സിറോ മലബാർ സഭ വ്യാജരേഖ കേസ്: ഫാദര്‍ ടോണി കല്ലൂക്കാരന്‍ ഗൂഢാലോചന നടത്തിയെന്ന് പൊലീസ്, പ്രതിചേർത്തു

By Web TeamFirst Published May 21, 2019, 2:12 PM IST
Highlights

ഫാദര്‍ പോൾ തേലക്കാടും ഫാദര്‍ ടോണി കല്ലൂക്കാരനും ഗൂഢാലോചന നടത്തി. വൈദികരുടെ നിർദ്ദേശം മൂന്നാം പ്രതി ആദിത്യൻ അനുസരിച്ചുവെന്നാണ് കണ്ടെത്തല്‍. 

കൊച്ചി: സിറോ മലബാർ സഭ വ്യാജ രേഖ കേസിൽ ഫാദര്‍ ടോണി കല്ലൂക്കാരനെ പ്രതിചേർത്തു. നാലാം പ്രതിയാക്കിയാണ് ഉൾപ്പെടുത്തിയത്. ഫാദര്‍ പോൾ തേലക്കാടും ഫാദര്‍ ടോണി കല്ലൂക്കാരനും ഗൂഢാലോചന നടത്തി. വൈദികരുടെ നിർദ്ദേശം
മൂന്നാം പ്രതി ആദിത്യൻ അനുസരിച്ചുവെന്നാണ് കണ്ടെത്തല്‍. ആദിത്യന്‍റെ കസ്റ്റഡി അപേക്ഷയിലാണ് പൊലീസ് ഗൂഢാലോചന
ചൂണ്ടി കാട്ടുന്നത്. 

സഭാ വ്യാജരേഖ കേസിൽ റിമന്റിലുള്ള പ്രതി ആദിത്യനെ 3 ദിവസത്തേക്ക് കസ്റ്റഡിയിൽ ലഭിക്കാൻ പോലീസ് കോടതിയെ
സമീപിച്ചിരുന്നു. എന്നാല്‍ കസ്റ്റഡിയില്‍ താൻ ക്രൂര മർദനത്തിനിരയായെന്നു ആദിത്യൻ കോടതിയിൽ പരാതിപ്പെട്ടു. ആദിത്യന്റെ കാലിലെ നഖം പോലീസ് ആയുധം ഉപയോഗിച്ചു പിഴുതെടുത്തെന്നും ഇനി പോലീസിന്റെ കസ്റ്റഡിയിൽ വിടരുതെന്നു അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്ന് പ്രതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. പൊലീസ് ക്രൂരമായി മദ്ദിച്ചെന്ന് ആദിത്യൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.

കേസിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് എറണാകുളം അങ്കമാലി അതിരൂപത അപ്പസ്തോലിക്ക്‌ അഡ്മിനിസ്ട്രേറ്റർ
മാർ ജേക്കബ്‌ മാനത്തോടത്ത് ഇന്നലെ പ്രതികരിച്ചിരുന്നു. കർദ്ദിനാളിനും ബിഷപ്പുമാർക്കും സ്വകാര്യ സ്ഥാപനത്തിൽ
നിക്ഷേപമുണ്ടെന്ന് പറയുന്ന രേഖകൾ വ്യാജമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സഭയിലെ വൈദികർക്കെതിരെ മൊഴി
നൽകുന്നതിന് മകനെ മൂന്ന് ദിവസം കസ്റ്റഡിയിൽ വെച്ച് പൊലീസ് പീഡിപ്പിച്ചെന്ന് പ്രതി ആദിത്യന്‍റെ പിതാവ് സക്കറിയ
ഇന്നലെ ആരോപിച്ചിരുന്നു. 

കര്‍ദ്ദിനാള്‍ മാർ ജോര്‍ജ് ആലഞ്ചേരിക്കെതിരെ മുരിങ്ങൂർ സാന്റോസ് നഗർ പള്ളി വികാരി ഫാദർ ടോണി കല്ലൂക്കാരൻ
പറഞ്ഞിട്ടാണ് എറണാകുളം കോതുരുത്ത് സ്വദേശി ആദിത്യൻ വ്യാജ രേഖ നിർമ്മിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ.
എന്നാൽ പൊലീസ് അന്വേഷണം ശരിയായദിശയിൽ അല്ലെന്ന് എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക്ക്‌
അഡ്മിനിസ്ട്രേറ്റർ മാർ ജേക്കബ്‌ മാനത്തോടത്ത് ആരോപിക്കുന്നു. സ്വകാര്യ സ്ഥാപനത്തിലെ സെർവ്വറിലെ സ്ക്രീൻ ഷോട്ട്
കൃത്രിമമല്ല. എന്നാൽ കർദ്ദിനാളിനും ബിഷപ്പുമാർക്കും നിക്ഷേപമുണ്ടെന്ന് പറയുന്ന രേഖയിലെ വസ്തുതകളിൽ കൂടുതൽ
അന്വേഷണം വേണമെന്നും അദ്ദേഹം പറയുന്നു.

തിരക്കഥ തയ്യാറാക്കിയാണ് പൊലീസ് അന്വേഷണമെന്ന് വൈദികസമിതി അംഗങ്ങൾ തുറന്നടിച്ചു. രേഖ വ്യാജമാണെന്ന് പറഞ്ഞ് ഭൂമി ഇടപാട് കേസ് അട്ടിമറിക്കാൻ ശ്രമമെന്നും വൈദിക സമിതി സെക്രട്ടറി കുര്യാക്കോസ് മുണ്ടാടൻ ആരോപിച്ചു. മകനെ പൊലീസ് മർദ്ദിച്ചെന്നും, ഫാദർ പോൾ തോലക്കാട്, ഫാദർ ടോണി കല്ലൂക്കാരന്‍ എന്നിവരുടെ പേരുകൾ പറയണമെന്ന്
ഭീഷപ്പെടുത്തിയാണ് മർദ്ദിച്ചതെന്നും പിതാവ് സക്കറിയ ആരോപിച്ചിരുന്നു. അതേസമയം കർദ്ദിനാളിനെതിരെ പുറത്ത് വന്നത് വ്യാജ രേഖ അല്ലെന്ന് അപോസ്തോലിക് അഡ്മിനിസ്ട്രേറ്റർ കൂടി നിലപാടെടുത്തതോടെ വ്യാജ രേഖാ വിവാദം സഭയിൽ കൂടുതൽ ചർച്ചകൾക്ക് വഴിവയ്ക്കുകയാണ്. 
 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!