മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് അന്തരിച്ചു

Published : Sep 25, 2022, 08:01 AM ISTUpdated : Sep 25, 2022, 08:42 AM IST
മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് അന്തരിച്ചു

Synopsis

കോൺഗ്രസ്സ് നേതാക്കളിലൊരാളും കേരള നിയമസഭയിലെ മുൻ വൈദ്യുതി ഗതാഗത മന്ത്രിയുമായിരുന്നു ആര്യാടൻ മുഹമ്മദ് . വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. 

കോഴിക്കോട്: മുൻ മന്ത്രിയും കോണ്‍ഗ്രസിലെ ഉന്നത നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദ് അന്തരിച്ചു. 87 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോൺഗ്രസ്സ് നേതാക്കളിലൊരാളും കേരള നിയമസഭയിലെ മുൻ വൈദ്യുതി, ഗതാഗത മന്ത്രിയുമായിരുന്നു ആര്യാടൻ മുഹമ്മദ് . വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. 

മികച്ച പാര്‍ലമെന്‍റേറിയനും പ്രഭാഷകനും വായനക്കാരനുമായിരുന്നു. മലപ്പുറം നിലമ്പൂരില്‍ ആര്യാടൻ ഉണ്ണീന്‍റെയും കദിയുമ്മയുടേയും ഒൻപത് മക്കളിൽ രണ്ടാമനായി 1935 മേയ് 15നാണ് ആര്യാടന്‍ മുഹമ്മദിന്‍റെ ജനനം. നിലമ്പൂർ ഗവ. മാനവേദൻ ഹൈസ്കൂളിൽ നിന്നാണ് വിദ്യാഭ്യാസം നേടിയത്.  അക്കാലം സ്കൂൾ ഫുട്ബോൾ ടീം ക്യാപ്റ്റനായിരുന്നു. ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. 1959ൽ വണ്ടൂർ ഫർക്ക കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. 1960ൽ കോഴിക്കോട് ഡിസിസി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ രാഷ്ട്രീയത്തില്‍ ഉന്നത സ്ഥാനത്തെത്തി. 1962വണ്ടൂരിൽ നിന്ന് കെപിസിസി അംഗം. 1969ൽ മലപ്പുറം ജില്ല രൂപവത്ക്കരിച്ചപ്പോൾ ഡിസിസി പ്രസിഡന്‍റായി. 1978മുതൽ കെപിസിസി സെക്രട്ടറിയായി. എന്നാല്‍ കന്നി തെരഞ്ഞെടുപ്പില്‍ തോറ്റു.  1965ലും, 67ലും നിലമ്പൂരിൽ നിന്ന് നിയസഭയിലേക്ക് മത്സരിച്ചു. എന്നാല്‍ കെ. കുഞ്ഞാലിയോട് തോറ്റു. 1969ൽ ജൂലൈ 28ന് കുഞ്ഞാലി വധക്കേസിൽ പ്രതിയായി.  കേസില്‍ പിന്നീട് ആര്യാടനെ ഹൈക്കോടതി കുറ്റവിമുക്താനാക്കി. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ 1977ൽ നിലമ്പൂരിൽ നിന്ന് നിയസഭയിലെത്തി. 
പൊന്നാനിയിൽ നിന്ന് ലോക് സഭയിലേക്ക് മത്സരിച്ച് തോറ്റു. എ ഗ്രൂപ്പ് ഇടതുപക്ഷത്തെത്തിയപ്പോള്‍ ആ വർഷം എംഎൽഎ ആകാതെ തന്നെ ഇടത് മുന്നണി മന്ത്രിസഭയിൽ മന്ത്രിയായി. വനം-തൊഴില്‍ വകുപ്പാണ് ലഭിച്ചത്. സി. ഹരിദാസ് നിലമ്പൂരിൽ എംഎൽഎ സ്ഥാനം രാജിവെച്ച് ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് മുല്ലപ്പള്ളി രാമചന്ദ്രനെ തോൽപ്പിച്ച് നിയമസഭയിലെത്തി.

എന്നാല്‍, 1982ൽ ടി കെ ഹംസയോട് തോറ്റത് തിരിച്ചടിയായി.  പിന്നീട് ഏറെക്കാലം നിലമ്പൂരിനെ പ്രതിനിധീകരിച്ചു.  1987മുതൽ 2011വരെ എല്ലാ തെരഞ്ഞെടുപ്പുകളിലും ജയിച്ചു. 1995, 2001ലും മന്ത്രിസഭയിൽ ഉള്‍പ്പെട്ടു.  തൊഴിൽ മന്ത്രിയായിരിക്കെ തൊഴിൽരഹിത വേതനവും കർഷക തൊഴിലാളി പെൻഷനും നടപ്പാക്കി. നിലവില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. 

ഭാര്യ പി വി മറിയുമ്മ. മക്കൾ: അൻസാർ ബീഗം, ഷൗക്കത്ത് (നിലമ്പൂർ സഹകരണ അർബൻ ബാങ്ക് ചെയർമാൻ, കെപിസിസി സംസ്കാര സാഹിതി അധ്യക്ഷൻ), കദീജ, ഡോ. റിയാസ് അലി(പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ് അസ്ഥി രോഗ വിദഗ്ദൻ). മരുമക്കൾ: ഡോ. ഹാഷിം ജാവേദ് (ശിശുരോഗ വിദഗ്ദൻ, മസ്കറ്റ്), മുംതാസ് ബീഗം, ഡോ. ഉമ്മർ (കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, ന്യൂറോളജിസ്റ്റ്), സിമി ജലാൽ. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്; എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലുമായി ഇടുക്കിയിൽ പത്ത്  വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജം
കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം