കേരളത്തിൽ സമ്പത്തുണ്ടാക്കുന്നവരോട് മലയാളികൾക്ക് എതിർപ്പാണെന്നും ഇതിന് കാരണം അസൂയയാണെന്നും വ്യവസായ പ്രമുഖൻ രവി പിള്ള പറയുന്നു. ഗൾഫ് രാജ്യങ്ങളിൽ ഇതിന് വിപരീതമായി സമ്പന്നരെ വിലമതിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

തിരുവനന്തപുരം: കേരളത്തിൽ സമ്പത്തുണ്ടാക്കുന്നവരെ എതിർക്കുന്ന മനോഭാവമാണെന്ന് വ്യവസായ പ്രമുഖൻ രവി പിള്ള. ​ഗൾഫിൽ ഇതിൽ നേരെ വിപരീതമാണണെന്നും അദ്ദേഹം പറഞ്ഞു. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അസൂയയാണ് സമ്പന്നരെ എതിർക്കാനുള്ള കാരണം. അല്ലാതെ മറ്റൊന്നുമല്ല. അനധികൃതമായി സമ്പാദിച്ച സമ്പത്താണെന്ന് പോലും മലയാളികൾ പറഞ്ഞേക്കാം. എന്നാൽ മറ്റ് രാജ്യങ്ങളിൽ, സമ്പത്ത് സൃഷ്ടിക്കുന്നവരെ വളരെയധികം വിലമതിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നു. അവർ സമ്പന്നരെ മാത്രമേ വിലമതിക്കുന്നുള്ളൂ. അല്ലെങ്കിൽ, ട്രംപിനെ ആരാണ് വിലമതിക്കുക? സമ്പത്തും സൈനിക ശക്തിയും കാരണം ലോകരാഷ്ട്രങ്ങൾ അദ്ദേഹത്തെ വിലമതിക്കുന്നുവെന്നും മണി പവർ ശക്തിയാണെന്നും അദ്ദേഹം പറഞ്ഞു. 

ഇത്തരമൊരു മാനസികാവസ്ഥ കേരളത്തിൽ മാത്രമേ കാണപ്പെടുന്നുള്ളൂ. വളരെക്കാലമായി അതാണ് സ്ഥിതി. അത് നമ്മുടെ സംസ്കാരമാണെന്നും അദ്ദേഹം പറഞ്ഞു. ഗൾഫ് കുടിയേറ്റം ഇല്ലായിരുന്നുവെങ്കിൽ, ഇന്ന് കാണുന്ന കേരളം ഉണ്ടാകുമായിരുന്നില്ല. ലക്ഷക്കണക്കിന് ആളുകൾ ​ഗൾഫിൽ ജോലി ചെയ്തിട്ടുണ്ട്. ദശലക്ഷക്കണക്കിന് ആളുകളെ നാട്ടിലേക്ക് തിരിച്ചയച്ചിട്ടുണ്ട്. ആ അവസരം ഇല്ലായിരുന്നെങ്കിൽ ഞാനുൾപ്പെടെ നമ്മളിൽ പലരും ഈ അവസ്ഥയിൽ എത്തുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.