ലൗ ജിഹാദിനെതിരെ കര്‍ശന നടപടി വേണം; സിറോ മലബാര്‍ സഭാ സിനഡിനെ പിന്തുണച്ച് കുമ്മനം രാജശേഖരന്‍

By Web TeamFirst Published Jan 15, 2020, 6:02 PM IST
Highlights

കോണ്‍ഗ്രസ്സ് - സിപിഎം - ജിഹാദി കൂട്ടുകെട്ടാണ് ലൗജിഹാദികള്‍ക്ക് പ്രേരണയും പ്രചോദനവും നല്‍കുന്നതെന്ന് കുമ്മനം ആരോപിച്ചു.

തിരുവനന്തപുരം: ലൗജിഹാദിനെതിരെ വ്യാപകമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഗൗരവമേറിയ പരാതികളിന്മേല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന സിറോ മലബാര്‍ സഭാ സിനഡിന്റെ ആവശ്യം സ്വാഗതാര്‍ഹമാണെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. ലൗജിഹാദിന്റെ പേരില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ കൊലചെയ്യപ്പെടുന്നു വെന്നും നിര്‍ബന്ധിത മതം മാറ്റത്തിന് ഇരയാകുന്നുവെന്നുമുള്ള സിറോ മലബാര്‍ സഭാ സിനഡിന്റെ ആരോപണം മുഖവിലക്കെടുക്കാതെ മന്ത്രി തോമസ് ഐസക്ക് തള്ളിക്കളഞ്ഞിരുന്നു. 

എന്നാല്‍ കോണ്‍ഗ്രസ്സ് - സിപിഎം - ജിഹാദി കൂട്ടുകെട്ടാണ് ലൗജിഹാദികള്‍ക്ക് പ്രേരണയും പ്രചോദനവും നല്‍കുന്നതെന്ന് കുമ്മനം ആരോപിച്ചു. കേരളത്തിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലും കോടതികളിലും നൂറുകണക്കിന് പരാതികള്‍ ലൗജിഹാദിനിരയായ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ നല്‍കിയിട്ടുണ്ട്. മാത്രമല്ല, സിപിഎം നേതാവ് വി.എസ്.അച്ചുതാനന്ദന്‍ ലൗജിഹാദ് കേരളത്തില്‍ ശക്തിപ്പെട്ടുവെന്നും അത് തടയണമെന്നും മുമ്പ് വ്യക്തമാക്കിയിരുന്നതാണ്. എന്നിട്ടും മന്ത്രി തോമസ് ഐസക്ക് ലൗജിഹാദ് കേരളത്തില്‍ ഇല്ലെന്ന് പറയുന്നത് ഒന്നുകില്‍ ഭയം കൊണ്ടാണ്, അല്ലെങ്കില്‍ കുറ്റവാളികളെ രക്ഷപ്പെടുത്താനാണ്.

സീറോ മലബാര്‍ സഭാ സിനഡിന്റെ ഭയാശങ്കകളും പ്രതിഷേധവും സംസ്ഥാന സര്‍ക്കാര്‍ പാടെ അവഗണിക്കുകയാണ്. സമീപകാലത്ത് ജിഹാദി തീവ്രവാദ പ്രസ്ഥാനങ്ങളോട് സ്വീകരിച്ചിട്ടുള്ള മൃദു സമീപനമാണ് അതിന് കാരണം. സ്വന്തം ആരാധനലയങ്ങള്‍ തകര്‍പ്പെടുകയും പുരോഹിതര്‍ കൊലക്കിരയാവുകയും ചെയ്തതിനെ തുടര്‍ന്ന് ജീവിക്കാന്‍ നിവൃത്തിയില്ലാതെ ഭാരതത്തില്‍ അഭയം തേടിയ ക്രിസ്ത്യന്‍ - ഹിന്ദു - ബുദ്ധ മതക്കാര്‍ക്ക് സാമൂഹ്യനീതി നല്‍കുന്നതിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസ്സ് - സിപിഎം ജിഹാദി സംഘടനകളുടെ നിലപാട് തന്നെയാണ് ലൗജിഹാദിന്റെ കാര്യത്തിലും ആ സംഘടനകള്‍ക്ക് ഉള്ളത്. 

മതസൗഹാര്‍ദ്ദവും സാമൂഹിക സമാധാനവും ലൗജിഹാദ് തകര്‍ക്കുമെന്ന സീറോ മലബാര്‍ സഭാ സിനഡിന്റെ അഭിപ്രായം യാഥാര്‍ത്ഥ്യബോധത്തോടുകൂടിയിട്ടുള്ളതാണ്.ലൗ ജിഹാദിലൂടെ അനേകം പെണ്‍കുട്ടികളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നു. പോലീസ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന സിനഡിന്റെ പരാതി ഗൗരവമേറിയതാണ്. കേരളത്തിന്റെ സമകാലീന രാഷ്ട്രീയ സ്ഥിതി വിശേഷത്തിന്റെയും ക്രമസമാധാന നിലയുടെയും ശരിയായ ചിത്രം സിനഡിന്റെ പ്രമേയത്തില്‍ വ്യക്തമാക്കുന്നു. ശക്തമായ നടപടി സ്വീകരിച്ച് ജിഹാദികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് കുമ്മനം രാജശേഖരന്‍ അഭ്യര്‍ത്ഥിച്ചു.

click me!