മന്ത്രിയുടെ മാടമ്പി സ്വഭാവമാണ് പുറത്തുവരുന്നതെന്ന് കെഎൻ ബാല​ഗോപാൽ; പ്രിയദർശിനി അവസാനിപ്പിക്കാനുള്ള ആസൂത്രണ നീക്കത്തിന്റെ ഭാഗമെന്ന് പി രാജീവ്

Published : Aug 04, 2026, 01:08 PM IST
p rajeev, cp john, kn balagopal

Synopsis

പ്രിയദർശിനി സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് മന്ത്രി സിപി ജോൺ നടത്തിയ പരാമർശങ്ങൾക്കെതിരെ മുൻ മന്ത്രിമാരായ കെഎൻ ബാലഗോപാലും പി രാജീവും രൂക്ഷവിമർശനം ഉന്നയിച്ചു. ഇത് സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അവർ ആരോപിച്ചു.

തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് മന്ത്രി സിപി ജോൺ നടത്തിയ പാരമർശങ്ങൾക്കെതിരെ വിമർശനവുമായി മുൻ മന്ത്രി കെഎൻ ബാലഗോപാൽ. വിളിച്ചുവരുത്തി ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും മാടമ്പി സ്വഭാവമാണ് പുറത്തുവരുന്നതെന്നും കെഎൻ ബാല​ഗോപാൽ പറഞ്ഞു. സർക്കാരിനെ നയിക്കുന്നത് ധിക്കാരമാണ്. മന്ത്രിമാർ അനുകരിക്കുന്നത് മുഖ്യമന്ത്രിയെ ആണെന്നും കെഎൻ ബാല​ഗോപാൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയിലും കെഎൻ ബാല​ഗോപാൽ പ്രതികരിച്ചു. മുഖ്യമന്ത്രി ആരെയാണ് കാണാൻ പോയതെന്ന് വ്യക്തമാക്കണം. പുറത്തുപറഞ്ഞാൽ അപകടം ഉണ്ടാകുന്ന നിക്ഷേപകനെയാണോ മുഖ്യമന്ത്രി കാണാൻ പോയത്. ഗൂഢാലോചന നടത്തിയാണോ നിക്ഷേപം കൊണ്ടുവരുന്നതെന്നും കെഎൻ ബാല​ഗോപാൽ ചോദിച്ചു.

ഉറങ്ങിക്കിടക്കുന്ന ആളെ വിളിച്ചുണർത്തി മുഖത്ത് കാർക്കിച്ചു തുപ്പുന്നതാണ് മന്ത്രി സിപി ജോൺ കാണിച്ചതെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ പി രാജീവ്. സ്ത്രീകളെ അധിക്ഷേപിക്കുകയാണ്. പ്രിയദർശിനി അവസാനിപ്പിക്കാനുള്ള ആസൂത്രണ നീക്കത്തിന്റെ ഭാഗമാണിത്. കേരള സ്ത്രീ സമൂഹത്തെ ഇതുപോലെ ആക്ഷേപിച്ച മറ്റൊരു സംഭവം ഉണ്ടായിട്ടില്ല. സ്വകാര്യ ആശുപത്രിയിൽ പൊക്കൂടെ എന്ന പരാമർശം ഒറ്റപ്പെട്ട അഭിപ്രായമല്ല. പൂർണമായും സ്വകാര്യ മേഖലയ്ക്ക് എല്ലാം വിട്ടുകൊടുക്കാനുള്ള ആസൂത്രണ നീക്കമാണെന്നും പി രാജീവ് പറഞ്ഞു.

അതേസമയം, പ്രിയദർശിനിയിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി ജോൺ വ്യക്തമാക്കി. സ്ത്രീകളുടെ ദാരിദ്ര്യത്തെ കുറിച്ചാണ് താൻ സംസാരിച്ചതെന്നും തന്റെ വാക്കുകൾ വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും സിപി ജോൺ പറഞ്ഞു. താൻ എന്താണ് പറഞ്ഞതെന്ന് ഒരു വിശദീകരണം തന്നോട് ചോദിക്കാമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. പരാമർശങ്ങൾ വിവാദമായതോടെയാണ് പ്രതികരണവുമായി മന്ത്രി രം​ഗത്തെത്തിയത്. യാത്ര ചെയ്യാൻ പോലും കഴിവില്ലാത്ത സാമ്പത്തികമില്ലാത്ത സ്ത്രീകൾ ഉണ്ട്. അത് മനസ്സിലാക്കാൻ താനടക്കമുള്ള രാഷ്ട്രീയ നേതൃത്വത്തിന് കഴിഞ്ഞില്ല എന്നതാണ് സങ്കടകരം. ഇതിനെക്കുറിച്ചാണ് താൻ പറഞ്ഞതെന്നും കേരളത്തിലുള്ളവർ ദാരിദ്ര്യം അനുഭവിക്കുന്നതായി അഭിനയിക്കുന്നു എന്നൊന്നും താൻ പറഞ്ഞിട്ടില്ലെന്നും സിപി ജോൺ പറഞ്ഞു.

സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്നാണ് മന്ത്രി സിപി ജോൺ പറഞ്ഞത്. പൈസ ഇല്ലാത്ത കെഎസ്ആർടിസി ബസിൽ സ്ത്രീകൾ തള്ളി കയറുകയാണെന്നും എന്നാൽ മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രസ്താവന. ഫീസില്ലാത്ത സ്വകാര്യ സ്കൂളിൽ പോലും മക്കളെ വിടില്ല. ബസ് വന്നാൽ പൈസ കുറഞ്ഞ ട്രാൻസ്പോർട്ടിൽ തള്ളിക്കയറും. അസുഖം വന്നാൽ സ്വകാര്യ ആശുപത്രിയിൽ പോകില്ല. പകരം സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടക്കുമെന്നും കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ക്യാമ്പിൽ വെള്ളമോ ആഹാരമോ ഇല്ല, സർക്കാരിനെതിരെ തുറന്നടിച്ച് കോൺഗ്രസ് നേതാവ്; 'കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ പോലും കുടിവെള്ളമില്ല'
മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ മരണം; ഭാര്യ ജസീലയുടെ ഹർജിയിൽ നോട്ടീസ് അയച്ച് ഹൈക്കോടതി