈ സാഹചര്യത്തിലാണ് ദൃശ്യങ്ങൾ പുറത്ത് പോയിട്ടുണ്ടോ എന്നതടക്കം പരിശോധിക്കേണ്ടതുണ്ടെന്ന നിഗമനത്തിൽ അന്വേഷണസംഘം എത്തിയത്. എട്ടാം പ്രതിയായ ദിലീപ് നിരപരാധിയാണെന്നും പൊലീസ് കളളത്തെളിവുണ്ടാക്കിയെന്നും മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഈ പരാമർശങ്ങളെപ്പറ്റി കൂടെ അന്വേഷണം ആവശ്യമാണെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്.
എന്താണ് ഹാഷ് വാല്യൂ? എങ്ങനെയാണ് ഇത് നിർണ്ണായകമാകുന്നത്?
നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിയുടെ കൈവശമുള്ള മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയത് സ്ഥിരീകരിച്ച് പരിശോധനാഫലം. മൂന്ന് തവണ ഹാഷ് വാല്യു മാറിയതായാണ് പരിശോധനയിൽ സ്ഥിരീകരിച്ചത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ വച്ചും ജില്ലാ കോടതിയുടെ കൈവശം ഇരിക്കുമ്പോഴും വിചാരണ കോടതിയുടെ കൈവശം ഉള്ളപ്പോഴുമാണ് ഹാഷ് വാല്യു മാറിയതെന്നാണ് കണ്ടെത്തൽ. പരിശോധനാഫലം ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഇക്കാര്യത്തിൽ വിശദ പരിശോധന വേണമെന്ന് ആവശ്യപ്പെടാനാണ് പ്രോസിക്യൂഷന്‍റെ നീക്കം. ഫോറൻസിക് റിപ്പോർട്ട് കോടതിക്ക് കൈമാറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെടാനാണ് ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്. വെള്ളിയാഴ്ചയാണ് തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനുള്ള അവസാന തീയതി.
എന്താണ് ഹാഷ് വാല്യൂ?
ഈ സാഹചര്യത്തിൽ എന്താണ് ഹാഷ് വാല്യൂവെന്ന് പലരും സംശയം ചോദിക്കുന്നുണ്ട്. ഡിജിറ്റൽ തെളിവുകളുടെ വിശ്വാസ്യത പല കേസുകളിലും വലിയ പ്രതിസന്ധിയായി മാറാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഒരു ഡിജിറ്റൽ രേഖയുടെ വിശ്വാസ്യത ഉറപ്പിക്കാൻ ഉപയോഗിക്കുന്ന സങ്കേതങ്ങളിലൊന്നാണ് ഹാഷ് വാല്യൂ. ഹാഷ് വാല്യൂ എന്നാൽ ഒരു അൽഗോരിതം നിർമ്മിക്കുന്ന അക്കങ്ങളുടെ ശൃംഖലയാണ്. ഏറ്റവും എളുപ്പത്തിൽ ഹാഷ് വാല്യൂവിനെ ഇങ്ങിനെ വിശേഷിപ്പിക്കാം. എല്ലാ ഇലക്ട്രോണിക് ഫയലിനും ഒരു ഹാഷ് വാല്യൂ ഉണ്ട്. നിങ്ങൾ ഫോട്ടോ എടുക്കുമ്പോഴും ഇ-മെയിൽ അയക്കുമ്പോഴും ഒരു ഹാഷ് വാല്യൂ അതിന്റെ കൂടെ എഴുതപ്പെടുന്നുണ്ട്. ആ ഫയലിൽ മാറ്റം വരുമ്പോൾ ആ ഹാഷ് വാല്യുവിലും മാറ്റം വരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam