
തിരുവനന്തപുരം: സ്വകാര്യ ആശുപത്രി മാനേജ്‌മെന്‍റിനെ ഭീഷണിപ്പെടുത്തി പത്തുലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ മുൻ ഡിസിസി അംഗം സുഹേൽ ഷാജഹാന് വൻ ഗുണ്ടാബന്ധമെന്ന് പൊലീസ്. തൂഫാൻ മറയാക്കി കൊച്ചിയിൽ ഗുണ്ടാനേതാക്കളുടെ യോഗം വിളിച്ചുചേർത്തത് സുഹേൽ ഷാജഹാനായിരുന്നു.. കെ. സുധാകരൻ എംപിയും യോഗത്തിൽ പങ്കെടുത്തിരുന്നു. സുഹേലിന്റെ ഫോണുകൾ പരിശോധിച്ചതിൽ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിരവധി ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്നതിന്റെ പ്രാഥമിക തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചു.
അതേസമയം, ആശുപത്രിയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനുള്ള ശ്രമത്തിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ചോദ്യം ചെയ്യലിൽ സുഹേൽ ഷാജഹാൻ അന്വേഷണവുമായി സഹകരിക്കാൻ തയ്യാറായില്ല. കണ്ണൂർ സ്വദേശിയായ യുവതിക്ക് ആശുപത്രിയിൽ ജോലി വാങ്ങിനൽകി അവിടെനിന്ന് ദൃശ്യങ്ങൾ ചിത്രീകരിച്ച് പണം തട്ടാനായിരുന്നു നീക്കമെന്നാണ് പൊലീസിന്റെ സംശയം. ദൃശ്യങ്ങൾ ചിത്രീകരിച്ച യുവതി ഇപ്പോൾ ഒളിവിലാണ്. ഓൺലൈൻ മാധ്യമപ്രവർത്തകരുടെ അസോസിയേഷൻ സെക്രട്ടറിയാണെന്ന് വ്യാജമായി പരിചയപ്പെടുത്തി സുഹേലിനൊപ്പം ആശുപത്രിയിലെത്തി ഡോക്ടറെ ഭീഷണിപ്പെടുത്തിയ റോബിൻ ക്രിസ്റ്റഫറും ഒളിവിലാണ്.
വീഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ച് തെറ്റായ വാർത്ത പ്രചരിപ്പിച്ച ചങ്ങാതിക്കൂട്ടം എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിൻ ബിനീഷും ഒളിവിലാണെന്ന് പോലീസ് പറയുന്നു. ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ സുഹേൽ ഷാജഹാനെ കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസിന്റെ നീക്കം. ഇതിനായി ഇന്ന് പേട്ട പൊലീസ് കോടതിയിൽ അപേക്ഷ സമർപ്പിക്കും. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണവും ഊർജിതമാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam