'മോന്‍സന്‍റെ നിയമവിരുദ്ധ ഇടപാടുകള്‍ അറിയില്ല',തന്‍റെ സാന്നിധ്യത്തില്‍ പണമിടപാട് നടന്നിട്ടില്ലെന്ന് മുന്‍ ഡിഐജി

By Web TeamFirst Published Sep 27, 2021, 4:50 PM IST
Highlights

തന്‍റെ സാന്നിധ്യത്തില്‍ ഒരു പണമിടപാട് നടന്നിട്ടില്ല. പരാതിക്കാര്‍ പറയുന്നത് ശരിയല്ല. മോന്‍സന്‍ മാവുങ്കലിനെ അറസ്റ്റ് ചെയ്യുമ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും മുന്‍ ഡിഐജി വിശദീകരിച്ചു. 

കൊച്ചി: സാമ്പത്തിക തട്ടിപ്പുവീരൻ മോൻസൻ മാവുങ്കലുമായി (Monson Mavunkal)  നല്ല ബന്ധമുണ്ടായിരുന്നെന്ന് മുന്‍ ഡിഐജി സുരേന്ദ്രന്‍ (DIG surendran). കുടുംബത്തിലെ മിക്ക ചടങ്ങുകളിലും പങ്കെടുക്കുമായിരുന്നു. എന്നാല്‍ ഇടപാടുകളില്‍ സംശയം തോന്നിയതിനാല്‍ കുറച്ചുകാലമായി അദ്ദേഹവുമായി ബന്ധമില്ലെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. മോന്‍സന് എതിരെ പരാതി ലഭിക്കാത്തതിനാല്‍ അന്വേഷണം നടത്തിയില്ല. മോന്‍സന്‍റെ നിയമവിരുദ്ധ ഇടപാടുകള്‍ അറിയില്ല. തന്‍റെ സാന്നിധ്യത്തില്‍ ഒരു പണമിടപാട് നടന്നിട്ടില്ല. പരാതിക്കാര്‍ പറയുന്നത് ശരിയല്ല. മോന്‍സന്‍ മാവുങ്കലിനെ അറസ്റ്റ് ചെയ്യുമ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും മുന്‍ ഡിഐജി വിശദീകരിച്ചു. 

Read Also : '25 ലക്ഷം കൈമാറിയത് സുധാകരന്‍റെ സാന്നിധ്യത്തില്‍'; കെ സുധാകരന്‍ മോന്‍സന്‍റെ തട്ടിപ്പിന് സഹായിച്ചെന്ന് പരാതി

 

ഡിഐജി മോൻസൻ മാവുങ്കലിന്‍റെ വിട്ടിലെ നിത്യസന്ദർശകന്‍ ആയിരുന്നുവെന്നതിന്  തെളിവുകളുണ്ട്. കഴിഞ്ഞ വിഷുദിനത്തിൽ മോൻസന്‍റെ വീട്ടിലെ ആഘോഷത്തില്‍ ഡിഐജി പങ്കെടുത്തിരുന്നു. കലൂരിലെ മ്യൂസിയത്തിൽ മോൻസൻ മാവുങ്കലിന്‍റെ പിറന്നാൾ ആഘോഷത്തില്‍ സിനിമാ താരങ്ങള്‍ നൃത്തം അവതരിപ്പിച്ചിരുന്നു. ഡാന്‍സിന് നേതൃത്വം കൊടുത്തത് മുൻ ഡിഐജി എസ് സുരേന്ദ്രന്‍റെ ഭാര്യയാണ്.  ഉന്നത ഉദ്യോഗസ്ഥരുമായുള്ള അടുപ്പം  തനിക്കെതിരായ കേസ് അട്ടിമറിക്കാനും പ്രതി ഉപയോഗിച്ചെന്നതിനും തെളിവുണ്ട്. മോൻസന് എതിരായ സാമ്പത്തിക   തട്ടിപ്പ് കേസിന്‍റെ  ചുമതലയിൽ നിന്ന് ഇഷ്ടക്കാരനായ സിഐയെ നീക്കിയ നടപടി റദ്ദാക്കാൻ ഐജി ലക്ഷ്മണ  ഇടപെട്ടതിന്‍റെ രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.  ഐജിയുടെ നടപടി ചട്ടവിരുദ്ധമാണെന്ന് കണ്ട് പിന്നീട് എഡിജിപി മനോജ് എബ്രഹാം ഐജി ലക്ഷമണയെ ശാസിച്ചിരുന്നു.  

Read Also : ആഡംബര കാറുകളുടെ പേരിൽ മോൻസന്‍ തട്ടിയത് 7 കോടിയോളം: കൊടുത്തത് പ്രളയത്തിൽ കേടായ കാറുകൾ

അതേസമയം മോൻസൻ മാവുങ്കലിന്‍റെ സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപിക്കെതിരെ ഗുരുതരാരോപണം ഉയര്‍ന്നിരിക്കുകയാണ്. സുധാകരന്‍റെ സാന്നിധ്യത്തിലാണ് മോൻസൻ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയതെന്ന് പരാതിക്കാർ ക്രൈംബ്രാഞ്ചിനെ രേഖാമൂലം അറിയിച്ചു. 2018 നവംബ‍ർ 22 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് മോന്‍സന്‍റെ കലൂരുളള വീട്ടിൽവെച്ച് കെ സുധാകരന്‍റെ സാന്നിധ്യത്തിൽ 25 ലക്ഷം രൂപ കൈമാറിയെന്നാണ് പരാതിക്കാർ ക്രൈംബ്രാഞ്ചിനെ അറിയിച്ചിരിക്കുന്നത്.  കെ സുധാകരനും മോൻസൻ മാവുങ്കലുമായുളള ബന്ധം സൂചിപ്പിക്കുന്ന ചിത്രങ്ങളും ഇതിനിടെ പുറത്തുവന്നു. എന്നാൽ പ്രവാസി സംഘടനയുടെ ഭാരവാഹി എന്ന നിലയിലാണ് മോന്‍സനെ പരിചയപ്പെട്ടതെന്ന് സുധാകരനൊപ്പം ചിത്രത്തിലുളള മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ പറഞ്ഞു. മന്ത്രി റോഷി അഗസ്റ്റിൻ, മുൻമന്ത്രി വി എസ് സുനിൽ കുമാർ തുടങ്ങവർക്കൊപ്പമുളള മോൻസന്‍റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. 

 

click me!