
കമ്പം: അരിക്കൊമ്പനെ മയക്കുവെടി വെച്ച് ഉൾക്കാട്ടിൽ തുറന്നുവിടാനുള്ള ശ്രമങ്ങൾ തുടങ്ങി. ആന ആനഗജം ഭാഗത്ത് ഉള്ളതായി സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ മയക്കു വെടി വക്കാനുള്ള തോക്കുമായി ഈ ഭാഗത്തേക്ക് നീങ്ങി. ദൗത്യ സംഘത്തിന്റെ വാഹനവും ഈ ഭാഗത്തേക്ക് പോയിട്ടുണ്ട്. മേഘമല ഡെപ്യൂട്ടി ഡയറക്ടർ, തേനി ഡിഫ്ഒ അടക്കം നിരവധി മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്.
അരിക്കൊമ്പൻ കൂത്തനാച്ചി ക്ഷേത്രത്തിനു സമീപമുണ്ടെന്നാണ് രാവിലെ ലഭിച്ച വിവരം. ചുരുളിക്കും കെ കെ പെട്ടിക്കും ഇടയിലാണ് ഈ സ്‌ഥലം. ശ്രീവല്ലിപുത്തൂർ മേഘമല കടുവ സങ്കേതത്തിന്റെ ഭാഗമാണ് ഇവിടം. അരിക്കൊമ്പനെ പിടിക്കാൻ മുത്തുവെന്ന മറ്റൊരു കുങ്കിയാനയെ കൂടി വനം വകുപ്പ് കൊണ്ടുവരുന്നുണ്ട്. ഈ ആനയെ ഉടൻ കമ്പത്ത് എത്തിക്കും. ആനമാല സ്വയംഭൂ എന്ന ഒരു കുങ്കിയാനയെ നേരത്തെ എത്തിച്ചിരുന്നു. കമ്പം ബൈപ്പാസിലൂടെയുള്ള ഗതാഗതം ഇന്നും നിരോധിച്ചിരിക്കുകയാണ്. ബൈപ്പാസിലൂടെ വാഹനങ്ങൾ കടത്തി വിടുന്നില്ല. ഇന്നലെ ബൈപ്പാസിനടുത്താണ് ആന ഉണ്ടായിരുന്നത്.
അതിനിടെ ആന ഗേറ്റ് തകർത്ത തോട്ടത്തിനടുത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ തർക്കമുണ്ടായി. ആന കൃഷിയും മറ്റും നശിപ്പിക്കുന്നുവെന്ന് പറഞ്ഞ് കർഷകർ ആനയെ ഉടനെ പിടികൂടണമെന്ന് ആവശ്യപ്പെട്ടു. ആളുകൾ പിരിഞ്ഞു പോകണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടപ്പോഴാണ് തർക്കം ഉണ്ടായത്. പുലർച്ചെ രണ്ട് മണിക്ക് കമ്പത്തു നിന്ന് എട്ട് കിലോമീറ്റർ അകലെയുള്ള ചുരുളിപെട്ടിയിലെ കൃഷി ഇടങ്ങളിലൂടെ പോയ സമയത്താണ് അരിക്കൊമ്പൻ കൃഷി നശിപ്പിച്ചത്. ഒരു തോട്ടത്തിന്റെ ഗേറ്റ് തകർത്ത ആന പ്ലാവിൽ നിന്ന് ചക്ക പറിച്ച് തിന്നു. ഈ സമയത്ത് പട്ടി നിർത്താതെ കുരച്ചപ്പോൾ പുറത്തിറങ്ങിയ കർഷകരാണ് ആനയെ കണ്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam