
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി കിഫ്ബി ഭരണസമിതി അംഗവും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ഡോ. ബാബു പോള്‍. നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തേണ്ടത് രാജ്യത്തിന്‍റെ ആവശ്യമാണെന്ന് ബാബു പോള്‍ പറഞ്ഞു.
തിരുവനന്തപുരത്ത് ബിജെപിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെയാണ് നരേന്ദ്ര മോദിയെയും ബിജെപിയെയും പുകഴ്ത്തി ബാബു പോൾ സംസാരിച്ചത്‍.
കിഫ്ബി അംഗമായും നവകേരള നിര്‍മാണ പദ്ധതികളുടെ ഉപദേശകനായും സര്‍ക്കാരിനൊപ്പം പ്രവർത്തിക്കുന്ന ബാബു പോൾ മുഖ്യമന്ത്രി പിണറായി വിജയനുമായും അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ്. എന്നാൽ സർക്കാരിനും മുഖ്യമന്ത്രിക്കും ഒരുപോലെ വേണ്ടപ്പെട്ട ബാബു പോളാണ് ആപ്രതീക്ഷിതമായി ബിജെപി വേദിയില്‍ ഉദ്ഘാടകനായെത്തിയത്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസാണ് ബാബു പോള്‍ ഉദ്ഘാടനം ചെയ്തത്.
മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായിയുടെ ശൈലിയെ പിന്തുണച്ച് ബാബു പോള്‍ പലവട്ടം രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് എഴുതിയ ലേഖനത്തില്‍ 'തീയില്‍ കുരുത്തത് വെയിലത്ത് വാടില്ലെ'ന്നായിരുന്നു മുഖ്യമന്ത്രിയെക്കുറിച്ചുള്ള വിശേഷണം. കുത്തഴിഞ്ഞ ഭരണ സംവിധാനത്തിന് പിണറായി മുഖ്യമന്ത്രിയായതോടെ അച്ചടക്കം വന്നെന്നും ബാബു പോള്‍ പറഞ്ഞിരുന്നു.
എന്നാല്‍ താന്‍ ബിജെപിയിലേക്കില്ലെന്നും പ്രതിപക്ഷത്തിന് ഒരു നേതാവില്ലാത്ത സാഹചര്യത്തില്‍ മോദി അധികാരത്തില്‍ തിരികെ വരണമെന്ന അഭിപ്രായം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ബാബു പോള്‍ പിന്നീട് വിശദീകരിച്ചു. പ്രതിഫലമില്ലാതെയാണ് കിഫ്ബി അംഗമായി പ്രവര്‍ത്തിക്കുന്നതെന്നും ബാബു ബോള്‍ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam