
പാലക്കാട്: കടുവാ സെൻസസിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം. ഫോറസ്റ്റ് ബീറ്റ് അസിസ്റ്റൻറ് കാളിമുത്തുവാണ് കൊല്ലപ്പെട്ടത്. കാളിമുത്തു, പുതൂർ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആർ കണ്ണൻ, വനം വാച്ചർ അച്ചുതൻ മൂന്നംഗ സംഘം രാവിലെയാണ് മുള്ളി വനമേഖലയിൽ കടുവാ സെൻസസിനായെത്തിയത്. കൊടുംകാടിനുള്ളിലെത്തിയ മൂവർ സംഘം ഉച്ചയോടെ കാട്ടാനയ്ക്ക് മുന്നിൽപെട്ടു. ഓടിരക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാളിമുത്തുവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു.
രക്ഷപ്പെടുന്നതിനിടെ അച്ചുതനും സംഘത്തിലുണ്ടായിരുന്ന ബിഎഫ്ഒ ആർ കണ്ണനും പരിക്കേറ്റു. 2013 മുതൽ വനം വകുപ്പ് ഉദ്യോഗസ്ഥനാണ് കാളിമുത്തു. എട്ടു വർഷം സൈലൻറ് വാലിയിലായിരുന്ന കാളിമുത്തു നാലുവർഷം മുമ്പാണ് പുതൂരിലെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച പുതൂർ റേഞ്ചിലെ അഞ്ചംഗ സംഘം കടുവാ സെൻസസിനിടെ വഴിതെറ്റി കാട്ടിൽ കുടുങ്ങിയിരുന്നു. 18 മണിക്കൂറിനു ശേഷമാണ് ഇവരെ രക്ഷപ്പെടുത്തി താഴെ എത്തിച്ചത്.