വിവാദ ഉത്തരവ് റദ്ദാക്കിയ ശേഷവും മരം മുറിക്കാൻ പാസ് നൽകി വനംവകുപ്പ്

By Web TeamFirst Published Jul 2, 2021, 8:20 AM IST
Highlights

ഒരു പാസിൽ തന്നെ ഇരുപതിലേറെ മരങ്ങൾ മുറിക്കാം. അടിമാലി-നേര്യമംഗലം, പാലോട്, പരുത്തിപ്പള്ളി, അച്ചൻകോവിൽ അടക്കം സംസ്ഥാനത്തെ വനംവകുപ്പിൻറ വിവിധ റേഞ്ചുകളിൽ മരംമുറി നടന്നു.

തിരുവനന്തപുരം: മരം മുറിക്ക് അനുമതി നൽകുന്ന വിവാദ ഉത്തരവ് റദ്ദാക്കിയിട്ടും മുറിക്കാൻ പാസ് നൽകി വനംവകുപ്പ്. സംസ്ഥാന വ്യാപകമായി ഈ രീതിയിൽ 50 ലേറെ പാസുകൾ അനുവദിച്ചെന്നും ആയിരത്തിലേറെ മരങ്ങൾ മുറിച്ചെന്നുമാണ് വനംവകുപ്പ് അന്വേഷണത്തിലെ കണ്ടെത്തൽ.  ഉത്തരവ് റദ്ദാക്കിയിട്ടും അനുമതി നൽകിയത്  വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്ത് കളിയുടെ വ്യക്തമായ തെളിവാണ്.

മുട്ടിലേത് അടക്കമുള്ള മരം മുറിയിൽ  സർക്കാർ ഉയർത്തിയ പ്രധാന പ്രതിരോധം റവന്യു പ്രിൻസിപ്പിൽ സെക്രട്ടറി മരം മുറിക്കാൻ നൽകിയ ഉത്തരവ് ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്തു എന്നായിരുന്നു. എന്നാൽ കഴിഞ്ഞ ഒക്ടോബറിൽ ഇറക്കിയ ഉത്തരവ് വിമർശനങ്ങളെ തുടർന്ന് ഫെബ്രുവരി രണ്ടിന് റദ്ദാക്കിയിട്ടും മരംമുറി നടന്നു. ഫെബ്രുവരി രണ്ടിന് ശേഷം മാത്രം വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകിയത് 50 ലേറെ പാസുകളാണ്. 

ഒരു പാസിൽ തന്നെ ഇരുപതിലേറെ മരങ്ങൾ മുറിക്കാം. അടിമാലി-നേര്യമംഗലം, പാലോട്, പരുത്തിപ്പള്ളി, അച്ചൻകോവിൽ അടക്കം സംസ്ഥാനത്തെ വനംവകുപ്പിൻറ വിവിധ റേഞ്ചുകളിൽ മരംമുറി നടന്നു. ഈട്ടിയും തേക്കുമെല്ലാം ഇങ്ങിനെ മുറിച്ചു നേര്യമംഗലത്ത് പാസ് നൽകരുതെന്ന് ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ രേഖാമൂലം നിർദ്ദേശിച്ചിട്ടും റേഞ്ച് ഓഫീസർ പാസ് നൽകി. മരംമുറിയെക്കുറിച്ച് അന്വേഷിച്ച വനംവകുപ്പ് പിസിസിഎഫിനറെ റിപ്പോർട്ടിലാണ് ഉത്തരവ് റദ്ദാക്കിയിട്ടും നൽകിയ അനുമതിയെ കുറിച്ചുള്ള കണ്ടെത്തൽ. 

അതായത് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് മൂലം പാസ് നൽകി എന്ന വാദം ഇനി വനംവകുപ്പിന് നിരത്താനാകില്ല. ഉത്തരവ് റദ്ദായെന്ന് അറിഞ്ഞിട്ടും വ്യാപകമായി നൽകിയ പാസുകൾ ഉദ്യോഗസ്ഥരും മരം മുറി സംഘവും തമ്മിലെ ബന്ധത്തിൻറെ വ്യക്തമായ തെളിവാണ്. ഉത്തരവ് അനുസരിച്ച് പാസ് നൽകിയാൽ ഉദ്യോഗസ്ഥർക്കെതിരെ എങ്ങിനെ നടപടി എടുക്കും എന്ന വാദം ഇനി നിരത്താനാകില്ല.  

ആകെ 2400 മരങ്ങൾ വെട്ടിക്കടത്തിയെന്ന റിപ്പോർട്ട് വിവാദം അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനാണ് വനംവകുപ്പ് കൈമാറിയത്. മറ്റ് വകുപ്പുകളുടെ റിപ്പോർട്ടും ചേർത്ത് തുടർനടപടി ഉണ്ടാകുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. എന്നാൽ ഉത്തരവ് റദ്ദാക്കിയശേഷം പാസ് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ വനംവകുപ്പിന് നടപടിയെടുക്കാൻ കാത്തിരിക്കേണ്ട ആവശ്യം ഒട്ടുമില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!