
പൂജപ്പുര:അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി ജയിൽ മോചിതനായി.പൂജപ്പുര സെൻട്രൽ ജയിലിൽ ആയിരുന്നു തച്ചങ്കരി. ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചതിനെ തുടർന്നാണ് തച്ചങ്കരിക്ക് പുറത്തിറങ്ങാനായത്. സെപ്റ്റംബർ 18 മുതൽ തച്ചങ്കരി ജയിലിലായിരുന്നു. രാത്രി ഒന്പത് മണിയോടെയാണ് തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി അനുവദിക്കുകയായിരുന്നു. ജസ്റ്റിസ് എ ബദറുദ്ദീനാണ് തച്ചങ്കരിയുടെ അപ്പീൽ പരിഗണിച്ച് ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ് ജാമ്യം അനുവദിച്ചത്. കേസിലെ അപ്പീല് തീര്പ്പാകുന്നതുവരെ കോട്ടയം വിജിലന്സ് കോടതിയുടെ ശിക്ഷ മരവിപ്പിക്കണം എന്ന ഇടക്കാല ആവശ്യത്തിലാണ് ഹൈക്കോടതിയുടെ നടപടി. പിഴത്തുകയുടെ 75 ശതമാനം കെട്ടിവയ്ക്കണമെന്നും രാജ്യം വിടരുതെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം.
കോട്ടയം വിജിലൻസ് കോടതിയാണ് ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വർഷം കഠിനതടവും മുപ്പത് ലക്ഷത്തിലധികം രൂപ പിഴയും വിധിച്ചത്. വാടക വരുമാനം, കുടുംബ സ്വത്ത്, ഇതൊന്നും വിചാരണ കോടതി ഉത്തരവിൽ കണക്കിലെടുത്തില്ലെന്നായിരുന്നു തച്ചങ്കരിയുടെ അപ്പീലിലെ പ്രധാന വാദം. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെടുന്ന സംസ്ഥാനത്തെ ഡിജിപി റാങ്കിലുള്ള ആദ്യ ഉദ്യോഗസ്ഥനെന്ന നാണക്കേടും പേറിയാണ് തച്ചങ്കരി ജയിലിലേക്കെത്തിയത്. ടോമിൻ തച്ചങ്കരിക്ക് നാല് വർഷം കഠിന തടവും 30.8 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ ലഭിച്ചിരുന്നത്.
19 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് വിധി പുറപ്പെടുവിച്ചത്. 2007 ലാണ് ടോമിൻ തച്ചങ്കരിക്കെതിരെ അനധികൃത സ്വത്ത് സമ്പാദന കേസ് രജിസ്റ്റർ ചെയ്തത്. 2003 മുതൽ 2007 വരെയുള്ള കാലയളവിൽ ജോലിയിലിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നതാണ് കേസ്. വരുമാനത്തേക്കാൾ ഏകദേശം 135 ശതമാനത്തോളം അധിക സ്വത്ത് സമ്പാദനം നടത്തിയതായി കണ്ടെത്തിയിരുന്നു. വരവ് തെളിയിക്കാനായി ടോമിൻ തച്ചങ്കരിക്ക് കഴിഞ്ഞിരുന്നില്ല. പക്ഷേ, ഇതുമായി ബന്ധപ്പെട്ട ചെലവുകളുടെ രേഖകൾ കണ്ടെത്താൻ വിജിലൻസിന് കഴിഞ്ഞു. പിന്നീട് 2013 ലാണ് കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചത്. അന്ന് എ ഡി ജി പി ആയിരുന്ന ടോമിൻ തച്ചങ്കരിക്കെതിരെ നിരവധി ക്രമക്കേടുകളും പുറത്തുവന്നിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam