
തിരുവനന്തപുരം : സ്വപ്നയുടെ ആരോപണങ്ങൾ നിഷേധിച്ച് മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ലെന്നും ഔദ്യോഗിക വസതിയിലേക്ക് സ്വപ്നയെ ഒറ്റക്ക് ക്ഷണിച്ചുവെന്ന ആരോപണം തെറ്റാണെന്നും ശ്രീരാമകൃഷ്ണൻ സമൂഹമാധ്യമത്തിൽ കൂറിച്ചു. സ്ത്രീകളോട് മോശമായി പെരുമാറിയിട്ടില്ല. ആർക്കും അനാവശ്യമായ മെസേജുകൾ അയച്ചിട്ടില്ല. അത്തരം പരാതികൾ ഇതുവരെയും ആരും ഉന്നയിച്ചിട്ടുമില്ല. അറിഞ്ഞോ അറിയാതെയോ സ്വപ്ന കരുവാകുകയാണ്. ആരോപണങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടുന്നതിനോടൊപ്പം നിയമപരമായ വശങ്ങളും പരിശോധിച്ചേ മുന്നോട്ട് പോകും. പാർട്ടിയുമായി ചർച്ച ചെയ്ത് സ്വപ്നക്കെതിരെ നിയമ നടപടി ആലോചിക്കുമെന്നും ശ്രീരാമകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.
'വീട്ടിൽ കയറ്റാൻ കൊള്ളാത്തവൻ, ഹോട്ടലിലേക്ക് ക്ഷണിച്ചു'; സിപിഎം നേതാക്കൾക്കെതിരെ ലൈംഗികാരോപണം
ഫേസ് ബുക്ക് കുറിപ്പിലെ പ്രസക്ത ഭാഗങ്ങൾ...
ഔദ്യോഗിക വസതി നിയമസഭാ കോംപ്ലക്സിൽ തന്നെയായതിനാൽ ഓഫീസിൽ നിന്ന് ഇറങ്ങി എന്നറിഞ്ഞാൽ വീട്ടിലേക്ക് സന്ദർശകർ വരുന്നത് പുതുമയുള്ള കാര്യമല്ലായിരുന്നു. കോൺസുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയിൽ ശ്രീമതി സ്വപ്നയും വന്നിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങൾക്ക് ക്ഷണിക്കാനും മറ്റും വരുന്ന സമയത്ത് ഭർത്താവും, മകനും ഒരുമിച്ചാണ് വന്നിട്ടുള്ളത്.
ഔദ്യോഗികവസതി എത്തുന്നതിനു മുൻപ് പൊലീസ് കാവൽ ഉള്ള 2 ഗേറ്റുകൾ കടക്കണം, ഔദ്യാഗിക വസതിയിൽ താമസക്കാരായ 2 ഗൺമാൻമാരും, 2 അസിസ്റ്റൻ്റ് മാനേജർമാരും, ഡ്രൈവർമാരും, PA യും, കുക്കുമാരുമെല്ലാം ഉണ്ട്. അതിനുപുറമേ പകൽസമയങ്ങളിൽ ദിവസവേതനക്കാരായ ക്ലീനിങ് സ്റ്റാഫുകൾ, ഗാർഡൻ തൊഴിലാളികളും എല്ലാമുള്ളപ്പോൾ . ഇവരുടെ എല്ലാം കണ്ണുവെട്ടിച്ച് ആരെങ്കിലും ഒറ്റക്ക് വസതിയിൽ വരണമെന്ന് ആവശ്യപ്പെടാനുള്ള മൗഢ്യം എനിക്കില്ല. മാത്രമല്ല ഒദ്യോഗിക വസതിയിൽ താമസിച്ചത് എൻ്റെ കുടുംബത്തോടൊപ്പമാണ്. ഭാര്യയും, മക്കളും, അമ്മയും ചേർന്ന് കുടുംബത്തോടൊപ്പം താമസിക്കുന്നിടത്ത് നിത്യേന മദ്യപാന സദസ്സ് ഉണ്ടായിരുന്നു എന്നാണ് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തതായി കണ്ടത്. അത്തരമൊരു തലത്തിലേക്ക് തരം താഴാൻ മാത്രം സംസ്ക്കാര ശൂന്യനല്ല ഞാൻ. മകൾ പള്ളിപ്പുറം ഏഷ്യൻ സ്കൂൾ ഓഫ് മാനേജ്മെൻ്റിലും, മകൻ സെൻ്റ് ജോസഫ് ഹൈസ്കൂളിലും ആണ് പഠിച്ചിരുന്നത്. ഭാര്യ വിദ്യാഭ്യാസ വകുപ്പിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തിരുന്നതിനാലും എല്ലാവരും തിരുവനന്തപുരത്തായിരന്നു. അമ്മ പൂർണമായും എൻ്റെ കൂടെ തന്നെയായിരുന്നു.
കോൺസുലേറ്റിൻ്റെ പല കാര്യങ്ങൾക്കുമായി എൻ്റെ ഓഫീസ് മുഖേന ശ്രീമതി സ്വപ്നയെ ബന്ധപ്പെട്ടിട്ടുണ്ട് . എന്നാൽ UAE കോൺസുലേറ്റിൽ ഞാൻ ഇതുവരെ സന്ദർശിച്ചിട്ടില്ല. ആ കെട്ടിടം കണ്ടിട്ടുമില്ല. ചില ഇഫ്താർ വിരുന്നുകളിൽ കണ്ടിട്ടുള്ളതല്ലാതെ അറ്റാഷെയുമായി എനിക്ക് സൗഹൃദമില്ല. അദ്ദേഹത്തിൻ്റെ ഫോൺ നമ്പർ പോലും കൈവശമില്ല. ഒരിക്കൽ പോലും അദ്ദേഹത്തെ ഫോൺ ചെയ്തിട്ടുമില്ല. ഒരു കോൺടാക്റ്റുമില്ലാത്ത ഒരാളുമായി ചേർന്ന് ഇടപാടുകൾ എന്നെല്ലാം പറയുമ്പോൾ അത് ക്രൂരമായ ആരോപണമാണ്. കാടടച്ച് വെടിവെക്കും പോലെ എന്തും വിളിച്ച് പറയുന്ന മാനസികാവസ്ഥയുള്ള ഒരാളുടെ പുറകിൽ രാഷ്ട്രീയ താത്പര്യം വെച്ച് പുറകെ കൂടുന്നവർ ഓർമ്മിക്കുക സത്യം എത്ര ആഴത്തിൽ കുഴിച്ചിട്ടാലും ഒരുന്നാൾ പുറത്ത് വരിക തന്നെ ചെയ്യും. നിരുത്തരവാദപരവും നികൃഷ്ടവുമായ രീതിയിൽ വാർത്തകൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ഓൺലൈൻ മാധ്യമ പ്രഭൃതികൾ അവർ ഇതുവരെ പ്രചരിപ്പിച്ച വൈദേശിക ബന്ധങ്ങളെയും സാമ്പത്തിക ഇടപാടുകളെ കുറിച്ചടക്കമുള്ള വാർത്തകളിൽ സത്യത്തിൻ്റെ ഒരു കണിക പോലും ഉണ്ടെങ്കിൽ പുറത്തു കൊണ്ടു വരട്ടെ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam