
മലപ്പുറം: മലപ്പുറത്തെ കുറിച്ച് അധിക്ഷേപ പരാമർശവുമായി മുൻ എംഎൽഎ പി നന്ദകുമാർ. മത മൗലിക വർഗീയ വാദികളുടെ കൂടാണ് മലപ്പുറമെന്നും മതനിരപേക്ഷ പാർട്ടിയാണ് കമ്യൂണിസ്റ്റ് പാർട്ടിയെന്നും പി നന്ദകുമാർ പറഞ്ഞു. പിണറായി വിജയൻ ഉൾപ്പെടെയുള്ള വേദിയിലാണ് നന്ദകുമാറിൻ്റെ പരാമർശം ഉണ്ടായത്. വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ സ്വാഗത സംഘം പ്രസംഗത്തിലാണ് നന്ദകുമാറിൻ്റെ പരാമർശം.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം മലപ്പുറത്ത് നേരിട്ടത് വലിയ തിരിച്ചടിയാണെന്നും സ്വാധീനമേഖലയായ പൊന്നാനി ഉൾപ്പെടെ കൈവിട്ടുപോയെന്നും യോഗത്തിൽ വിമർശനം ഉയർന്നു. പൊന്നാനിയിൽ പ്രദേശികമായ അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമാണ്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഉൾപ്പെടെ നേതൃത്വത്തിനെതിരെ വിമർശനമുണ്ട്. മന്ത്രിയായിരുന്ന അബ്ദുറഹ്മാൻ മണ്ഡലം മാറി മത്സരിച്ചതുൾപ്പെടെ താഴെത്തട്ടിലുള്ള പ്രവർത്തകർ വിമർശനമായി ഉന്നയിക്കുന്നുണ്ട്. അതേസമയം, മെസ്സിയുടെ പേരിലെ തട്ടിപ്പ് ഉൾപ്പെടെ വിപുലീകൃതകമ്മിറ്റിയിൽ ഉന്നയിക്കുമോ എന്നതാണ് അറിയേണ്ടത്.
ന്യൂനപക്ഷങ്ങളിലെ വിശ്വാസം നഷ്ടമായെന്ന് പാർട്ടി വിലയിരുത്തിയിട്ടുണ്ട്. വെള്ളാപ്പള്ളിയുടെ പ്രസ്താവന ആലപ്പുഴയിലെ വിപുലീകൃത ജില്ലാകമ്മിറ്റി ഉദ്ഘാടനത്തിൽ പിണറായി വിജയൻ തള്ളിപ്പറഞ്ഞിരുന്നു. പ്രസ്താവനയിലെ അന്നത്തെ നേതാക്കളുടെ നിലപാടുകൾ മലപ്പുറത്തും ചർച്ചയാകും. ന്യൂനപക്ഷങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനുള്ള മാർഗങ്ങൾ ജില്ലാ കമ്മിറ്റി ആലോചിക്കുമെന്നാണ് സൂചന. പാർട്ടി അംഗത്വമെടുത്ത മുൻ മന്ത്രി കെ ടി ജലീൽ ജില്ലാ കമ്മിറ്റിൽ വന്നേക്കും. മുൻമന്ത്രി വി അബ്ദുറഹ്മാനും ജില്ലാ കമ്മിറ്റിയിലേക്ക് വരുമെന്നാണ് സൂചന. പ്രതിപക്ഷനേതാവ് പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പാർട്ടിയെ എഴുതിത്തള്ളാനാകില്ലെന്ന് വ്യക്തമാക്കുന്നതാണ് ഉപതെരഞ്ഞെടുപ്പിലെ പ്രകടനമെന്ന് പിണറായി പറഞ്ഞു. നിയസമഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൻ്റെ യാഥാർത്ഥ വസ്തുത വിശദമായി പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam