മാർച്ച് 25-ന് തന്നെ അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുമെന്ന് മൂന്നാർ ഡിഎഫ്ഒ

By Web TeamFirst Published Mar 20, 2023, 4:05 PM IST
Highlights

സിമൻ്റ് പാലത്തിന് സമീപം മുമ്പ് അരിക്കൊമ്പൻ മൂന്നു തവണ തകർത്ത വീട്ടിൽ താൽക്കാലിക റേഷൻ കടക്കൊപ്പം താമസമുള്ള വീടും സജ്ജീകരിച്ച് ഇവിടേക്ക് ആനയെ ആകർഷിക്കാനാണ് വനംവകുപ്പിൻ്റെ ആലോചന.

ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നാശം വിതക്കുന്ന  അരിക്കൊമ്പനെ മാർച്ച്  25-ന് തന്നെ മയക്കു വെടിവെയ്ക്കുമെന്ന് മൂന്നാർ ഡിഎഫ്ഒ രമേശ്‌ ബിഷ്ണോയ്. അന്നേ ദിവസം അരിക്കൊമ്പനെ പിടിക്കാൻ പറ്റിയില്ലെങ്കിൽ മാർച്ച് 26-ന് രണ്ടാമത്തെ ശ്രമം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. മുഴുവൻ സംഘങ്ങളും എത്തിയ ശേഷം 24-ന് മോക്ക് ഡ്രിൽ നടത്തും. മറ്റു വകുപ്പുകളുടെ സഹകരണം ഉറപ്പാക്കാൻ നാളെ ഉന്നതതല യോഗം ചേരും. പിടികൂടി മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ ജിഎസ്എം കോളർ ഘടിപ്പിക്കുമെന്നും എന്നാൽ ഇത്തവണ ദൗത്യം വിജയിക്കും എന്ന് വിശ്വാസം ഉണ്ടെന്നും മൂന്നാർ ഡിഎഫ്ഒ പറഞ്ഞു. 

അതേസമയം അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യസംഘത്തിലെ കുങ്കിയാനകളിലൊന്ന് ചിന്നക്കനാലിലെത്തി.  വിക്രം എന്ന കുങ്കി ആനയാണ് ആദ്യം എത്തിയത്. വയനാട്ടിൽ നിന്നും 14 മണിക്കൂർ യാത്ര ചെയ്‌ത് രാവിലെ ഏഴു നാൽപ്പതോടെയാണ് വിക്രമിനെയുമായുള്ള വാഹനം ചിന്നക്കനാൽ സിമൻറു പാലത്തെത്തിയത്. നാലു വർഷം മുമ്പുവരെ വയനാടിനെ വിറപ്പിച്ചിരുന്ന വടക്കനാടൻ കൊമ്പനാണ് ഇപ്പോഴത്തെ വിക്രം. വിക്രമിന് ആവശ്യമായ സഹായങ്ങളുമായി മൂന്നാർ ഡിവിഷനിൽ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥത്തുണ്ടായിരുന്നു. യാത്രയിൽ ആവശ്യത്തിന് വിശ്രമം ഭക്ഷണവും നൽകിയതിനാൽ കാര്യമായ ക്ഷീണമൊന്നും വിക്രമിനില്ലായിരുന്നു.

കുഞ്ചു, കോന്നി സുരേന്ദ്രൻ, സൂര്യൻ എന്നീ കുങ്കികളും 26 അംഗ സംഘവും 23 ന് ചിന്നക്കനാലിലെത്തും.  നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടതിനാലാണ് എസ്എസ്എൽസി - പ്ലസ്ടു പരീക്ഷകളില്ലാത്ത 25 –ാംതീയതി മയക്കു വെടിവയ്ക്കാനായി നിശ്ചയിച്ചിരിക്കുന്നത്. ഇതിനു മുന്നോടിയായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം നാളെ മൂന്നാറിൽ നടക്കും.  മുമ്പ് പരാജയപ്പെട്ട ദൗത്യം ഇത്തവണ വിജയകരമാക്കാനാകുമെന്നാണ് വനംവകുപ്പിൻറെ കണക്കു കൂട്ടൽ. 

സിമൻ്റ് പാലത്തിന് സമീപം മുമ്പ് അരിക്കൊമ്പൻ മൂന്നു തവണ തകർത്ത വീട്ടിൽ താൽക്കാലിക റേഷൻ കടക്കൊപ്പം താമസമുള്ള വീടും സജ്ജീകരിച്ച് ഇവിടേക്ക് ആനയെ ആകർഷിക്കാനാണ് വനംവകുപ്പിൻ്റെ ആലോചന. അരിക്കൊമ്പൻ്റെ സ്ഥിരം സഞ്ചാര പാതയിലാണ് ഈ വീട്.  ആനയെ മയക്കുവെടിവച്ച് പിടികൂടി കോടനാടെത്തിക്കുന്നതിനുള്ള പദ്ധതികളെല്ലാം വനംവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ പ്രദേശത്തിൻ്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ് വനംവകുപ്പിന്  വെല്ലുവിളിയാകുന്നത്.

click me!