വികസനത്തിൻ്റെ മറവിൽ വെട്ടിയ മരങ്ങൾ കടത്താൻ ഉപയോഗിച്ച ലോറി വനം വകുപ്പ് പിടികൂടി

By Web TeamFirst Published Jun 13, 2021, 1:20 PM IST
Highlights

റോഡ് വികസനത്തിൻ്റെ പേരിൽ അമ്പതോളം വൻ മരങ്ങളാണ് മുറിച്ച് മാറ്റിയത്. കാർഡമം ഹിൽ റിസവിൽ വരുന്ന ഉടുമ്പൻചോല താലൂക്കിലാണ് മരം മുറി. പലതവണ വിളിച്ചിട്ടും ഹാജരാകാതിരുന്ന കരാറുകാരൻ്റെ വീട്ടിൽ ഇന്ന് രാവിലെ, വനംവകുപ്പ് സംഘം പരിശോധന നടത്തിയിരുന്നു


കട്ടപ്പന: ഉടുമ്പൻചോല - ചിത്തിരപുരം റോ‍ഡ് വികസനത്തിൻ്റെ മറവിൽ വെട്ടിയ മരങ്ങൾ കടത്താൻ ഉപയോഗിച്ച ലോറി വനം വകുപ്പ് പിടികൂടി. കരാറുകാരനായ അടിമാലി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ടിപ്പർ ലോറിയാണ് കസ്റ്റഡിയിൽ എടുത്തത്. മൊഴി രേഖപ്പെടുത്തുവാൻ പലതവണ വിളിച്ചിട്ടും ഹാജരാകാതിരുന്ന കരാറുകാരൻ്റെ വീട്ടിൽ ഇന്ന് രാവിലെ, വനംവകുപ്പ് സംഘം പരിശോധന നടത്തിയിരുന്നു. കരാറുകാരൻ സ്ഥലത്തുണ്ടായിരുന്നില്ല. എന്നാൽ വീടിന് സമീപം നടത്തിയ തെരച്ചിലിലിൽ ലോറി കണ്ടെത്തി. 

റോഡ് വികസനത്തിൻ്റെ പേരിൽ അമ്പതോളം വൻ മരങ്ങളാണ് മുറിച്ച് മാറ്റിയത്. കാർഡമം ഹിൽ റിസവിൽ വരുന്ന ഉടുമ്പൻചോല താലൂക്കിലാണ് മരം മുറി. അനുമതി വാങ്ങാതെ മരം മുറിച്ച പൊതു മരാമത്ത് വകുപ്പ് ഉദ്യോഗസഥർക്കും കരാറുകാർക്കുമെതിര വനം വകുപ്പ് കേസ് എടുത്തിട്ടുണ്ട്. 

റോഡ് വീതി കൂട്ടുന്നതിൻ്റെ ഭാഗമായി മരങ്ങൾ മുറിച്ചുവെന്നാണ് വിശദീകരണം. പക്ഷേ സിഎച്ച്ആറിൽ ഉൾപ്പെടുന്ന ഇവിടെ നിന്നു മരം മുറിക്കാൻ വനം വകുപ്പിൽ നിന്നും അനുമതിയൊന്നും വാങ്ങിയില്ല. വനം വകുപ്പ് നടത്തിയ പരിശോധനയിൽ ഉടുമ്പൻചോല സെക്ഷനിൽ നിന്നും 18 മരങ്ങളും ശാന്തൻ പാറ സെക്ഷനിൽ നിന്നും എട്ടു മരങ്ങളും മുറിച്ചതായാണ് കണ്ടെത്തിയത്. ഇതോടൊപ്പം കുരങ്ങുപാറയിൽ നിന്നും മൂന്നൂറ് എക്കറിലേക്കുള്ള റോഡരികിൽ നിന്നും 22 മരങ്ങളും വെട്ടി. ചന്ദനവയമ്പ്, ഇരുമ്പിറക്കി, ചോരക്കാലി, മയില,മരുത്  തുടങ്ങിയ ഇനങ്ങളിൽപ്പെട്ട മരങ്ങളാണ് മുറിച്ചത്. കുറച്ച് തടി കരാറുകാരൻ അറിഞ്ഞ് കടത്തിക്കൊണ്ടു പോകുകയും ചെയ്തു. മേയ് 31 നു മുമ്പാണ് മരങ്ങൾ മുറിച്ചത്.  മുട്ടിൽ മരം മുറി വിവാദമായതിനെ തുടന്നാണ് അഞ്ചാം തീയതിയാണ് വനം വകുപ്പ് കേസെടുത്തത്.

click me!